കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍. സുബ്രഹ്‌മണ്യനെതിരെ ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. കേസെടുത്തിട്ടും പോസ്റ്റ് നീക്കാന്‍ സുബ്രഹ്‌മണ്യന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുക.

ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എഐ നിര്‍മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് എതിരെ കേസില്ല. വീഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ല. മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമാണ് നടക്കുന്നത്. നിയമ നടപടികളെ നേരിടും. ജാമ്യം ലഭിക്കുമെങ്കില്‍ എടുക്കും, അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും എന്‍ സുബ്രഹ്‌മണ്യന്‍ മാധ്യമങ്ങളെ അറിയിച്ചു. സുബ്രഹ്‌മണ്യം പങ്കുവച്ച് ഫോട്ടോകളുടെ കൂട്ടത്തിലൊന്ന് വ്യാജമാണ് എന്നത് വ്യക്തമാണ്. പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി നുള്ളുന്ന ചിത്രമാണ് ഇത്. അതുകൊണ്ടാണ് നടപടികള്‍.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍.സുബ്രഹ്‌മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ചിത്രം എഐ നിര്‍മിതമാണെന്ന നിലയിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പിന്നീട് ആ ചടങ്ങിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പങ്കെടുത്തത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്കും ഗോവര്‍ദ്ധനുമൊപ്പമെല്ലാം വിവിധ നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു. ഇത് ഉപയോഗിച്ചാണ് പാര്‍ട്ടികള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള സോണിയാഗാന്ധിയുടെ ചിത്രം പരാമര്‍ശിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടതു നേതാക്കളാണ് ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. താന്‍ കാണുന്നതിന് മുന്‍പ് മുഖ്യമന്ത്രിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കണ്ടതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചിരുന്നു. പോറ്റി മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.