കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അനീറ്റ മരിയ റെജി(21)യാണ് കാറില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു കുടുംബം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ കാറിനുള്ളില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അരൂരില്‍ എത്തിയതായിരുന്നു അനീറ്റയും കുടുംബവും. ജനുവരി 22നായിരുന്നു അനീറ്റയ്ക്ക് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രസവവേദന തുടങ്ങി. ഇതോടെ ഇവര്‍ അരൂരിലെ ഒരു ആശുപത്രിയിലെത്തി ചികിത്സ നടത്തിയിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകള്‍ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം വിപിഎസ് ലേക്ഷോറിലേക്ക് പുറപ്പെടുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കാറില്‍ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു. പ്രസവ വേദനയോടെ ആശുപത്രിയിലേക്ക് യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിനിയുടെയും ആണ്‍ കുഞ്ഞിന്റെയും ജീവന്‍ അത്യാഹിത വിഭാഗത്തിലെ ഡോ. ആദില്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാര്‍ നിര്‍ത്തുമ്പോഴേക്കും കുഞ്ഞ് പുറത്ത് വരാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്ഥലത്തെത്തിയ ഡോ. ആദില്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അവസ്ഥ വിലയിരുത്തി. സ്‌ട്രെച്ചറടക്കമുള്ള സംവിധാനങ്ങളുമായി മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി. എന്നാല്‍ യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ, കാറിനുള്ളില്‍ വെച്ച് തന്നെ പ്രസവത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇതോടെ കുടുംബത്തിന്റെ വോള്‍വോ കാറില്‍ വെച്ച് തന്നെ ഡോക്ടറും സംഘവും സുരക്ഷിതമായി പ്രസവം നടത്തി.

അമ്മക്കും കുഞ്ഞിനും പൂര്‍ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് എല്ലാ നടപടികളും സ്വീകരിച്ചത്. തുടര്‍ന്ന് സീനിയര്‍ പീഡിയാട്രിഷ്യന്‍ ഡോ. പ്രിയദര്‍ശിനിയടക്കമുള്ളവര്‍ സ്ഥലത്തെത്തി ആവശ്യമായ പരിചരണം നല്‍കി. ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ലേബര്‍ റൂമില്‍ പ്രസവാനന്തര പരിചരണത്തിലാണെന്നും കുഞ്ഞ് എന്‍ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.