കോഴിക്കോട്: അവധിക്കാലത്ത് സ്‌കൂളില്‍ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരന്‍. കോഴിക്കോട് മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഹമ്മദ് ഫര്‍ഹാനെന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ടത്. മന്ത്രി തിരുവനന്തപുരത്തെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണില്‍ വിളിച്ചത്. അവധിക്കാലത്ത് സ്‌കൂളില്‍ ക്ലാസെടുക്കുന്നുവെന്നും കളിക്കാന്‍ സമ്മതിക്കുന്നില്ലെന്നും കുട്ടി പരാതി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു മന്ത്രിയുടെ ഫോണിലേക്ക് വലിയൊരു പരാതിയുമായി ഏഴാം ക്ലാസുകാരന്റെ വിളിയെത്തുന്നത്. ഫോണ്‍ എടുത്ത ഉടന്‍ അങ്ങേത്തലക്കല്‍ പരിചയപ്പെടുത്തല്‍.

'ഹലോ മന്ത്രിയല്ലേ.. ഇത് കോഴിക്കോട് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്നാണേ..'

മോന്റെ പേര് എന്തെന്ന് മന്ത്രി, മുഹമ്മദ് ഫര്‍ഹാന്‍ എന്ന് മറുപടി.

ആരെയാണ് വിളിച്ചതെന്നായി മന്ത്രി.. 'കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയല്ലേ എന്ന് മറുപടി'. -വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയെന്ന് മന്ത്രിയുടെ തിരുത്ത്.

എന്താണ് വിളിച്ചതെന്നായി മന്ത്രി.

പിന്നാലെ, ഫോണിന്റെ മറുതലക്കല്‍ കുട്ടി പരാതിയുടെ കെട്ടഴിച്ചു. ക്രിസ്മസ് അവധിക്കാലത്ത് സ്‌കൂളില്‍ ക്ലാസ് എടുക്കുന്നുവെന്നായി മുഹമ്മദ് ഫര്‍ഹാന്‍.

പിന്നാലെ, മകന്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങിയ മാതാവ് യു.എസ്.എസിന്റെ ക്ലാസാണെന്നും, കുറച്ചു സമയം മാത്രമേ എടുക്കുന്നുള്ളൂവെന്നും മന്ത്രിയോട് വിശദീകരിച്ചു. കളിക്കാന്‍ വേണ്ടിയാണ് മകന്‍ പരാതിപറഞ്ഞതെന്നും പറഞ്ഞതോടെ, അമ്മയുടെ താല്‍പര്യം ക്ലാസ് എടുക്കണമോയെന്നായി മന്ത്രിയുടെ ചോദ്യം.

അവധിക്കാലത്ത് കുട്ടികള്‍ കളിക്കട്ടെയെന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കളിച്ചുവളരേണ്ട സമയമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പിന്നീട് മകന് ഫോണ്‍ നല്‍കൂവെന്നായി മന്ത്രി.

ഫോണ്‍വാങ്ങിയ വിദ്യാര്‍ത്ഥി ഒരു അപേക്ഷയും നടത്തി. 'സ്‌കൂളില്‍ എന്റെ പേര് പറയരുതേ...' എന്നായി. അപേക്ഷ മന്ത്രിയെയും, വാര്‍ത്താസമ്മേളന ഹാളിനെയും ചിരിപ്പിച്ചു. അവധിക്കാലത്ത് കളിക്കുകയും, എന്നാല്‍, നന്നായി പഠിക്കണമെന്നും ഉപദേശിച്ച മന്ത്രി മാതാവിനോടും സംസാരിച്ചു.

കളി മാത്രമാകരുതെന്നും പഠിക്കാനുള്ളത് പഠിക്കണമെന്നും ഫര്‍ഹാനോട് മന്ത്രി പറഞ്ഞു. കളി മാത്രമേയുള്ളൂവെന്നായിരുന്നു അമ്മയുടെ പരിഭവം.

അവധിക്കാലത്ത് കുട്ടികള്‍ നന്നായി കളിക്കണമെന്നും, എപ്പോഴും ട്യൂഷനെടുത്ത് ബുദ്ധിമുട്ടിക്കരുതെന്നും, പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി മാതാവിനെയും ഉപദേശിച്ചു.