- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുതുവര്‍ഷാഘോഷത്തിനിടെ സ്വിറ്റ്സര്‍ലാന്‍ഡില്‍ വന്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്; സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും.
പുതുവര്‍ഷം പിറന്നതിന്റെ ആഘോഷങ്ങള്‍ തുടരവേയായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്‍ കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേര്‍ മരിച്ചെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസിന്റെ ഇടപെടല്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിറ്റ്സര്‍ലാന്‍ഡിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നപേരില്‍ ചില വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുകെട്ടിടത്തില്‍നിന്ന് തീ ഉയരുന്നതും ആളുകള്‍ സമീപത്ത് തടിച്ചുകൂടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഇത് ക്രാന്‍സ് മൊണ്ടാനയിലെ ദൃശ്യങ്ങളാണോ എന്നതില്‍ സ്ഥിരീകരണമില്ല.
ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ആഘോഷത്തിനിടെ പടക്കംപൊട്ടിച്ചതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് ചില സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.




