- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, കാണാതായ ആറു വയസുകാരനായി ഒരു നാടൊന്നാകെ തിരഞ്ഞത് മണിക്കൂറുകളോളം; ഒടുവില്‍ ചേതനയറ്റ മൃതദേഹം കുളത്തില്‍ കണ്ടത് കുളിക്കാന്‍ വന്നവര്‍; ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ഇത്രയും ദൂരം കുട്ടി എങ്ങനെ എത്തിയെന്നതില്‍ ദുരൂഹത
പാലക്കാട്: പാലക്കാട് ചിറ്റൂരിലെ ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങിമരണം എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. വീട്ടില്‍ നിന്ന് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായ പരിക്കുകളില്ല. സുഹാന്റെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട് എത്തി. മൃതദേഹം വൈകീട്ട് സംസ്‌കരിക്കും. നിലവില്‍ ദുരൂഹത ഇല്ലെന്ന് നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം തുടരുകയാണ്.
നാല് ദിവസം മുന്‍പ് സുഹാന്‍ കൂട്ടുകാര്‍ക്കൊപ്പം അതുവഴി പോയിരുന്നു. കുളത്തിലിറങ്ങി അബദ്ധത്തില്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് സൂചന. സുഹാനു വേണ്ടിയുള്ള പ്രാര്‍ഥന ഫലിച്ചില്ല. തിരച്ചിലിന്റെ ഇരുപത്തിരണ്ടാം മണിക്കൂറില്‍ വീടിനു സമീപത്തെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായതിനു പിന്നാലെ അമ്മയും നാട്ടുകാരും തിരഞ്ഞ കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടത്.
നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, എന്ന ആറു വയസുകാരന്‍ സുഹാന്‍. സംസാരിക്കാന്‍ പ്രയാസം നേരിട്ടിരുന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് തെരച്ചില്‍ തുടങ്ങിയത്. വീടിനു സമീപത്തെ പാടശേഖരങ്ങളിലും കുളങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം ഇന്നലെ തന്നെ തെരഞ്ഞതാണ്. നറുചിരിയുമായി സുഹാന്‍ എവിടെങ്കിലും മറഞ്ഞിരിക്കുമെന്ന പ്രതീക്ഷയില്‍.
ഇന്നലെ 11 മണിയോടെ കാണാതായ കുഞ്ഞിന് വേണ്ടി ഒരു നാടൊന്നാകെ ഉറക്കമൊഴിച്ചു തിരഞ്ഞെങ്കിലും 9 മണിയോടെ അതെല്ലാം വിഫലമായി. വീടിനു 800 മീറ്റര്‍ അകലെ കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ കുളിക്കാനെത്തിയവരാണ് കുളത്തിന് മധ്യത്തില്‍ മൃതദേഹം കണ്ടത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രിയപ്പെട്ട മകനെ അവസാനമായി കാണാന്‍ പിതാവ് മുഹമ്മദ് അനസ് വിദേശത്തു നിന്നെത്തി, വിങ്ങിപൊട്ടി.
വീട്ടില്‍ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിന്റെ മധ്യ ഭാഗത്തായി കുഞ്ഞിന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്‌നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡില്‍ നിന്നും ചെറിയ കനാല്‍ കടന്നു വേണം കുളത്തിലേക്ക് എത്താന്‍. വീട്ടില്‍ നിന്നും ദൂരമുള്ളതിനാല്‍ കുട്ടി തനിച്ചു ഇവിടേക്ക് എത്തില്ലെന്ന ധാരണയില്‍ ഈ കുളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നില്ല.
കുട്ടിയെ കാണാതായത് മുതല്‍ അമ്മയടക്കമുള്ളവര്‍ കുളത്തിന് സമീപം തിരഞ്ഞതാണ്, പക്ഷെ ഒന്നും കണ്ടില്ല. വീടിനു സമീപത്തെ രണ്ടു കുളങ്ങളും പരിശോധിച്ചിരുന്നു. എത്താനിടയില്ലെന്ന നിഗമനത്തില്‍ ഈ കുളത്തില്‍ ഇറങ്ങി പരിശോധിച്ചിരുന്നില്ല. ഇത്രദൂരം കടന്ന് കുട്ടി ഒറ്റക്ക് വരാന്‍ സാധ്യതയില്ലെന്നും ദുരൂഹത പരിശോധിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈകീട്ടോടെ പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
സുഹാന്റെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ അവര്‍ സ്‌കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.




