- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനസ്വേലയെ വിറപ്പിച്ച് ട്രംപിന്റെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; കാരക്കാസില്‍ ഇരച്ചുകയറി യുഎസ് പോര്‍വിമാനങ്ങള്‍; ഏകാധിപതിയുടെ അന്ത്യം കുറിച്ചത് നര്‍ക്കോ-ഭീകരവാദ ആരോപണത്തില്‍; ട്രംപിന്റെ 'ക്രിസ്മസ് സര്‍പ്രൈസ്' ലക്ഷ്യം കണ്ടു
വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍
വാഷിംഗ്ടണ്‍/കാരക്കാസ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ യുഎസ് സൈന്യത്തിന്റെ മിന്നലാക്രമണം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വന്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് മഡുറോയെ പിടികൂടിയ വിവരം ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ട്രംപിന്റെ പ്രഖ്യാപനം
'അമേരിക്കന്‍ ഐക്യനാടുകള്‍ വെനസ്വേലയ്ക്കും അതിന്റെ നേതാവിനുമെതിരെ വിജയകരമായി വന്‍തോതിലുള്ള ആക്രമണം നടത്തിയിരിക്കുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി,' ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ നിയമപാലകരുമായി സഹകരിച്ചാണ് ഈ സൈനിക നീക്കം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരക്കാസില്‍ സംഭവിച്ചത് എന്ത്?
ശനിയാഴ്ച പുലര്‍ച്ചെ 1:50-ഓടെയാണ് കാരക്കാസില്‍ സ്‌ഫോടനങ്ങള്‍ തുടങ്ങിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ഫോര്‍ട്ട് തിയോണ, ലാ കാര്‍ലോട്ട വ്യോമതാവളം എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ യുഎസ് തകര്‍ത്തു.
നഗരത്തില്‍ വിമാനങ്ങളുടെ ഇരമ്പലും കനത്ത പുകപടലങ്ങളും ഉയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങി. പലയിടത്തും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു.
പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിയോടെ കാരക്കാസില്‍ ഏഴ് സ്‌ഫോടനങ്ങളും താഴ്ന്നുപറക്കുന്ന വിമാനങ്ങളും കേട്ടതായി ദൃക്‌സാക്ഷികള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുലര്‍ച്ചെ 1:50-ഓടെയാണ് സ്‌ഫോടനങ്ങള്‍ ആരംഭിച്ചതെന്നും വെനസ്വേലന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ഫോര്‍ട്ട് ടിയോണയാണ് ഒരു ലക്ഷ്യമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കാരക്കാസിലെ ഒരു സൈനിക താവളത്തിന്റെ ഹാങ്ങറില്‍ നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. നഗരത്തിലെ മറ്റൊരു സൈനിക സ്ഥാപനത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ലാ കാര്‍ലോട്ട വിമാനത്താവളത്തിന് സമീപവും പുക ഉയര്‍ന്നു.
'മുഴുവന്‍ നിലവും കുലുങ്ങി. ഇത് ഭയങ്കരമാണ്. ദൂരെ സ്‌ഫോടനങ്ങളും വിമാനങ്ങളും ഞങ്ങള്‍ കേട്ടു,' ഒരു പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ബന്ധുക്കളോടൊപ്പം മടങ്ങുകയായിരുന്ന 21 വയസ്സുകാരിയായ കാര്‍മെന്‍ ഹിഡാല്‍ഗോ പറഞ്ഞു. 'വായു ഞങ്ങളെ വന്ന് ഇടിക്കുന്നതുപോലെ തോന്നി.'
മഡുറോയുടെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സാമ്രാജ്യത്വ ആക്രമണമാണ് നടന്നതെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു. നിക്കോളാസ് മഡുറോ നര്‍ക്കോ-ഭീകരവാദത്തിന് (narco-terrorism) കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം മുന്‍നിര്‍ത്തിയാണ് ട്രംപ് ഭരണകൂടം ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഈ നീക്കത്തെ അപലപിക്കുകയും ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് രാവിലെ ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ട്രംപ് വെളിപ്പെടുത്തും.




