- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് രാത്രിയില്‍ കുഞ്ഞ് പിറന്നത് ബെല്‍ഫാസ്റ്റിലെ മലയാളി കെയറര്‍ക്ക്; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മാധ്യമങ്ങളില്‍ ജെസ്നയുടെ പ്രസവം വാര്‍ത്തയായി; രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ മലയാളി നഴ്സിന്റെ രണ്ടാം പ്രസവം ആഘോഷിച്ച് ആശുപത്രി
ലണ്ടന്‍: ക്രിസ്ത്മസ് ദിനത്തിന് പ്രായം അര മണിക്കൂര്‍ ആകുന്നതേയുള്ളു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള അള്‍സ്റ്റര്‍ ഹോസ്പിറ്റല്‍ ബേത്ലഹേമിലെ കാലിത്തൊഴുത്തായി മാറി. മഞ്ഞു പെയ്യുന്ന ധനുമാസത്തിലെ പുണ്യദിനത്തില്‍ തന്നെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഒരു പുതിയ പ്രജയെ വരവേറ്റു, രാജ്യത്തെ ആദ്യത്തെ ക്രിസ്ത്മസ് ദിന ശിശു പിറവിയെടുത്തു. സമയം 12:24 ആയപ്പോഴാണ് ആശൂപത്രിയില്‍ മിറ മിറിയം മനുവിന്റെ ജനനം. മലയാളികളായ മനു മാത്യുവിന്റെയും ജെസ്ന ആന്റണിയുടെയും കുഞ്ഞ്, ആശുപത്രിയിലാകെ ക്രിസ്ത്മസ് ദിനാഹ്‌ളാദം ഇരട്ടിയാക്കി പിറവിയെടുത്തത് പ്രതീക്ഷിച്ചതിലും അല്പം മുന്‍പെയായിരുന്നു.
ഈ മാസം 29 ന് പ്രസവം നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വേദന സഹിക്കാനായതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഉടന്‍ സിസേറിയന്‍ വേണ്ടിവരുമെന്നാണ്. അങ്ങനെയാണ് മിറ എന്ന കുഞ്ഞ് ക്രിസ്ത്മസ് ദിനത്തോടൊപ്പം തന്നെ ഈ ഭൂമുഖത്തേക്ക് എത്തിയത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവര്‍ നാളെ ആശുപത്രി വിട്ടേക്കും.
കാലിത്തൊഴിത്തില്‍ പിറന്നുവീണ ദൈവപുത്രനെ കാണാന്‍ എത്തിയ മൂന്ന് പണ്ഡിതര്‍ നല്‍കിയ സമ്മാനത്തെ ഓര്‍മ്മിച്ചുകൊണ്ടാണ് കുഞ്ഞിന് മിറ എന്ന് പേരിട്ടത് എന്ന് ജെസ്ന പറയുന്നു. ഡിസംബറിലാണ് കുഞ്ഞ് ജനിക്കുന്നത് എന്നറിഞ്ഞപ്പോള്‍ തന്നെ അത് ഒരു സമ്മാനമായി കരുതി ഈ പേര് നിശ്ചയിച്ചതാണെന്നും ജെസ്ന പറഞ്ഞു. കെയര്‍ അസിസ്റ്റന്റും നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുമായ ജെസ്നയുടെ രണ്ടാമത്തെ കുട്ടിയാണിത്. മൂത്ത മകള്‍ ജനിച്ചത് ഇന്ത്യയിലായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ എത്തുന്നത്.
സൗത്ത് ഈസ്റ്റേണ്‍ ട്രസ്റ്റിലെ ആദ്യ ക്രിസ്ത്മസ് ബേബി എന്ന് ആലേഖനം ചെയ്ത ഒരു പ്രത്യേക ബ്ലാങ്കറ്റ് കുഞ്ഞ് മിറയ്ക്ക് ആശുപത്രി അധികൃതര്‍ സമ്മാനമായി നല്‍കി. മിറ ജനിച്ചതിനു പിന്നാലെ, മറ്റൊരു സ്ത്രീയുടെ പ്രസവം കൂടി ക്രിസ്ത്മസ് ദിനത്തില്‍ അതേ ആശുപത്രിയില്‍ നടന്നു.
ക്രിസ്ത്മസ് ദിനത്തിലെ ജനനം അപൂര്‍വ്വം
ദേശഭേദങ്ങള്‍ക്ക് അനുസരിച്ച് കണക്കില്‍ അല്പം മാറ്റമുണ്ടാകുമെങ്കിലും ആഗോള തലത്തില്‍ തന്നെ ഏറ്റവും കുറവ് ജനനങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ക്രിസ്ത്മസ് ദിനം. ഒഴിവു ദിനമായതിനാല്‍ ആ ദിവസത്തേക്ക് സിസേറിയന്‍ പോലുള്ള ശസ്ത്രക്രിയകള്‍ വയ്ക്കില്ല എന്നതാവാം ഒരു കാരണമെന്ന് ഇതിനെ കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നു. അതുപോലെ, ഡിസംബര്‍ 23, 26ം 31 ദിവസങ്ങളിലും പ്രസവങ്ങള്‍ തീരെ കുറവാണ് നടക്കുന്നത്. ഡിസംബര്‍ 25 ന് ജനിക്കുന്നതിനുള്ള സാധ്യത വെറും 0.24 ശതമാനമാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ ഉദ്ധരിച്ച് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ക്രിസത്മസ് ദിനത്തില്‍ ജനിച്ച പ്രശസ്തര്‍
ജനനം നടക്കുന്നത് വിരളമാണെങ്കിലും ഈ ദിവസം ജനിച്ചവരില്‍ ലോക പ്രശസ്തി നേടിയവരും ഉണ്ട്. അതില്‍ ഒന്നാമന്‍ കാനഡയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്നെയാണ്. ഇന്ത്യാവിരുദ്ധ നിലപാടുകള്‍ കൊണ്ട്, ഇന്ത്യാക്കാര്‍ക്കിടയില്‍ ഏറെ സംസാര വിഷയമായി മാറിയ ജസ്റ്റിന്‍ ട്രൂഡോ 1971 ലെ ക്രിസ്ത്മസ് ദിനത്തിലാണ് ജനിച്ചത്. ബ്രിട്ടീഷ് ഗായിക ഡിഡോ, നടന്‍ ജെറെമി സ്‌ട്രോംഗ്, 2024 ലെ സെക്സിയസ്റ്റ് മാന്‍ പുരസ്‌കാരം ലഭിച്ച ടെയ്ലര്‍ സക്കര്‍ പെറെസ്, മെഗ ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ലൂയിസ് ടോമില്‍സണ്‍ തുടങ്ങിയവരൊക്കെ ഡിസംബര്‍ 25 ന് ജനിച്ചവരാണ്
ക്രിസ്ത്മസ് ദിനത്തില്‍ ജനിച്ച പ്രശസ്ത ഇന്ത്യാക്കാര്‍
ലോകമാകെ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷിക്കുന്ന സമയത്ത് ഇന്ത്യയും നിരവധി പ്രശസ്തരെ ലോകത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാമന്‍ തീര്‍ച്ചയായും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് തന്നെയാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപകന്‍ കൂടിയായ മദന്‍ മോഹന്‍ മാളവ്യ, പ്രശസ്ത തമിഴ് നടന്‍ പ്രഭു, നടി നഗ്മ, എന്നിവരും ക്രിസ്ത്മസ് ദിനത്തില്‍ ജനിച്ചവരാണ്. അഖണ്ഡഭാരതം എന്ന സ്വപ്നം നെഞ്ചേറ്റി ജീവിച്ച അടല്‍ ബിഹാരി വാജ്‌പേയിനെ പോലെ, ഇന്ത്യാ വിഭജനത്തിന് കാരണക്കാരില്‍ ഒരാളായ മുഹമ്മദ് അലി ജിന്നയും ജനിച്ചത് ഒരു ക്രിസ്ത്മസ് ദിനത്തിലായിരുന്നു എന്നത് കാലം നമുക്കായി കരുതിവെച്ച ഒരു വിരോധാഭാസമാകാം.




