'കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും

പിന്നെയോരോ തളിരിനും പൂ വരും കായ്വരും

അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം'

ഒരോ തലമുറയും പുത്തന്‍ തലമുറയ്ക്കായി വഴിയൊഴിഞ്ഞ് പോകുമ്പോള്‍, നാളെയെത്തുന്നത് എന്തൊക്കെയാണെന്നും ആരൊക്കെയാണെന്നും അറിയാന്‍ പറ്റില്ല. മലയാളത്തിന്റെ പ്രിയ കവി എന്‍ എന്‍ കക്കാടിന്റെ 'സഫലമീയാത്ര' എന്ന കവിതയിലെ വരികള്‍ ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്, കേരളത്തിലല്ല, അങ്ങ് ഡെന്മാര്‍ക്കില്‍. നാലു നൂറ്റാണ്ടിലധികം ഡെന്മാര്‍ക്ക് ജനതയുടെ വികാരങ്ങളും വിചാരങ്ങളും വേണ്ടപ്പെട്ടവരിലേക്ക് എത്തിച്ചിരുന്ന ഡാനിഷ് പോസ്റ്റല്‍ സര്‍വ്വീസ് അതിന്റെ അവസാന കത്ത് വിതരണത്തിലേക്ക് കടക്കുകയാണ്.

നാല് നൂറ്റാണ്ടിലധികം നീണ്ട ഒരു പാരമ്പര്യം അവസാനിപ്പിച്ചു കൊണ്ട് ഡിസംബര്‍ 30 ന് അവസാനത്തെ കത്ത് വിതരണം നടത്തുന്നതോടെ ഡാനിഷ് പോസ്റ്റല്‍ സര്‍വീസ് ഒരു ഓര്‍മ്മയായി മാറും. ഇതുപോലൊരു സേവനം ഈ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് പോലും ഒരുപക്ഷെ വരും തലമുറ വിശ്വസിക്കാന്‍ മടിച്ചേക്കും. ഡാനിഷ് സമൂഹത്തില്‍ ഡിജിറ്റലൈസേഷന്‍ വ്യാപകമായതോടെ തപാല്‍ സേവനത്തിന് ആവശ്യക്കാരില്ലാതെയാവുന്നു എന്നതാണ് കാരണം.

അടുത്ത വര്‍ഷം പിറക്കുന്നതോടെ ഡാനിഷ് തെരുവുകളിലെ 1500 ല്‍ അധികം വരുന്ന ചുവപ്പ് നിറമുള്ള തപാല്‍ പെട്ടികള്‍ അപ്രത്യക്ഷമാകും. മാത്രമല്ല, 1500 ല്‍ അധികം പേര്‍ക്ക് ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവുമധികം ഡിജിറ്റലൈസ്ഡ് ആയ രാജ്യമാണ് ഡെന്മാര്‍ക്ക്. ഇവിടെ കടലാസ് ഉപയോഗം വളരെയധികം കുറഞ്ഞിരിക്കുകയാണ്. കത്തുകളോ, കടലാസു രേഖകളോ ഒക്കെ അയയ്ക്കുന്നത് തന്നെ ഇല്ലാതെയായിരിക്കുന്നു.

സ്വീഡനിലേയും ഡെന്മാര്‍ക്കിലെയും തപാല്‍ സര്‍വ്വീസുകള്‍ യോജിച്ച് 2009 ല്‍ രൂപം കൊടുത്ത പോസ്റ്റ് നോര്‍ഡ് എന്ന കമ്പനിയായിരുന്നു സ്വീഡനിലും ഡെന്മാര്‍ക്കിലും തപാല്‍ വിതരണം നടത്തിയിരുന്നത്. ഡെന്മാര്‍ക്കിന്റെ ഉപയോഗിക്കാത്ത തപാല്‍ സ്റ്റാമ്പുകള്‍ സര്‍ക്കാരിന് കൈമാറും. സ്വീഡനിലെ തപാല്‍ വിതരണം തുടര്‍ന്നും പോസ്റ്റ് നോര്‍ഡ് തന്നെയായിരിക്കും നടത്തുക.

ആയിരം കുട്ടികള്‍ക്ക് ക്രിസ്ത്മസ് സമ്മാനവുമായി ടെയ്ക്ക് എവേ ഉടമ

ക്രിസ്ത്മസ് ദിനത്തില്‍ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ പോലുമാകാത്ത ആയിരം കുട്ടികള്‍ക്ക് ക്രിസ്ത്മസ് സമ്മാനമൊരുക്കി കൈയടി നേടുകയാണ് സിസ്ലേഴ്സ് ഫാസ്റ്റ്ഫുഡ് ഉടമ അര്‍ഫാന്‍ മുഹമ്മദ്. തനിക്ക് ലഭിച്ച ഓരോ ഓര്‍ഡറില്‍ നിന്നും ഓരോ പൗണ്ട് വീതം മാറ്റിവെച്ചാണ് ഇര്‍ഫാന്‍ ഈ പുണ്യ പ്രവൃത്തി ചെയ്യുന്നത്. ജീവിതത്തിലെ ഏതൊരു വെല്ലുവിളിയും ശാന്തമായി നേരിടാന്‍ ഏറ്റവും മികച്ച ആയുധം കുട്ടികളുടെ നിഷ്‌കളങ്കമായ ചിരി കാണുക എന്നതാണെന്ന് ഇര്‍ഫാന്‍ പറയുന്നു.

തന്റെ പരിസരത്തുള്ള സ്‌കൂളുകളില്‍ നിന്നാണ് ഇതിന് അര്‍ഹരായ കുട്ടികളെ ഇര്‍ഫാന്‍ കണ്ടെത്തിയത്. സാമ്പത്തികമായി എറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായിരിക്കും ഇര്‍ഫാന്റെ സമ്മാനം ലഭിക്കുക. അതുകൂടാതെ വൃദ്ധര്‍ക്കും അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും ഭക്ഷണ പായ്ക്കറ്റുകളും ഇര്‍ഫാന്‍ നല്‍കുന്നുണ്ട്. നേരത്തേ സൗത്ത്‌പോര്‍ട്ട് കത്തിക്കുത്തിന് ഇരയായ കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഫുട്‌ബോള്‍ മത്സരവും ഇര്‍ഫാന്‍ സംഘടിപ്പിച്ചിരുന്നു.