ന്നലെ തന്നെ പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്ത് ദ്വീപ്. ഹര്‍ഷാരവത്തോടെ പുതുവര്‍ഷത്തെ ലോകത്ത് ആദ്യം വരവേറ്റത് പതിവ് പോലെ കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവര്‍ഷം ആഘോഷിക്കുന്നതിനും എട്ടര മണിക്കൂര്‍ മുമ്പാണ് ഇവിടെ പുതിയ വര്‍ഷം എത്തുന്നത്. ക്രിസ്തുമസ് ദ്വീപ് എന്ന പേരും ഈ ദ്വീപിനുണ്ട്. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവര്‍ഷപ്പിറവി ഇതിന് പിന്നാലെ ന്യൂസിലന്‍ഡിലെ ചാഥം ദ്വീപില്‍ പുതുവര്‍ഷമെത്തി.

വെറും അറുനൂറ് പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പിന്നാലെ ഓസ്ട്രേലിയ, ടോക്കേലൗ, ടോംഗ തുടങ്ങിയ രാജ്യങ്ങളില്‍ പുതുവര്‍ഷമെത്തി. ഫിജി,റഷ്യ,ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ സിങ്കപ്പൂര്‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും വന്‍ ആഘോഷങ്ങളാണ് നടന്നത്.

അമേരിക്കയില്‍ ഇപ്പോഴും പുതുവര്‍ഷം പിറന്നില്ല

ലോകരാജ്യങ്ങളില്‍ എല്ലാം ചുറ്റിക്കറങ്ങി അമേരിക്കയില്‍ പുതുവര്‍ഷം എത്തുന്നത് ഏറ്റവും അവസാനമാണ്. അത് കൊണ്ട് തന്നെ അമേരിക്കയില്‍ ഇപ്പോഴും പുതുവര്‍ഷം പിറന്നിട്ടില്ല. അതേ സമയം അമേരിക്കയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ഉള്ളത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ആണ് അമേരിക്കയില്‍ ഇത്തവണയും ആഘോഷങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം പല സ്ഥലങ്ങളിലലും ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഇവിടെ ഉള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന പുതുവത്സര പരിപാടികളില്‍ നടക്കുന്നത് ഇവിടെയാണ്. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലിലാണ് ഏറ്റവും അധികം ജനങ്ങള്‍ ഒത്തു കൂടുന്നത്.

അമേരിക്കയുടെ 250-ാം വാര്‍ഷികത്തിന്റെ കൂടി ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ് പുതുവര്‍ഷം ഏറ്റവും അവസാനമായി എത്തുന്നത്.

യൂറോപ്പിലെ ഏറ്റവും മനോഹരമായ വെടിക്കെട്ടോടെ മിഴിതുറന്ന് ലണ്ടന്‍

രാജ്യമെമ്പാടും മനോഹരമായ വെടിക്കെട്ട് പ്രകടനങ്ങളോടെ ബ്രിട്ടന്‍ 2026 നെ വരവേറ്റു. ലണ്ടനില്‍, 100,000 ആളുകള്‍ ഈ കാഴ്ച കാണാന്‍ എത്തി. ഇത് യൂറോപ്പിലെ ഏറ്റവും വലിയ വെടിക്കെട്ട് പ്രകടനമായി മാറി. ബഹുസാംസ്‌കാരികതയെ പ്രശംസിക്കുന്ന ഒരു രാഷ്ട്രീയ സന്ദേശത്തോടെയാണ് മേയര്‍ സാദിഖ് ഖാന്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മറ്റ് രാജ്യങ്ങളുടെ പതാകകളും ദീപാലങ്കാരങ്ങള്‍ ചാര്‍ത്തി പ്രദര്‍ശിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെ 'ഒരു കപ്പ് ചായ' എന്ന് വിശേഷിപ്പിച്ച ഒരു ഗംഭീര വോയ്‌സ് ഓവറും ചടങ്ങിന് അകമ്പടിയായി ഉണ്ടായിരുന്നു. ബ്രിട്ടനിലുടനീളം, വെടിക്കെട്ട് കാണാന്‍ പോകുമ്പോള്‍ അധിക വസ്ത്രങ്ങള്‍ ധരിക്കാന്‍ ജനങ്ങളോട് അധികൃതര്‍് ആവശ്യപ്പെട്ടിരുന്നു. ഈ ആഴ്ച അവസാനം ലണ്ടനില്‍ മെറ്റ് ഓഫീസ് മഞ്ഞുവീഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നതാണ് ഇതിന് കാരണം.

ടോക്കിയോയിലും സിയോളിലും പരമ്പരാഗത മണി മുഴക്കല്‍ ആഘോഷങ്ങള്‍ നടക്കുന്ന പുതുവര്‍ഷത്തില്‍ ജപ്പാനും ദക്ഷിണ കൊറിയയും ആദ്യമായി പുതുവര്‍ഷം കാണുന്ന ഏഷ്യന്‍ രാജ്യങ്ങളായി മാറി.

ദുഃഖം മറന്ന് വെടിപൊട്ടിച്ച് ഓസ്‌ട്രേലിയ

ഡിസംബറില്‍ ബോണ്ടി ബീച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളെ ആളുകള്‍ ആദരിച്ചതിനാല്‍ ഓസ്ട്രേലിയയിലെ സിഡ്‌നിയില്‍ ആഘോഷങ്ങള്‍ പൊതുവേ കുറവായിരുന്നു. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ വലിയ തോതിലുള്ള ആഘോഷ പരിപാടികളാണ് നടന്നത്. ഡിസംബര്‍ 14 ന് ബോണ്ടി ബീച്ചില്‍ നടന്ന ഹനുക്ക സമ്മേളനത്തില്‍ രണ്ട് തോക്കുധാരികള്‍ വെടിയുതിര്‍ത്ത് 15 പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നഗരത്തിലെ ആഘോഷങ്ങളില്‍ ഈ ആക്രമണം കരിനിഴല്‍ വീഴ്ത്തി. സിഡ്‌നി ഹാര്‍ബര്‍ പാലത്തില്‍ നടന്ന വാര്‍ഷിക വെടിക്കെട്ട് പ്രകടനത്തിനായി ബുധനാഴ്ച വൈകുന്നേരം ആയിരക്കണക്കിന് ആളുകള്‍ കനത്ത പോലീസ് സന്നാഹത്തോടെ സിഡ്‌നിയിലെ കടല്‍ത്തീരത്ത് ഒത്തുകൂടി. ബോണ്ടി ബീച്ചിലെ ഇരകള്‍ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. പാലത്തിന്റെ തൂണുകളില്‍ ഒരു മെനോറ ഉള്‍പ്പെടെയുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ആദ്യമായി, നിരവധി ഉദ്യോഗസ്ഥര്‍ പരസ്യമായി റാപ്പിഡ്-ഫയര്‍ റൈഫിളുകള്‍ വഹിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.

പതിവ് തെറ്റിക്കാതെ ബുര്‍ജ് ഖലീഫയില്‍ വിസ്മയം തീര്‍ത്ത് ദുബായ്

യു.എ.ഇയിലെ ദുബായില്‍ ഇക്കുറിയും പുതുവല്‍സരാഘോഷങ്ങള്‍ പൊടിപിടിച്ചു. വെടിക്കെട്ട്, ഡ്രം മേളം മണി മുഴക്കല്‍, അര്‍ദ്ധരാത്രി ആഘോഷങ്ങള്‍ എന്നിവയുമായി ദുബായ് ഒരു മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചു.

പതിവ് പോലെ ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങള്‍ തന്നെ ആയിരുന്നു ഇവിടെ പ്രധാന ആകര്‍ഷണമായി മാറിയത്. അതിഗംഭീരമായ ഒരു വെടിക്കെട്ടും ഇവിടെ നടന്നിരുന്നു. വന്‍തോതിലുള്ള നൃത്തപരിപാടികളും ഇവിടെ നടന്നു. നഗരത്തിന്റെ ആകാശരേഖയെ വീണ്ടും പ്രകാശിപ്പിച്ച ഒരു സിഗ്നേച്ചര്‍ പുതുവത്സര കാഴ്ചയായി ഇവിടുത്തെ ആഘോഷങ്ങള്‍ മാറുകയായിരുന്നു.

രാത്രി മുഴുവന്‍ ബീച്ചുകളിലും ഹോട്ടലുകളും ആടിപ്പാടി കേരളം

കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ്പോയവര്‍ഷത്തെ സങ്കടങ്ങളുടെ പ്രതീകമായ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചി പുതുവര്‍ഷത്തെ സ്വീകരിച്ചത്. ഇക്കുറി വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിച്ചു. കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. തിരുവനന്തപുരത്തും ആഘോഷത്തിന് കുറവുണ്ടായില്ല.

കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഡിജെ ഉള്‍പ്പടെ വിപുലമായ പരിപാടികളോടെയായിരുന്നു ആഘോഷം. ഇത്തവണ ആദ്യമായി 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയും ഇവിടെ കത്തിച്ചു. കോഴിക്കോട് ബീച്ചില്‍ ആയിരങ്ങളാണ് ഇത്തവണ പുതുവര്‍ഷം ആഘോഷിച്ചത്. ഗ്രൂപ്പുകളായി തിരിഞ്ഞ് പാട്ടും ഡാന്‍സുമായി കോഴിക്കോട് ബീച്ചിലും ആഘോഷം കളറായിരുന്നു.