കൊല്ലം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഡോ. അശ്വിന്‍ മോഹനചന്ദ്രന്‍ നായര്‍ (32) യാത്രയായി. മൂന്നു പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ഡോക്ടര്‍ അശ്വിന്റെ യാത്ര. കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംഡി വിദ്യാര്‍ഥിയായ ഉമയനല്ലൂര്‍ നടുവിലക്കര സൗപര്‍ണികയില്‍ ഡോ. അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അശ്വിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിനു സന്നദ്ധത അറിയിച്ചത്. കരള്‍, ഹൃദയ വാല്‍വ്, 2 നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.

കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ നീന്താനിറങ്ങിയപ്പോഴാണ് തലയിടിച്ച് അശ്വിനു ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ മാസം 19നാണ് സംഭവം. ഉടന്‍ തന്നെ പഠിച്ചിരുന്ന കെഎംസിടി ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീട് കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിനു സന്നദ്ധത അറിയിച്ചത്.

പഠനം പൂര്‍ത്തിയാക്കി ആതുര സേവനത്തിന് ഇറങ്ങിയ അശ്വിന്‍ മരണത്തിലും രോഗികള്‍ക്ക് തണലായി മാറുക ആയിരുന്നു. മാതാപിതാക്കളുടെ സമ്മതപ്രകാരം കരള്‍, ഹൃദയ വാല്‍വ്, 2 നേത്രപടലങ്ങള്‍ എന്നിവയാണ് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ ദാനം ചെയ്തത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്ര പടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ആശുപത്രിയിലെ രോഗിക്കും നല്‍കി. കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയാക്കിയത്.

ചൈനയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി എന്‍എസ് സഹകരണ ആശുപത്രി ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ജോലി നോക്കിയ ശേഷമാണ് സര്‍ജറിയില്‍ ഉപരിപഠനത്തിനായി കോഴിക്കോട് കെഎംസിടിയില്‍ ചേര്‍ന്നത്. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. റിട്ട. അധ്യാപകന്‍ മോഹനചന്ദ്രന്‍ നായരുടെയും റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി അമ്മിണിയമ്മയുടെയും മകനാണ്. അരുണിമയാണ് സഹോദരി. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കള്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അശ്വിന്റെ വിവാഹം ഓഗസ്റ്റില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.