- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യഭൂമിയില്‍ മാറ്റത്തിന്റെ കാറ്റ്! സൗദിയില്‍ മദ്യശാല വിപുലീകരിച്ചു; ഇനി നയതന്ത്രജ്ഞര്‍ക്ക് മാത്രമല്ല... വിദേശികളായ സമ്പന്നര്‍ക്കും കുടിക്കാം; റിയാദിലെ കടയ്ക്ക് മുന്നില്‍ കാറുകളുടെ നീണ്ട ക്യൂ; വന്‍ വിലയീടാക്കിയും മദ്യവില്പന
ഇസ്ലാം മതത്തിന്റെ ഏറ്റവും പവിത്രമായ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയില്‍ മദ്യനിരോധന നിയമങ്ങളില്‍ വലിയ ഇളവുകള്‍ വരുന്നു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഏക മദ്യശാല ഇപ്പോള്‍ വിദേശികളായ സമ്പന്നര്‍ക്കും പ്രീമിയം റെസിഡന്‍സി ഉടമകള്‍ക്കുമായി തുറന്നുകൊടുത്തിരിക്കുകയാണ്.
ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും വിവരം അറിഞ്ഞതോടെ കടയ്ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടപ്പിലാക്കുന്ന ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. ടൂറിസം പ്രോത്സാഹിപ്പിക്കാനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സൗദി ഇത്തരം മാറ്റങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഈ കട പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിനോട് സാമ്യമുള്ള ഈ മദ്യശാലയുടെ ഉടമസ്ഥാവകാശം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കര്‍ശനമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശനത്തിന് മുമ്പ് എല്ലാ സന്ദര്‍ശകരെയും പരിശോധനകള്‍ക്കും വിധേയമാക്കുന്നു. ഫോണുകളും ക്യാമറകളും അകത്ത് നിരോധിച്ചിരിക്കുന്നു. കൂടാതെ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്കുള്ള കണ്ണടകള്‍ പോലും ജീവനക്കാര്‍ പരിശോധിക്കും. നേരത്തെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയും സിനിമാ തിയേറ്ററുകള്‍ തുറന്നും സൗദി ലോകത്തെ ഞെട്ടിച്ചിരുന്നു. 1950-കളുടെ തുടക്കം മുതല്‍ രാജ്യത്ത് നിലനിന്നിരുന്ന കര്‍ശനമായ മദ്യനിരോധനത്തിനാണ് ഇപ്പോള്‍ ഭാഗികമായി മാറ്റം വരുന്നത്. മുസ്ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് പുറമെ, ഇപ്പോള്‍ 'പ്രീമിയം റെസിഡന്‍സി' ഉള്ള വിദേശികള്‍ക്കും ഇവിടെ നിന്ന് മദ്യം വാങ്ങാം. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ക്കുമാണ് ഈ റെസിഡന്‍സി ലഭിക്കുന്നത്. എന്നാല്‍ മുസ്ലിങ്ങള്‍ക്കും സാധാരണക്കാരായ സൗദി പൗരന്മാര്‍ക്കും ഇപ്പോഴും മദ്യം നിരോധിക്കപ്പെട്ടിരിക്കുകയാണ്.
അതേ സമയം ഈ മദ്യശാലയില്‍ വന്‍ വിലയാണ് ഈടാക്കുന്നതെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. നയതന്ത്രജ്ഞര്‍ക്ക് നികുതി ഇളവ് ലഭിക്കുമെങ്കിലും പുതിയതായി അനുമതി ലഭിച്ച വിദേശികള്‍ വന്‍ തുക നികുതിയായി നല്‍കേണ്ടി വരുന്നുണ്ട്. വൈനിനും ബിയറിനും മറ്റ് വിദേശ മദ്യങ്ങള്‍ക്കും ഇവിടെ സ്റ്റോക്കുണ്ടെങ്കിലും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് കടുത്ത ക്ഷാമമുണ്ടെന്നും പറയപ്പെടുന്നു. 1951-ല്‍ സൗദി രാജകുടുംബത്തിലെ മിഷാരി രാജകുമാരന്‍ മദ്യലഹരിയില്‍ ബ്രിട്ടീഷ് വൈസ് കോണ്‍സല്‍ സിറില്‍ ഔസ്മാനെ വെടിവെച്ചുകൊന്ന സംഭവത്തെത്തുടര്‍ന്നാണ് അബ്ദുല്‍ അസീസ് രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചത്.
അന്നുമുതല്‍ കര്‍ശനമായി തുടരുന്ന നിയമത്തിനാണ് ഇപ്പോള്‍ ഇളവ് വരുന്നത്. മദ്യം ലഭ്യമല്ലാത്തതിനാല്‍ സൗദിയിലുള്ളവര്‍ കുടിക്കാന്‍ വേണ്ടി അയല്‍രാജ്യമായ ബഹ്‌റൈനിലേക്കും ദുബായിലേക്കും പോകുന്നത് പതിവാണ്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും വിദേശ വൈദഗ്ധ്യത്തെ ആകര്‍ഷിക്കാനായി സൗദി സ്വീകരിക്കുന്ന ഈ വിട്ടുവീഴ്ചകള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.




