ന്യൂഡല്‍ഹി: ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തു നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് ബംഗ്ലാദേശ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യ. ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുനടന്ന യുവാക്കളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ചില ബംഗ്ലാദേശ് മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട്. ഡിസംബര്‍ 20ന് ഏകദേശം 2025 യുവാക്കള്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ മുന്നില്‍ ഒത്തുകൂടി. ഇവര്‍ പ്രതിഷേധിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമ്മീഷന്റെ സുരക്ഷാ വേലി ലംഘിക്കാന്‍ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം കുറച്ച് മിനിറ്റുകള്‍ക്കകം പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഇതിന്റെ തെളിവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശില്‍ ദീപു ചന്ദ്രദാസ് എന്ന 25-കാരനെ ജനക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് യുവാക്കള്‍ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തിയിട്ടില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

ഷരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെയാണ് മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് എന്ന 25-കാരനെ ജനക്കൂട്ടം കഴിഞ്ഞ ദിവസം തല്ലിക്കൊന്നത്. ഇയാളെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് തീകൊളുത്തുകയായിരുന്നു. ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടുമായിരുന്നു ശനിയാഴ്ച യുവാക്കളുടെ ഒരു ചെറിയ സംഘം ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധിച്ചത്.

മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിലെ അറിയിച്ചു. ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അവിടത്തെ അധികാരികളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ചാണ് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മൈമെന്‍സിംഗിലെ വസ്ത്ര ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസിനെയാണ് വ്യാഴാഴ്ച രാത്രി ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ശരീരം മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തി. അതേസമയം, ഒസ്മാന്‍ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിന് നീതി ആവശ്യപ്പെട്ട് അക്രമാസക്തരായ പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകത്തെ അപലപിക്കുകയും നടപടിക്ക് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സര്‍ക്കാരില്‍ നിന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പിതാവ് രവിലാല്‍ ദാസ് പറഞ്ഞു. തന്റെ മകന്റെ കൊലപാതക വാര്‍ത്ത ആദ്യം അറിഞ്ഞത് ഫേസ്ബുക്കില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.