ലണ്ടന്‍: സാമ്രാജ്യത്വകാലത്തെ തെറ്റുതിരുത്തലുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രിട്ടീഷ് മ്യൂസിയം അനേകം പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് താത്ക്കാലികമായി തിരിച്ചു നല്‍കിയിരിക്കുന്നു. പുരാതന ഗ്രീസില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ളവ ഉള്‍പ്പടെ എണ്‍പതോളം പുരാവസ്തുക്കളാണ് മുംബയിലെ ചത്രപതി ശിവജി മഹാരാജ് വസ്തു സംഗ്രഹാലയത്തിന് കൈമാറിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വസ്തുക്കളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും ബ്രിട്ടീഷ് മ്യൂസിയം തിരികെ നല്‍കിയവയില്‍ മറ്റ് നാഗരികതകളില്‍ നിന്നുള്ള പുരാവസ്തുക്കളും ഉള്‍പ്പെടുന്നു. അതിലൊന്നാണ് ഏകദേശം 4000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, മരത്തില്‍ നിര്‍മ്മിച്ച ഒരു ഈജിപ്ഷ്യന്‍ തോണിയുടെ മാതൃക.

അതുകൂടാതെ ക്രിസ്തുവിന് മുന്‍പ് 2200 ആം ആണ്ടിലെ സുമേറിയന്‍ പ്രതിമകളും, ക്രി. മു. 2500 ലെ ഇറാഖില്‍ നിന്നുള്ള കല്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. പശ്ചിമാര്‍ദ്ധ ഗോളത്തിന് പുറത്ത് മറ്റൊരു മ്യൂസിയത്തിലേക്ക് ഇത്രയധികം സാധനങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയം നല്‍കുന്നത് ഇതാദ്യമായാണ്. മനുഷ്യ സംസ്‌കാര നിര്‍മ്മിതിയില്‍ ഭാരതം വഹിച്ച അമൂല്യമായ പങ്കിനെ എടുത്തു കാട്ടുന്നതിനായി ഇവയെല്ലാം മുംബൈ മ്യൂസിയത്തിലെ ഒരു പുതിയ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കും. ഇത്തരത്തിലുള്ള സാംസ്‌കാരിക നയതന്ത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ബ്രിട്ടീഷ് മ്യൂസിയം ഡയറക്റ്റര്‍ ഡോ. നിക്കോളാസ് കള്ളിനാന്‍ പറഞ്ഞു.

എത്യോപ്യന്‍ പള്ളികളില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം പ്രതീകവത്ക്കരിക്കുന്ന സേക്രഡ് ടാബ്ലെറ്റ്, എല്‍ജിന്‍ മാര്‍ബിള്‍, ബെനിന്‍ ബ്രോണ്‍സ് എന്നിവ തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഇത്തരത്തിലുള്ള ഒരു നടപടി ഉണ്ടായിരിക്കുന്നത്. 2020 ലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കലാപത്തിന് ശേഷം ലണ്ടനിലെ ഹോര്‍നിമാന്‍ ഉള്‍പ്പടെയുള്ള ചില മ്യൂസിയങ്ങള്‍ ബെനിന്‍ ബ്രോണ്‍സുകള്‍ എന്നറിയപെടുന്ന, പുരാതന ബെനിന്‍ സാമ്രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന ലോഹ പ്രതിമകളും മറ്റും തിരികെ നല്‍കാന്‍ സമ്മതിച്ചിരുന്നു. കോളനി ഭരണകാലത്ത് ഇന്നത്തെ നൈജീരിയയില്‍ നിന്നും 1897 കാലത്ത് ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചവയാണ് ഇവ.

എന്നാല്‍, ഒരു ഡീകോളനൈസേഷന്‍ (കോളനിവത്കരണത്തിന്റെ വിപരീതം) ബ്രിട്ടീഷ് മ്യൂസിയത്തിന്റെ അജണ്ടയില്‍ ഇല്ലെന്നാണ് ചില സ്രോതസ്സുകള്‍ പറയുന്നത്. മാത്രമല്ല, 1963 ലെ ബ്രിട്ടീഷ് മ്യൂസിയം ആക്റ്റ് അനുസരിച്ച് ഇത്തരത്തിലുള്ള അമൂല്യ നിധികള്‍ കൈമാറ്റം ചെയ്യാനും കഴിയില്ല. അതുകൊണ്ടു തന്നെ, മൂന്ന് വര്‍ഷം വരെ സൂക്ഷിക്കാം എന്ന വ്യവസ്ഥയില്‍ ഇവ കൈമാറ്റം ചെയ്ത തര്‍ക്കം അവസാനിപ്പിക്കാനാണ് കള്ളിനാന്റെ നേതൃത്വത്തില്‍ മ്യൂസിയം ആഗ്രഹിക്കുന്നത്. തങ്ങളുടെ പൈതൃക സ്വത്തുക്കള്‍ തിരികെ വേണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി അടുത്തിടെ മ്യൂസിയം ഡയറക്റ്റര്‍ ചൈനയും നൈജീരിയയും സന്ദര്‍ശിച്ചിരുന്നു. അതുകൂടാതെ അടുത്തു തന്നെ അദ്ദേഹം ഘാനയും സന്ദര്‍ശിക്കുന്നുണ്ട്. മറ്റൊരു രാജ്യവുമായി ചേര്‍ന്ന് നല്ലൊരു പ്രവൃത്തി ചെയ്യുന്നതില്‍ സ്വന്തം രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതില്ല എന്നാണ് കള്ളിനാന്‍ പറയുന്നത്. അതേസമയം, വിശ്വപ്രശസ്തമായ കോഹിനൂര്‍ രത്‌നം മുതല്‍, ടിപ്പുസുല്‍ത്താന്റെ ഔദ്യോഗിക മുദ്ര വരെ തിരികെ നല്‍കണം എന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.