കോഴിക്കോട്: കോഴിക്കോട് താമരശേരി കൈതപ്പൊയിലില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌നയുടെ (34) ഫോണ്‍ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആണ്‍സുഹൃത്ത് ആദില്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടുള്ളവരുടെ പേരുകള്‍ പറയുന്ന ഫോണ്‍ സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വര്‍ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഹസ്‌ന ആത്മഹത്യ ചെയ്തതല്ലെന്നും സുഹൃത്ത് ആദില്‍ കൊലപ്പെടുത്തിയതാണെന്നും ഹസ്‌നയുടെ മാതാവ് ആരോപിച്ചു. മരണപ്പെടുന്നതിന് മുന്‍പ് തന്നെ വിളിച്ചിരുന്നുവെന്നും കഴുത്തില്‍ കണ്ട മുറിവ് സംശയാസ്പദമാണെന്നും മാതാവ് പറഞ്ഞു. 'കഴിഞ്ഞമാസം 30ന് എന്നെ 11 മണിയാകുന്ന സമയത്ത് വിളിച്ചിരുന്നു. ഉമ്മച്ചിയുടെ അരികത്ത് എനിക്ക് 10 മിനിറ്റ് നില്‍ക്കണം. ഉമ്മച്ചീന്റെ കൈയിന്ന് വെള്ളം വാങ്ങി കുടിക്കണമെന്ന് പറഞ്ഞു. അഞ്ചുമണി ആകുമ്പോഴേക്കും ബാലുശേരി എത്തണമെന്ന് പറഞ്ഞു.പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടിന്നിറങ്ങി.വീണ്ടും വിളിച്ചപ്പോള്‍ അവള്‍ കരയുകയായിരുന്നു. ഉമ്മ ഇനി വരണ്ടാ എന്നാണ് അവള് പറഞ്ഞത്.പത്തുമിനിറ്റ് നേരം ഫോണ്‍ കട്ടാക്കാതെ കരഞ്ഞു. എന്റെ മോനെ നന്നായി നോക്കണമെന്ന് പറഞ്ഞായിരുന്നു കരഞ്ഞത്. പിന്നെ ഫോണ്‍ കട്ടായി. മൂന്ന് തവണ തിരിച്ചുവിളിച്ചിട്ടും കിട്ടിയില്ല. ഞാന്‍ ജീവിച്ച് കാണിക്കുമെന്ന് പറഞ്ഞയാളാണ് അവള്‍. അവനാണ് ഹസ്‌ന മരിച്ച കാര്യം ഞങ്ങളെ വിളിച്ച് പറഞ്ഞത്. കഴുത്തില്‍ മുറിവുണ്ടായിരുന്നു. എന്റെ മോളെ അവന്‍ കൊന്നതാണെന്നാണ് എനിക്ക് ഉറപ്പാണ്.എന്റെ മകള്‍ അനുഭവിച്ചത് ആരും അനുഭവിക്കരുത്..വേറൊരു പെണ്‍കുട്ടിക്കും ഇനി ഈ ഗതി വരരുത്'.ഹസ്‌നയുടെ ഉമ്മ പറഞ്ഞു.

ലഹരി ഉപയോഗിക്കുന്ന കാര്യങ്ങളടക്കം തുറന്നു പറയുന്ന ഹസ്‌ന, കൊടിസുനി അടക്കമുള്ളവരെ പരാമര്‍ശിച്ചത് മരണത്തില്‍ ദുരൂഹത കൂട്ടുന്നുവെന്നാണ് ബന്ധുക്കളുടെ വാദം. ലഹരി ഇടപാട് പുറത്തറിയുമെന്ന് ഭയന്ന് ഹസ്‌നയെ അപായപ്പെടുത്തിയതാണോ എന്നും സംശയിക്കുന്നു. 'എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാന്‍ വെളിപ്പെടുത്തും. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടും' എന്നാണ് ശബ്ദസന്ദേശത്തില്‍ ഹസ്‌ന പറയുന്നത്. ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ഹസ്‌ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോണ്‍ എടുക്കാതായപ്പോള്‍ ഒക്ടോബര്‍ 28ന് മറ്റൊരു ഫോണില്‍ നിന്ന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ആദില്‍ എന്ന പേരുള്ളയാളെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തില്‍, തന്റെ ജീവിതം പോയെന്നു പറയുന്ന യുവതി കരച്ചില്‍ അടക്കിയാണ് സംസാരിക്കുന്നത്. പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ഭീഷണിയോടെയാണ് കൊടി സുനി, ഷിബു തുടങ്ങിയ പേരുകള്‍ പറയുന്നത്. ലഹരി ഉപയോഗത്തിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തുമെന്നും 26 സെക്കന്‍ഡ് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

ആദിലേ നീ ഫോണെടുത്തോ....12 മണി വരെ നിനക്ക് ടൈം തന്നിട്ടുണ്ട്. അല്ലെങ്കില്‍ കളി ഇതൊന്നും ആയിരിക്കില്ല. എന്റെ ജീവിതം പോയി. എന്റെ ജീവിതം പോവാണെങ്കില്‍ നിന്റെ ജീവതവും തീര്‍ക്കും. കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും. സത്യാണിത്. എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും അടിക്കുന്ന ലഹരിയുടെ വിവരമടക്കം സമൂഹമാധ്യമത്തില്‍ പങ്കുവെക്കും എന്നാണ് ഹസ്‌ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. മരിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പ് ഹസ്‌ന ആദിലിന് അയച്ച ശബ്ദ സന്ദേശമാണിത്. ലഹരി ഉപയോഗിക്കുന്ന കാര്യങ്ങളടക്കം തുറന്നു പറയുന്ന ഹസ്‌ന, കൊടിസുനി അടക്കമുള്ളവരെ പരാമര്‍ശിച്ചത് മരണത്തില്‍ ദുരൂഹത കൂട്ടുന്നുവെന്നാണ് ബന്ധുക്കളുടെ വാദം. ലഹരി ഇടപാട് പുറത്തറിയുമെന്ന് ഭയന്ന് ഹസ്‌നയെ അപായപ്പെടുത്തിയതാണോ എന്നും സംശയിക്കുന്നു.

എട്ടുമാസം മുമ്പാണ് ആദിലിനൊപ്പം ഹസ്‌ന താമസം തുടങ്ങിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഹസ്‌ന ആദിലിനൊപ്പം പോയത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ആദിലിനും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ആദിലിനൊപ്പം പോയ ശേഷം ഹസ്‌ന നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. പലപ്പോഴും ഹസ്‌ന മാതാപിതാക്കളോട് സങ്കടം പറയാറുണ്ടെങ്കിലും ഇത്രത്തോളം രൂക്ഷമാകുമെന്ന് ഇവര്‍ കരുതിയില്ല. ഹസ്‌ന ആത്മഹത്യകുറിപ്പ് എഴുതിവച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മാതാപിതാക്കളടക്കം ആരും അത് കണ്ടിട്ടില്ല. കുറിപ്പ് എഴുതി വച്ചത് ഹസ്‌ന തന്നെയാണോ എന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം, യുവതി ഉപയോഗിച്ച ഫോണ്‍ ഇപ്പോഴും യുവാവിന്റെ കൈവശമാണ് ഉള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ബലപ്പെടുകയാണെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.