ജനീവ: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോര്‍ട്ടിലെ ബാറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാന നഗരമായ ബെര്‍ണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെയുള്ള സിയറി ജില്ലയിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹൈ-എന്‍ഡ് ആല്‍പൈന്‍ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് കീ റിസോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ബാറിലാണ് സ്ഫോടനം നടന്നത്.പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പുതുവര്‍ഷം പുലര്‍ന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നൂറോളം പേര്‍ ബാറില്‍ ഉണ്ടായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഇരയായവരില്‍ അധികവും വിനോദ സഞ്ചാരികളാണ്. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ് മൊണ്ടാന. ആല്‍പ്സ് പര്‍വ്വത നിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. അപകടത്തെതുടര്‍ന്ന് ക്രാന്‍സ് മൊണ്ടാന മേഖലയിലൂടെയുള്ള വിമാന സര്‍വ്വീസുകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഭീകരാക്രമണമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള അടിയന്തര സേവനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന കോണ്‍സ്റ്റലേഷന്‍ ബാറില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയാണ് സ്‌ഫോടനം നടന്നതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 400 ഓളം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബാറിന്റെ ബേസ്‌മെന്റിലാണ് സ്‌ഫോടനം നടന്നതെന്നാണ് മാധ്യമ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

പരിക്കേറ്റവരില്‍ പലരുടേയും പൊള്ളല്‍ ഗുരുതരമാണ്. എവിടെ നിന്ന് എന്ന് തിരിച്ചറിയാത്ത രീതിയില്‍ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. കത്തിയെരിയുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എമര്‍ജന്‍സി സര്‍വ്വീസുകളുടേയും ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സ്വിസ് ആല്‍പ്‌സിലെ ഹൃദയം എന്ന് അറിയപ്പെടുന്ന ക്രാന്‍സ് മൊണ്ടാനയിലാണ് സ്‌ഫോടനം നടന്നത്. മാത്തേര്‍ഹോണില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായ സ്ഥലം. വിദേശ സഞ്ചാരികള്‍ അടക്കം നിരവധിപ്പേരാണ് അവധി ആഘോഷങ്ങള്‍ക്കായി ഇവിടെ എത്തിയിരുന്നത്.

വിദേശികള്‍ അടക്കമുള്ളവര്‍ പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലുമുണ്ടെന്നാണ് സൂചന. റിസോര്‍ട്ടില്‍ യുവ തലമുറയ്ക്കിടയില്‍ ഏറെ പ്രശസ്തമായ ബാറിലാണ് പൊട്ടിത്തെറി നടന്നത്. 1980ലെ സ്‌കീ ലോകകപ്പ് നടന്ന റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. 300ലേറെ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് റിസോര്‍ട്ടിലെ പൊട്ടിത്തെറിയുണ്ടായ ബാര്‍. പുതുവര്‍ഷ തലേന്ന് ഇവിടെ എത്ര പേരുണ്ടെന്നത് ഇനിയും വ്യക്തമല്ല. ബാര്‍ അടയ്ക്കാന്‍ മുപ്പത് മിനിറ്റോളം ശേഷിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.