- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആകാശം പൊട്ടി വീഴുന്നതുപോലെ തോന്നി'; കാരക്കാസില്‍ തീമഴ പെയ്യിച്ച് യു എസിന്റെ വ്യോമാക്രമണം; സൈനിക താവളങ്ങള്‍ തകര്‍ത്തു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡുറോ; ട്രംപിന്റെ ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണ ശേഖരം പിടിച്ചെടുക്കലോ? സിഐഎയുടെ രഹസ്യ ഓപ്പറേഷന് പിന്നാലെ ലാറ്റിന്‍ അമേരിക്ക യുദ്ധഭീതിയില്‍
കാരക്കാസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. വെനസ്വേലയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. സിവിലിയന്‍, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തെ വെനസ്വേലന്‍ സര്‍ക്കാര്‍ ശക്തമായി അപലപിച്ചു. അനുയായികളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മഡുറോ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാരക്കാസില്‍ ഏഴോളം സ്‌ഫോടനശബ്ദങ്ങളും വിമാനങ്ങളുടെ ഇരമ്പലും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് നഗരത്തിലെ സൈനിക താവളങ്ങളില്‍ നിന്ന് പുക ഉയരുന്നതായും ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം സംബന്ധിച്ച് വൈറ്റ് ഹൗസ്, പെന്റഗണ്‍ എന്നിവ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ സിബിഎസ് ന്യൂസിനോടും (CBS News) ഫോക്‌സ് ന്യൂസിനോടും (Fox News) സ്ഥിരീകരിച്ചു.
നിരവധി ഉഗ്രസ്‌ഫോടനങ്ങളാണ് കാരക്കാസില്‍ അടക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിക്കോളാസ് മഡുറോയെ വീഴ്ത്താന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ തങ്ങളും എണ്ണ നിക്ഷേപം ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണം ഒറ്റക്കെട്ടായി ചെറുക്കണമെന്നാണ് നിക്കോളാസ് മഡുറോ ആഹ്വാനം ചെയ്തിട്ടുള്ളത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാരക്കാസിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാന്‍ഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കന്‍ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് വിമാനങ്ങള്‍ കാരക്കസിന് മുകളില്‍ വട്ടമിട്ട് പറന്നിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നാലോളം വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിന് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷിയായെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാ ഗുയ്രായിലും ആക്രമണമുണ്ടായെന്നാണ് വെനസ്വേലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെനസ്വേലയ്ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിരുന്നു. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തിടെ ട്രംപ് നിരന്തരം വെനസ്വേലയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വെനസ്വേയ്ക്ക് ഉള്ളില്‍ കയറി ആക്രമിക്കാന്‍ ഒക്ടോബറില്‍ സിഐഎയ്ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ മയക്കുമരുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഎസ് ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ എണ്ണ നിക്ഷേപത്തെയാണെന്നും മഡുറോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
വെനസ്വേലന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ഫോര്‍ട്ട് ടിയോണ (Fort Tiona) ഉള്‍പ്പെടെയുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സിഎന്‍എന്‍ (CNN) റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലിറങ്ങി. 'ഭൂമി ആകെ കുലുങ്ങി, ഇത് ഭയാനകമാണ്,' എന്ന് കാരക്കാസിലെ ഒരു താമസക്കാരി പ്രതികരിച്ചു. യു എസ് ഇപ്പോള്‍ കാരക്കാസില്‍ ബോംബാക്രമണം നടത്തുകയാണ് എന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഡുറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ട്രംപ് ഭരണകൂടം വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ക്രിസ്മസ് തലേന്ന് സിഐഎ (CIA) വെനസ്വേലയിലെ ഒരു തുറമുഖ കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. മയക്കുമരുന്ന് കടത്ത് തടയാനാണ് ഈ നീക്കങ്ങളെന്നാണ് യുഎസ് പക്ഷം. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും അറ്റ്‌ലാന്റിക് സമുദ്രത്തിലുമായി 35-ഓളം കപ്പല്‍ ആക്രമണങ്ങള്‍ യുഎസ് നടത്തിയിട്ടുണ്ട്. ഇതില്‍ ഏകദേശം 115 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഭരണമാറ്റത്തിനാണോ ഈ സൈനിക നടപടികളെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, മഡുറോ സ്ഥാനമൊഴിയുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാരക്കാസില്‍ പൊട്ടിത്തെറികള്‍ക്ക് തൊട്ട് മുന്‍പായി അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ യുഎസ് വിമാനങ്ങളെ വെനസ്വേലയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിലക്ക്. സൈനിക നടപടികള്‍ മൂലം മേഖല സുരക്ഷിതമല്ലെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിശദമാക്കുന്നത്. പ്രാദേശിക സമയം 1 മണിയോടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇത് സംബന്ധിച്ച് നാല് നോട്ടീസാണ് ഇറക്കിയത്. നോട്ടീസില്‍ നിര്‍ദ്ദേശിച്ച നാല് മേഖലകളിലാണ് നിലവില്‍ വ്യാപകമായ വ്യോമാക്രമണം നടന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ഏത് സൈന്യമാണ് നടപടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിശദമാക്കിയിരുന്നില്ല.




