ലണ്ടന്‍: ലണ്ടനിലെ ഹീത്രൂ വിമാത്താവളത്തില്‍ ദുബായിലേക്ക് പോയ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം പുതുവത്സരാഘോഷത്തിനിടെ സാങ്കേതിക തകരാറില്‍ പെട്ടു. പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവന്നു. അത്യവശ്യമായി ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷിച്ച നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ പല മലയാളികളും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു.

ഒടുവില്‍ വിമാനം ഹീത്രൂവില്‍ തന്നെ ഇറക്കുകയായിരുന്നു. ഈ ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രോയുടെ റണ്‍വേയില്‍ നിന്ന് ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു പ്രശ്നമുണ്ടെന്ന് വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ നിന്ന് ഏഴ് മണിക്കൂര്‍ സമയം കൊണ്ടാണ് വിമാനം ദുബായില്‍ എത്തേണ്ടത്. വിമാനം പുറപ്പെട്ടതിന് ശേഷവും ഗിയര്‍ വാതിലുകള്‍ തുറന്നിരുന്നു എന്നാണ് കണ്ടെത്തിയത്. വിമാനം ഏകദേശം 90 മിനിറ്റ് തെക്കുകിഴക്കന്‍ ലണ്ടനിലെ ഓര്‍പിംഗ്ടണിന് മുകളില്‍ 10,000 അടി ഉയരത്തില്‍ വട്ടമിട്ടു പറന്നു.

പരമാവധി ഇന്ധനം ചോര്‍ത്തിക്കളഞ്ഞതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വൈകുന്നേരം 4.28 ന് ഹീത്രൂവില്‍ വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. എമിറേറ്റ്‌സ് വക്താവ് പറഞ്ഞത് 'എമിറേറ്റ്‌സ് വിമാനം ഡിസംബര്‍ 31-ന് ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ദുബായിലേക്ക് ഷെഡ്യൂള്‍ ചെയ്തതുപോലെ പുറപ്പെട്ടു. പക്ഷേ സാങ്കേതിക തകരാര്‍ കാരണം പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹീത്രൂവിലേക്ക് മടങ്ങി എന്നാണ്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി എന്നും വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും എമിറേറ്റ്സിന്റെ മറ്റ് വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ട് പോകുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ വളരെ പ്രധാനമാണെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

യാത്രാ വിദഗ്ധനായ സൈമണ്‍ കാല്‍ഡര്‍ സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞത് ഹീത്രോയില്‍ നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്ന 500 എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ കൂടുതല്‍ ദൂരം പോകാന്‍ കഴിഞ്ഞില്ല, ലാന്‍ഡിംഗ് ഗിയര്‍ പ്രശ്‌നം കാരണം പൈലറ്റുമാര്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു എന്നുമാണ്. ഇന്ധനം കത്തിക്കാന്‍ എയര്‍ബസ് എ380 സൂപ്പര്‍ജംബോ ഓര്‍പിംഗ്ടണിന് മുകളില്‍ 2 മണിക്കൂര്‍ വട്ടമിട്ട് പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. ഹീത്രൂ പ്രദേശത്തെ എയര്‍പോര്‍ട്ട് ഹോട്ടലുകളില്‍ നിന്ന് യാത്രക്കാര്‍ പുതുവത്സരം ആഘോഷിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു എന്നും കാല്‍ഡര്‍ പറഞ്ഞു.