ബ്രൂക്ലൈന്‍: ആണവ ശാസ്ത്രത്തിലും ഫ്യൂഷന്‍ ഗവേഷണത്തിലും ലോകത്തെ മികച്ച ഗവേഷകരില്‍ ഒരാളായ പ്രൊഫസര്‍ ലൂറെയ്റോ മസാച്യുസെറ്റ്‌സിലെ ബ്രൂക്ലൈനിലുള്ള വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഇറാനോ? 47 വയസ്സുകാരനായ പ്രൊഫസര്‍ ലൂറെയ്റോയെ തിങ്കളാഴ്ച രാത്രി 8:30 ഓടെ മസാച്യുസെറ്റ്‌സിലെ ബ്രൂക്ലൈനിലുള്ള വസതിയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അദ്ദേഹം അന്തരിച്ചു. നോര്‍ഫോക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസും ബ്രൂക്ലൈന്‍ പോലീസും അന്വേഷണം തുടരുകയാണ്. നിലവില്‍ യുഎസ് നിയമപാലകര്‍ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈ കൊലപാതകത്തിന് പിന്നില്‍ ഇറാന്‍ ഏജന്റാണെന്ന വാദം പ്രധാനമായും ഇസ്രായേല്‍ മാധ്യമങ്ങളില്‍ നിന്നാണ് വരുന്നത്. ജെറുസലേം പോസ്റ്റ് (Jerusalem Post) പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പ്രൊഫസര്‍ ലൂറെയ്റോയെ ഇറാന്‍ ഏജന്റുമാര്‍ ലക്ഷ്യമിട്ടതാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ആണവ ശാസ്ത്രത്തിലും ഫ്യൂഷന്‍ ഗവേഷണത്തിലും (nuclear fusion research) ലോകത്തെ മികച്ച ഗവേഷകരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം മുമ്പ് ഇസ്രായേലിനെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ളതും ഇറാന്റെ ആണവ പദ്ധതിയോടുള്ള എതിര്‍പ്പും ഈ വാദത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ഈ വാദങ്ങള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സികളോ നിയമപാലകരോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതികളെ ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ പിരിമുറുക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. എം.ഐ.ടി (MIT) പ്രൊഫസറായ ലൂറെയ്റോയുടെ മരണം ശാസ്ത്രലോകത്തിന് കനത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

എം.ഐ.ടി പ്ലാസ്മ സയന്‍സ് ആന്‍ഡ് ഫ്യൂഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു പ്രൊഫസര്‍ ലൂറെയ്റോ. 250-ലധികം ഗവേഷകര്‍ ജോലി ചെയ്യുന്ന പ്രശസ്തമായ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ചുമതലയേറ്റത്. ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ നേടിയ അദ്ദേഹം ആണവ ശാസ്ത്ര രംഗത്തെ മികച്ച പ്രതിഭയായിരുന്നു.

ലൂറെയ്റോയുടെ അയല്‍വാസിയും സുഹൃത്തുമായ ലൂയിസ് കോഹന്‍ ആണ് അദ്ദേഹത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. ഹനൂക്ക (Hanukkah) ആഘോഷത്തിന്റെ ഭാഗമായി മെനോറ വിളക്കുകള്‍ തെളിച്ചു കൊണ്ടിരുന്നപ്പോഴാണ് വെടിയൊച്ച കേട്ടതെന്ന് അവര്‍ പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ അദ്ദേഹം വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ്, ലൂറെയ്റോയുടെ വീട്ടില്‍ നിന്ന് ഏകദേശം 50 മൈല്‍ അകലെയുള്ള റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന് എഫ്.ബി.ഐ (FBI) അറിയിച്ചിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

വെടിയേറ്റ ഉടന്‍ ലൂറെയ്റോയുടെ ഭാര്യയും മറ്റൊരു അയല്‍വാസിയും സ്ഥലത്തെത്തുകയും ഉടന്‍ തന്നെ 911-ല്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് മരണം സംഭവിക്കുകയായിരുന്നു. 'അങ്ങേയറ്റം പ്രശംസിക്കപ്പെട്ട ഒരു സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും ഫ്യൂഷന്‍ ശാസ്ത്രജ്ഞനും' എന്നാണ് എം.ഐ.ടി അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചൊവ്വാഴ്ച വൈകുന്നേരം പ്രദേശവാസികള്‍ മെഴുകുതിരികള്‍ തെളിയിച്ചു. നിരവധി വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ഈ ചടങ്ങില്‍ പങ്കെടുത്തു.

പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടോ സുപ്പീരിയര്‍ ടെക്‌നിക്കോയില്‍ (Instituto Superior Técnico) നിന്നാണ് അദ്ദേഹം ഫിസിക്‌സില്‍ ബിരുദം നേടിയത്. 2005-ല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി. അതേ വര്‍ഷം തന്നെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണം ആരംഭിച്ചു. 2007-നും 2009-നും ഇടയില്‍ യുകെ അറ്റോമിക് എനര്‍ജി അതോറിറ്റിയുടെ കല്‍ഹാം സെന്റര്‍ ഫോര്‍ ഫ്യൂഷന്‍ എനര്‍ജിയില്‍ (Culham Centre for Fusion Energy) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.