- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിര്‍ത്തിയില്‍ ഒമ്പത് ജെയ്ഷെ മുഹമ്മദ് ലോഞ്ച് പാഡുകള്‍ വീണ്ടും സജീവം; എന്‍ഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് റൈഫിള്‍ ടെലസ്‌കോപ്പ്; ജമ്മുവില്‍ വന്‍ സുരക്ഷാ ജാഗ്രത; നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ട് തിരച്ചില്‍ ശക്തം
ശ്രീനഗര്‍: ജമ്മുവില്‍ സുരക്ഷ ശക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്തിന് തൊട്ടടുത്ത് ചൈനീസ് നിര്‍മിത റൈഫിള്‍ ടെലസ്‌കോപ്പ് കണ്ടെത്തിയത് വലിയ സുരക്ഷാ ഭീതിക്ക് വഴിയൊരുക്കുകയാണ്. സ്‌നൈപ്പര്‍ റൈഫിളുകളിലും അസ്സോള്‍ട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന അത്യാധുനിക ടെലസ്‌കോപ്പാണ് കണ്ടെത്തിയത്. ഇതോടെ ജമ്മു നഗരവും പരിസരപ്രദേശങ്ങളും അതീവ ജാഗ്രതയിലാണ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിര്‍വ്വീരമായ ഭീകര ക്യാമ്പുകളും വീണ്ടും സജീവമാകുകയാണ്. അതിര്‍ത്തിയില്‍ ഒമ്പത് ജെയ്ഷെ മുഹമ്മദ് ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമായി എന്നും കണ്ടെത്തിയിട്ടുണ്ട്.
എന്‍ഐഎ ഓഫീസ്, ജമ്മു കശ്മീര്‍ പോലീസിന്റെ സുരക്ഷാ ആസ്ഥാനം എന്നിവയ്ക്ക് സമീപമുള്ള കാടുപിടിച്ച പ്രദേശത്തുനിന്നാണ് ഇത് കണ്ടെടുത്തത്. സിആര്‍പിഎഫ് ബറ്റാലിയന്‍ ആസ്ഥാനവും എസ്എസ്ബി കേന്ദ്രവും സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയാണിത്. ചൈനീസ് ലിപിയിലുള്ള അടയാളങ്ങള്‍ ടെലസ്‌കോപ്പില്‍ കാണാം. ഭീകരരുടെ നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത് സുരക്ഷാസേനകള്‍ പ്രദേശം അരിച്ചുപെറുക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പോലീസും മറ്റ് കേന്ദ്ര സുരക്ഷാ ഏജന്‍സികളും സംയുക്തമായി നടത്തിയ ഈ തിരച്ചിലിനിടെയാണ് സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണം ലഭിച്ചത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന വന്‍ ഓപ്പറേഷന് മറുപടിയായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒമ്പതോളം ജെയ്ഷെ മുഹമ്മദ് ഭീകര ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമായതായി അതിര്‍ത്തി രക്ഷാസേന റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര അതിര്‍ത്തിക്ക് അപ്പുറത്താണ് ഈ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അപ്പുറത്തുള്ള പാക് പ്രദേശങ്ങളില്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്ന ഒമ്പതോളം കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി ബിഎസ്എഫ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധനകള്‍. ഇതിനിടെയാണ് റൈഫിള്‍ ടെലസ്‌കോപ്പ് കണ്ടെത്തുന്നത്.
ഇന്ത്യന്‍ സുരക്ഷാ സേന നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഭീകരവാദ ശൃംഖലകള്‍ക്ക് വലിയ ആഘാതമേല്‍പ്പിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് ജെയ്ഷെ മുഹമ്മദ് തങ്ങളുടെ താവളങ്ങള്‍ വീണ്ടും സജ്ജമാക്കുന്നത്. മഞ്ഞുകാലം ആരംഭിക്കുന്നതിന് മുന്‍പ് പരമാവധി ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് കടത്തിവിടാനാണ് പാക് ഏജന്‍സികളുടെയും ഭീകര സംഘടനകളുടെയും നീക്കം. ഭീകര കേന്ദ്രങ്ങള്‍ സജീവമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ വഴിയും അതിര്‍ത്തി ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്.
പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേരിട്ടുള്ള സഹായത്തോടെയാണ് ഈ ലോഞ്ച് പാഡുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഏത് നീക്കത്തെയും ചെറുക്കാന്‍ സൈന്യം സജ്ജമാണെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു.




