- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് ഇന്റര്‍വ്യൂ നല്കി; കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു; അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങളുമായി നടന്‍ ദിലീപ്. ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് ഇന്റര്‍വ്യൂ നല്‍കിയെന്നും ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് പറഞ്ഞു. കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി. കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാന്‍ മാറ്റിവെച്ചു.
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ സംപ്രേഷണ ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണിക്കുന്നുണ്ട്. വിചാരണ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം മാധ്യമങ്ങള്‍ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം. ഹര്‍ജികളില്‍ വാദം കേട്ട ശേഷം കോടതി അലക്ഷ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി ഹര്‍ജികള്‍ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഹൈക്കോടതിയ്ക്ക് കൈമാറിയേക്കും എന്നാണ് വിവരം.
കോടതി വിധി വന്നതിന് പിന്നാലെ 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. നല്ല സൗഹൃദമായിരുന്നു. അന്വേഷണത്തിന്റെ ആദ്യ നാല് മാസം അവര്‍ തന്റെ പേര് പോലും പറഞ്ഞിരുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവര്‍ തനിക്കെതിരെ മൊഴി നല്‍കിയതെന്നും ദിലീപ് പറയുന്നു.
തന്നെ 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നൊക്കെ പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പച്ചക്കള്ളമാണ്. ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തത്. ബാക്കി സമയം ഉദ്യോഗസ്ഥര്‍ തന്നോട് കുശലാന്വേഷണം നടത്തി ഇരിക്കുകയായിരുന്നു. പുറത്ത് തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ പോലീസ് ബോധപൂര്‍വ്വം കള്ളക്കഥകള്‍ മെനഞ്ഞു. തന്നെയും കുടുംബത്തെയും സമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. കുടുംബപ്രേക്ഷകരെ തന്നില്‍ നിന്ന് അകറ്റാനും, തനിക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവരെയും വക്കീലന്മാരെയും വരെ കേസില്‍ കുടുക്കാനും ശ്രമം നടന്നു. ഉദ്യോഗസ്ഥര്‍ക്ക് പ്രശസ്തി നേടാന്‍ തന്റെ ജീവിതമാണ് ബലി നല്‍കിയതെന്നും ദീലീപ് ആരോപിച്ചിരുന്നു.
അതേ സമയം ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനം. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുള്‍പ്പെടെയുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതില്‍ ബോധ്യപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോള്‍ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു.
പിന്നീട് പാസ്‌പോര്‍ട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കരുതെന്നുമാണ്. എന്നാല്‍ വിഷയം ഇന്ന് വീണ്ടു പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തന്‍ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചെന്നും അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ്.
കേസില്‍ വിധി വന്നതിന് പിന്നാലെ സമൂഹികമാധ്യമങ്ങളിലെ സൈബറാക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ അതിജീവിത. കോടതി ശിക്ഷിച്ച മാര്‍ട്ടിന്‍ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതില്‍ അടക്കമാണ് പരാതി. ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിചാരണ കോടതി വിധിയക്ക് പിറകെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് അനുകൂലികള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു.
കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ അടക്കം ചൂണ്ടികാട്ടിയായിരുന്നു പരാതി. വീഡിയോയില്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാര്‍ട്ടിന്‍ ആരോപിക്കുന്നു. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും.
കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെയും കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനേയും ഉള്‍പ്പെടെ ചിലര്‍ മനപൂര്‍വം കുടുക്കിയെന്ന് ആരോപിച്ച് കൊണ്ടായിരുന്നു വിഡിയോ. കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. അതിജീവിതയുടെ പേര് ഇയാള്‍ വിഡിയോയില്‍ പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.




