തിരുവനന്തപുരം: പറവൂര്‍ മണ്ഡലത്തിലെ പ്രളയബാധിതര്‍ക്കായി വിഭാവനം ചെയ്ത 'പുനര്‍ജനി' ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് വിദേശ പണപ്പിരിവിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശ ഇപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും.

വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ചെന്ന ഗൗരവകരമായ ആരോപണമാണ് സതീശന്‍ നേരിടുന്നത്. വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്ന കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് പരിമിതികളുള്ളതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ അനിവാര്യമാണെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ സിബിഐ കൂടി അന്വേഷണം ഏറ്റെടുക്കുന്നതോടെ പുനര്‍ജനി പദ്ധതി വി.ഡി. സതീശന് വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറുമെന്നാണ് സിപിഎം വിലയിരുത്തല്‍.

പറവൂരിലെ പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുവാദമില്ലാതെ വിദേശത്തു പോയതും അവിടെ നടന്ന ചടങ്ങില്‍ പണം ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുരുക്കാകുമെന്നാണ് വിലയിരുത്തല്‍. രണ്ടിനും തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇതിനായി പദവി ദുരുപയോഗം ചെയ്തതിലും നിയമലംഘനത്തിലും ഊന്നിയാകും വിജിലന്‍സ് അന്വേഷണം. പ്രളയബാധിതര്‍ക്കായി വിദേശത്തു പോയി പണം പിരിക്കാന്‍ വി ഡി സതീശന് അനുവാദം കൊടുത്തിട്ടില്ലെന്ന് വിദേശ മന്ത്രാലയം 2020 ഒക്ടോബര്‍ 21ന് ജയ്സണ്‍ പാനിക്കുളങ്ങരയ്ക്ക് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതര്‍ക്കായി നിങ്ങള്‍ 500 പൗണ്ട് വീതം സംഭാവന നല്‍കണമെന്ന് ബര്‍മിങ്ഹാമില്‍ പ്രസംഗിക്കുന്ന വീഡിയോ സതീശന്‍ തന്നെ ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു. ഇതും വിവാദമായി.

പ്രളയബാധിതരെ സഹായിക്കാനായി ആരും വിദേശത്തു പോയി പണം പിരിക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ വാഗ്ദാനം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ പോയതുമില്ല. പ്രവാസികള്‍ അറിഞ്ഞു നല്‍കിയ സഹായമാണ് സ്വീകരിച്ചത്. എന്നാല്‍, വി ഡി സതീശന്‍ ഇതെല്ലാം മറികടന്ന് വിദേശത്തു പോയി പണം ആവശ്യപ്പെടുകയായിരുന്നു.

നിയമസഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ 81 തവണ വിദേശയാത്ര നടത്തിയത് എന്തിനെന്നും പിരിച്ച പണം എത്രയെന്നും ചെലവഴിച്ചത് എങ്ങനെയെന്നും ചോദ്യമുയര്‍ന്നിരുന്നു. കാലാവസ്ഥാവ്യതിയാനം പഠിക്കാനാണ് പോയത് എന്നായിരുന്നു സതീശന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സിബിഐ അന്വേഷണ നീക്കം പുതു ചൂടും നല്‍കും.