- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യന്‍'; ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിത
കൊച്ചി: സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പ്രതികരണവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. 'നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ', എന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നത്. തനിക്കെതിരെ അക്രമം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്ന് വൈകാരികമായി പ്രതികരിച്ചാണ് അതിജീവിത രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തിലും കേസുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള അനുഭവങ്ങളിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അതിജീവിത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതില്‍ കേസില്‍ ഇരുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി മാര്‍ട്ടിനെതിരേ പോലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനുമെതിരേയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കേസെടുത്തത്. കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. പിന്നാലെ, കേസിന്റെ വിചാരണസമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്.
സാമൂഹികമാധ്യമ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്.
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.
ഇരയല്ല, അതിജീവിതയുമല്ല. ഒരു സാധാരണ മനുഷ്യന്‍.
ജീവിക്കാന്‍ അനുവദിക്കൂ.
കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പൊലീസില്‍ ഹാജരാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാര്‍ട്ടിന്‍ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. കേസില്‍ മാര്‍ട്ടിന്‍ അടക്കമുള്ള ആറ് പ്രതികളെ 20 വര്‍ഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു.




