വാഷിങ്ടണ്‍: ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ മോഷ്ടിച്ച പാസ് വേര്‍ഡുകള്‍ വില്‍പന നടത്തിയിരുന്ന വന്‍ സൈബര്‍ കുറ്റകൃത്യ ശൃംഖലയെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ പിടികൂടി തകര്‍ത്തു. ഏകദേശം 14.6 കോടി ഡോളര്‍ മൂല്യം വരുന്ന വിവരങ്ങളാണ് ഈ സംഘം കൈവശം വെച്ചിരുന്നത്. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ നീക്കത്തിലൂടെയാണ് ഈ 'പാസ്വേഡ് വിപണി' അന്വേഷണ സംഘം പൂട്ടിച്ചത്.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ഇമെയില്‍ ലോഗിന്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ പാസ് വേര്‍ഡുകള്‍, ബാങ്കിംഗ് ക്രെഡന്‍ഷ്യലുകള്‍ എന്നിവ ഇന്‍ഫോസ്റ്റീലര്‍ മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ചോര്‍ത്തിയിരുന്നത്. മോഷ്ടിച്ച ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബ് വഴി മറ്റ് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍പന നടത്തി വരികയായിരുന്നു. വ്യക്തികളുടെ പണം തട്ടാനും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനും ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെടുമായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ പാസ്വേഡുകള്‍ ഉടന്‍ മാറ്റണമെന്നും ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കി.

സൈബര്‍ സുരക്ഷാ രംഗത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിട്ടാണ് ഈ നടപടിയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. സംഭവം അമേരിക്കന്‍ നീതിന്യായ വകുപ്പും സ്ഥിരീകരിച്ചു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഡൊമെയ്ന്‍ 'നിയമവിരുദ്ധമായി ശേഖരിച്ച ബാങ്ക് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ബാക്കെന്‍ഡ് വെബ് പാനലായി തട്ടിപ്പുകാര്‍ ഉപയോഗിച്ചു' എന്നാണ് കരുതപ്പെടുന്നത്. ബാക്ക് അക്കൗണ്ടുകളില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടുന്നവരെ കുറിച്ച് എഫ്ബിഐ മുന്നറിയിപ്പ് നല്‍കി ഏതാനും ആഴ്ചകള്‍ക്ക് ശേഷം, 2025 ജനുവരി മുതല്‍ അന്വേഷണ സംഘം ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

അതേ സമയം സംഭവത്തില്‍ ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സാമ്പത്തിക അക്കൗണ്ടുകള്‍ പതിവായി നിരീക്ഷിക്കണമെന്നും ബാങ്ക് ലോഗിനുകളിലേക്കോ മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്കോ നാവിഗേറ്റ് ചെയ്യാന്‍ ബ്രൗസര്‍ ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കണമെന്നും എഫ്.ബി.ഐ നിര്‍ദ്ദേശിച്ചു. ഇത്തരം ഫിഷിംഗ് ആക്രമണങ്ങളുടെ അപകടസാധ്യത ലഘൂകരിക്കുന്നതിന്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സാമ്പത്തിക അക്കൗണ്ടുകള്‍ പതിവായി നിരീക്ഷിക്കണമെന്നും ബാങ്ക് ലോഗിനുകളിലേക്കോ മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്കോ നാവിഗേറ്റ് ചെയ്യാന്‍ ബ്രൗസര്‍ ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കണമെന്നും എഫ്.ബി.ഐ പറഞ്ഞു.