ന്തോനേഷ്യയിലെ ലാബുവാന്‍ ബാജോയ്ക്ക് സമീപം പടാര്‍ ഐലന്‍ഡ് കടലിടുക്കില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് വലന്‍സിയയുടെ വനിതാ ബി ടീം പരിശീലകന്‍ ഫെര്‍ണാണ്ടോ മാര്‍ട്ടിനും (44) മൂന്ന് മക്കളും മരിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ഫെര്‍ണാണ്ടോയുടെ മക്കളായ എലിയ (12), കികെ (10), മാറ്റിയോ (9) എന്നിവരാണ് മരിച്ചത്. ശക്തമായ തിരമാലയില്‍പ്പെട്ട ബോട്ട് തകര്‍ന്ന് അതിവേഗം കടലില്‍ താഴുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ഫെര്‍ണാണ്ടോയുടെ ഭാര്യ ആന്‍ഡ്രിയയും ഏഴ് വയസ്സുകാരിയായ മകള്‍ മാറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ട് മുങ്ങുന്ന സമയത്ത് ഡെക്കിന്റെ മുകള്‍ ഭാഗത്തായിരുന്ന ഇരുവരും കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എന്നാല്‍ ഫെര്‍ണാണ്ടോയും മൂന്ന് കുട്ടികളും ബോട്ടിനുള്ളില്‍ കുടുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് ജീവനക്കാരെയും ടൂര്‍ ഗൈഡിനെയും രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

ഫെര്‍ണാണ്ടോ മാര്‍ട്ടിന്റെയും മക്കളുടെയും വിയോഗത്തില്‍ വലന്‍സിയ ഫുട്‌ബോള്‍ ക്ലബ്ബും റയല്‍ മാഡ്രിഡും അനുശോചനം രേഖപ്പെടുത്തി. 'വളരെ പ്രിയപ്പെട്ട ഒരു സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ മക്കളെയും നഷ്ടപ്പെട്ടതില്‍ ക്ലബ്ബ് അതീവ ദുഃഖിതരാണ്. ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചേരുന്നു,' വലന്‍സിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യമാണ് ഫെര്‍ണാണ്ടോ വലന്‍സിയ വനിതാ ബി ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

കുടുംബത്തോടൊപ്പം ആദ്യമായി നടത്തിയ വലിയ വിദേശ യാത്രയ്ക്കിടെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഫെര്‍ണാണ്ടോയുടെ മറ്റ് രണ്ട് മക്കള്‍ സ്‌പെയിനിലെ വീട്ടിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് ഒഴിവായി. കടലിന്റെ ആഴങ്ങളില്‍ തകര്‍ന്നടിഞ്ഞ ബോട്ടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.