- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് പതിവ്; തിരിച്ചുവരുന്നത് മോഷ്ടിച്ച മൊബൈൽ ഫോണുമായി; പഠിക്കാനും താല്പര്യമില്ല, അനുസരണയുമില്ല; മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത് 12 വയസ്സുകാരനെ തൂണിൽ കെട്ടിയിട്ട്; നടപടിയെടുത്തത് ശിശുസംരക്ഷണ സമിതി
നാഗ്പൂർ: മോഷണവും അനുസരണക്കേടും ആരോപിച്ച് 12 വയസ്സുകാരൻ മകനെ രണ്ട് മാസത്തിലേറെയായി കോൺക്രീറ്റ് തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടിയിട്ട മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ അവകാശങ്ങൾ ലംഘിച്ചതിനും മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽപ്പിച്ചതിനും മാതാപിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിച്ചു.
അയൽവാസികൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്. ചങ്ങലയുടെ പിടിയിൽ കൈകാലുകളിൽ മുറിവേറ്റ നിലയിലായിരുന്നു കുട്ടി. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിക്ക് നിലവിൽ കൗൺസിലിംഗ് നൽകി വരികയാണ്.
ദിവസവേതനക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടിയെ തൂണിൽ കെട്ടിയിടുകയായിരുന്നു പതിവ്. മകൻ പഠിക്കുന്നില്ലെന്നും അനുസരിക്കുന്നില്ലെന്നും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് പതിവാണെന്നും മാതാപിതാക്കൾ അധികൃതരോട് വിശദീകരിച്ചു. മറ്റുള്ളവരുടെ മൊബൈൽ ഫോൺ അടക്കം എടുത്തുകൊണ്ട് വരുന്ന സ്വഭാവം നിയന്ത്രണാതീതമായതോടെയാണ് ഈ കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അവർ പറയുന്നു.
കുട്ടിയുടെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയനായെന്നും ബാലാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.




