ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ കസ്റ്റഡിയിലെടുത്ത് ന്യൂയോർക്കിൽ എത്തിച്ചു. മഡൂറോ യുഎസ് കോടതിയിൽ വിചാരണ നേരിടുമെന്നും അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ ചോദ്യം ചെയ്യലിന് വിധേയനാകുമെന്നും അധികൃതർ അറിയിച്ചു.

മഡൂറോയെ ബന്ധിയാക്കിയതായി പ്രഖ്യാപിച്ച യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ശരിയായ അധികാര കൈമാറ്റം പൂർത്തിയാകുംവരെ ഭരണം തുടരുമെന്നും വ്യക്തമാക്കി. ആവശ്യമെങ്കിൽ രാജ്യത്ത് വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മഡൂറോയോടൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് അറിയിച്ചു.

അമേരിക്കൻ നാവികസേനാ കപ്പലിൽ കണ്ണുകെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. മഡൂറോയുടെ അഭാവത്തിൽ വെനസ്വേലയുടെ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തോട് ലോകരാജ്യങ്ങൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. അതേസമയം, പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. മഡൂറോ ഒരു ഏകാധിപതിയാണെന്നും, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിച്ചതായും ട്രംപ് പറഞ്ഞു. വെനസ്വേലയിൽ ആർക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും അദ്ദേഹം താക്കീത് നൽകി.

അതേസമയം, വെനസ്വേലയില്‍ ജനാധിപത്യപരമായ അധികാരമാറ്റം വരുന്നത് വരെ അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 'സുരക്ഷിതവും, ശരിയായതും, വിവേകപൂര്‍ണ്ണവുമായ ഒരു കൈമാറ്റം സാധ്യമാകുന്നത് വരെ ഞങ്ങള്‍ ആ രാജ്യം ഭരിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ നടന്നത് പോലെ മറ്റൊരു സാഹചര്യം ഇനി ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' ട്രംപ് വ്യക്തമാക്കി. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും യുഎസ് സൈന്യത്തിന്റെ പിടിയിലായെന്നും, ഇരുവരും അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധക്കപ്പലില്‍ മഡുറോയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്നതിന്റെ ചിത്രം ട്രംപ് പുറത്തുവിട്ടു. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധക്കപ്പലില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് അവകാശപ്പെട്ട ട്രംപ്, മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടുന്നത് രാത്രിയില്‍ ഒരു ടെലിവിഷന്‍ ഷോ കാണുന്നതുപോലെയാണ് താന്‍ കണ്ടതെന്നും വെളിപ്പെടുത്തി.

കാരക്കാസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ മഡുറോയെയും ഭാര്യയെയും പ്രത്യേക സൈനിക വിഭാഗം നാടകീയമായി പിടികൂടിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള തന്റെ മാര്‍-എ-ലാഗോ കണ്‍ട്രി ക്ലബ്ബില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഈ വിവരങ്ങള്‍ വിശദീകരിച്ചത്. യുഎസിലേക്ക് അനധികൃത മയക്കുമരുന്ന് ഒഴുക്കുന്ന ഒരു കാര്‍ട്ടലിന്റെ തലവനാണ് മഡുറോയെന്നും, മയക്കുമരുന്ന് കടത്തും ആയുധക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.

വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം കാത്തിരുന്നതായി ട്രംപ് പറഞ്ഞു. ഓപ്പറേഷനിടെ ചില യുഎസ് സൈനികര്‍ക്ക് പരുക്കുകള്‍ സംഭവിച്ചെങ്കിലും മരണമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് സ്ഥിരീകരിച്ചു. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി മഡുറോയെ യുഎസില്‍ വിചാരണ ചെയ്‌തേക്കുമെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലീ ഇക്കാര്യം വെളിപ്പെടുത്തിയത്.