ന്യൂയോർക്ക്: എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിനിടെയുണ്ടായ സ്ഫോടനം മൂന്ന് യാത്രവിമാനങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കിയതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ വെളിപ്പെടുത്തൽ. ഈ വർഷം ജനുവരിയിൽ നടന്ന സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണത്തിനിടയിലുണ്ടായ പരാജയത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന്റെ മനുഷ്യനില്ലാത്ത ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.

ജനുവരി 16-ന് ടെക്സാസിൽ നിന്ന് വിക്ഷേപിച്ച ഏഴാമത്തെ സ്റ്റാർഷിപ്പ് ടെസ്റ്റ് ഫ്ലൈറ്റാണ് വിക്ഷേപിച്ച് പത്ത് മിനിറ്റിനുള്ളിൽ കരീബിയൻ കടലിന് മുകളിൽ വെച്ച് പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തെത്തുടർന്ന് കത്തുന്ന അവശിഷ്ടങ്ങൾ ഏകദേശം ഒരു മണിക്കൂറോളം ആകാശത്ത് ചിതറിക്കിടന്നു. ഈ സമയത്ത് ആകാശത്തുണ്ടായിരുന്ന മൂന്ന് യാത്രവിമാനങ്ങളിലായി 450-ഓളം യാത്രക്കാരാണ് അപകടഭീഷണി നേരിട്ടത്.

ജെറ്റ് ബ്ലൂ (JetBlue): പ്യൂർട്ടോ റിക്കോയിലെ സാൻ ജുമാനിലേക്ക് പോയിക്കൊണ്ടിരുന്ന ജെറ്റ് ബ്ലൂ വിമാനത്തിലെ പൈലറ്റുമാർക്ക്, റോക്കറ്റ് അവശിഷ്ടങ്ങൾ വീഴുന്ന മേഖലയിലൂടെയുള്ള യാത്ര "സ്വന്തം ഉത്തരവാദിത്തത്തിൽ" (at your own risk) മാത്രമേ തുടരാനാകൂ എന്ന് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകി.

ഇബീരിയ എയർലൈൻസ് (Iberia Airlines): ഇബീരിയ എയർലൈൻസിന്റെ വിമാനവും ഒരു സ്വകാര്യ ജെറ്റ് വിമാനവും സമാനമായ പ്രതിസന്ധി നേരിട്ടു. ഇന്ധനം തീർന്നുപോകുമെന്ന പേടിയിൽ ഈ വിമാനങ്ങൾ ഒടുവിൽ 'ഫ്യുവൽ എമർജൻസി' പ്രഖ്യാപിക്കുകയും താൽക്കാലികമായി നിരോധിച്ച വ്യോമമേഖലയിലൂടെ പറന്ന് ലാൻഡ് ചെയ്യുകയുമായിരുന്നു.

സ്ഫോടനം നടന്ന ഉടൻ തന്നെ സ്പേസ് എക്സ് അധികൃതർ എഫ്.എ.എ-യെ വിവരം അറിയിച്ചില്ല എന്നതാണ് ഗുരുതരമായ മറ്റൊരു കണ്ടെത്തൽ. ആകാശത്ത് കത്തുന്ന അവശിഷ്ടങ്ങൾ കണ്ട പൈലറ്റുമാരിൽ നിന്നാണ് മിയാമിയിലെ കൺട്രോളർമാർ വിവരം അറിയുന്നത്. സ്ഫോടനത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ വിമാനത്തിൽ ഇടിച്ചിരുന്നെങ്കിൽ അത് വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്നുവെന്ന് എഫ്.എ.എ രേഖകൾ വ്യക്തമാക്കുന്നു.

അന്ന് ഈ സംഭവത്തെ ഒരു ചെറിയ തകരാറായി (just a scratch) എലോൺ മസ്ക് വിശേഷിപ്പിച്ചുവെങ്കിലും, ആകാശ സുരക്ഷയെ ഇത് ഗുരുതരമായി ബാധിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ തെളിയിക്കുന്നത്. റോക്കറ്റ് വിക്ഷേപണങ്ങൾ വർദ്ധിച്ചുവരുന്നത് സാധാരണ വിമാനയാത്രക്കാരുടെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വിദഗ്ധർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

മിയാമിയിലെ കൺട്രോളർമാർക്ക് റോക്കറ്റ് അവശിഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് വിമാനങ്ങളിലെ പൈലറ്റുമാരിൽ നിന്നായിരുന്നുവെന്നും രേഖകൾ പറയുന്നു. വിക്ഷേപണത്തിന് ശേഷം സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക് എക്സിൽ "വിജയം ഉറപ്പില്ല, എന്നാൽ വിനോദം ഉറപ്പാണ്" എന്ന് കുറിച്ചിരുന്നു. ചൊവ്വയിൽ മനുഷ്യവാസം യാഥാർത്ഥ്യമാക്കാനുള്ള മസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പരീക്ഷണ വിക്ഷേപണം. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി' ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ വിക്ഷേപണം.