- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് കനത്തതിരിച്ചടി; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം; സാഹചര്യം ഗുരുതരമെന്നും കോടതി നിരീക്ഷണം
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി. ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു. സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ല. എന്നാല്‍, ഉന്നാവ് ബലാത്സംഗ കേസില്‍ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗാറിനെതിരെ ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടുണ്ട്. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു. പ്രതി പൊതുസേവകന്‍ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്നും സിബിഐ വാദിച്ചു. ജീവപര്യന്തം ശിക്ഷ എന്നത് ഇവിടെ സാധുതയുണ്ട്. ഇതില്‍ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രിംകോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ഉന്നാവ് കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ജയിലില്‍ തുടരുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയില്‍ അറിയിച്ചു.
അതേ സമയം ഉന്നാവ് ബലാത്സംഗ കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത രംഗത്ത് വന്നിരുന്നു. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നല്‍കിയിരുന്നു. നീതി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതില്‍ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നാണ് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബിഐക്ക് നിലവില്‍ പരാതി നല്‍കിയത്. ആറ് പേജുള്ള പരാതിയാണ് അതിജീവിത സിബിഐക്ക് നല്‍കിയത്. അന്വേഷണം നടത്തുമ്പോള്‍ തന്നെ അട്ടിമറിക്ക് ശ്രമിച്ചുവെന്നും അന്വേഷണത്തിലും കോടതി നടപടികളും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയെന്ന് അതിജീവിത ആരോപിക്കുന്നു. ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സിബിഐ അഭിഭാഷകര്‍ പരാജയപ്പെട്ടു. സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ നിലപാട് എടുത്തുവെന്നും അവര്‍ പറയുന്നു.
തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയെന്നും അതീജിവിത പരാതിയില്‍ ആരോപിക്കുന്നു. ഇതിനിടെ ഹൈക്കോടതി നടപടിയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിബിഐ നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. സെന്‍ഗാറിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജിയും പരിഗണിക്കുന്നുണ്ട്. കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അതീജിവിതയും അമ്മയും സമരമിരുന്നു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ത്ഥി വനിത സംഘടനകളും എത്തി. മൂന്ന് മണിക്കൂറോളം സമരം ചെയ്ത് അതിജീവിതയും അമ്മയും ജന്തര്‍മന്തറില്‍ കുഴഞ്ഞുവീണു. ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.




