- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുചെവിയില്‍ 'കമ്മല്‍'; മോദി ഫ്രീക്കനായോ? ഒമാന്‍ സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തോന്നിയ സംശയം; പിന്നാലെ സജീവ ചര്‍ച്ച; അത് ഭാഷ വിവര്‍ത്തനത്തിന് സഹായിക്കുന്ന ചെറിയ ഉപകരണം; ഒടുവില്‍ സത്യം കണ്ടെത്തി സോഷ്യല്‍ മീഡിയ
മസ്‌കത്ത്: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാതിലെ 'കമ്മല്‍' സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു. ഒമാനില്‍ വിമാനം ഇറങ്ങുമ്പോഴാണ് മോദിയുടെ കാതില്‍ കമ്മല്‍ പോലുള്ള വസ്തു കണ്ടത്. തുടര്‍ന്ന് ഇത് എന്തെന്നുള്ള തിരച്ചില്‍ സമൂഹമാധ്യമങ്ങളിലടക്കം ആരംഭിച്ചു. ഒമാന്‍ ഉപപ്രധാനമന്ത്രിയാണ് വിമാനത്താവളത്തില്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയത്. ഈ സമയമാണ് മോദിയുടെ ഇടതു ചെവിയില്‍ ചെറിയ കമ്മല്‍ പോലുള്ള വസ്തു കാണാനായത്.
കഴിഞ്ഞദിവസം ഒമാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോഴുള്ള മോദിയുടെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായത്. ഒമാനിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദാണ് മോദിയെ സ്വീകരിക്കാന്‍ എത്തിയത്. ഗാര്‍ഡ് ഒഫ് ഓണറും പരമ്പരാഗത നൃത്തവുമായി വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. ഈ സമയത്താണ് മോദിയുടെ ഇടതുചെവിയിലെ 'കമ്മല്‍' വ്യക്തമായത്.
ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു. മോദിയുടെ പുതിയ ഫ്രീക്ക് സ്‌റ്റൈല്‍ എന്നരീതിയിലായിരുന്നു കൂടുതല്‍ പ്രചാരണം. ഔദ്യോഗിക പരിപാടികളില്‍ വേഷവിധാനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും മോദി തയ്യാറല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, പാശ്ചാത്യ രീതികളോട് അത്രയ്ക്കങ്ങ് ഇഷ്ടമില്ലാത്ത അദ്ദേഹം ഇത്തരം ഫ്രീക്ക് സ്‌റ്റൈല്‍ സ്വീകരിക്കുമോ എന്നകാര്യത്തില്‍ പലരും നെറ്റിചുളിച്ചു. എങ്കിലും പ്രധാനമന്ത്രി ഫ്രീക്കന്‍ സ്‌റ്റൈല്‍ പിന്തുടര്‍ന്നു എന്നുതന്നെ ഭൂരിപക്ഷവും കരുതി. പിന്നീടാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലായത്.
മോദിയുടെ ഒറ്റക്കാതിലെ കമ്മല്‍ എന്ന് തെറ്റിദ്ധരിച്ചത് സ്ഥാനം തെറ്റിയ തത്സമയ വിവര്‍ത്തന ഉപകരണമായിരുന്നു. മറ്റുരാജ്യങ്ങളില്‍ പോകുന്ന രാഷ്ട്രത്തലവന്മാരില്‍ ഒട്ടുമിക്കവരും ആശയവിനിമയം സുഗമമാക്കുന്നതിന് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും ഉന്നത നയതന്ത്രതലത്തിലെ ഇടപെടലുകള്‍ ആവശ്യമുള്ളപ്പോള്‍.
സ്‌റ്റൈലില്‍ അതീവ ശ്രദ്ധയുള്ള മോദി അത്തരം ഉപകരണങ്ങള്‍ പുറത്തുകാണാത്ത രീതിയിലാണ് ധരിക്കുന്നത്.എന്നാല്‍ ഒമാന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ഇടതുചെവിയിലെ ഉപകരണം സ്ഥാനംതെറ്റി അല്പം താഴേക്ക് തള്ളിനില്‍ക്കുകയായിരുന്നു. ഇതുകണ്ടാണ് കമ്മലാണെന്ന് തെറ്റിദ്ധരിച്ചത്. സയ്യിദ് ഷിഹാബ് ബിന്‍ താരിഖുമായുളള കൂടിക്കാഴ്ചയിലുടനീളം മോദി ഈ ഉപകരണം ധരിച്ചിരുന്നു. ഒമാന്റെ ഔദ്യോഗിക ഭാഷ അറബിയാണ്. അവിടത്തെ ഭരണാധികാരികളില്‍ പലര്‍ക്കും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അത്രത്തോളം വഴങ്ങാറില്ല. അതിനാല്‍ അവര്‍ തങ്ങളുടെ സ്വന്തം ഭാഷയാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. അക്കാരണം കൊണ്ടാണ് മോദി വിവര്‍ത്തന ഉപകരണം ധരിച്ചത്.
നയതന്ത്ര ചര്‍ച്ചകളിലടക്കം രാജ്യതലവന്‍മാര്‍ ഇത്തരം ഉപകരണങ്ങള്‍ ആശയവിനിമയം സുഗമമാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അറബി ഭാഷ ഉപയോഗിക്കുന്ന ഒമാനില്‍ തന്നെ സ്വീകരിക്കാനെത്തിയ ഉപപ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനാണ് മോദി ഉപകരണം കാതിലണിഞ്ഞത്. മോദിയുടെ സന്ദര്‍ശന വേളയില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പിട്ടിരുന്നു. സന്ദര്‍ശനത്തിനിടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഒമാന്‍ നല്‍കിയാണ് മോദിയെ ഒമാന്‍ ആദരിച്ചത്.




