കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുവദിച്ചില്ലെന്നും മന്നം സ്മാരകത്തില്‍ എല്ലാ നായന്‍മാര്‍ക്കും അവകാശമുണ്ടെന്നും തുറന്നടിച്ച ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന് മറുപടിയുമായി എന്‍.എസ്.എസ് നേതൃത്വം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എന്‍.എസ്.എസ് നേതൃത്വത്തിന്റെ മറുപടി. ഡല്‍ഹിയില്‍ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജി. സുകുമാരന്‍ നായരെ പേരെടുത്തു പറയാതെ ആനന്ദബോസിന്റെ ആരോപണം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് നായര്‍ സമുദായാഗംങ്ങളുടെ അവകാശമല്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പരാമര്‍ശം വിവാദമായതോടെ അങ്ങനെയൊരു സംഭവമേ ഇല്ലെന്നും ആനന്ദബോസിന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേക സമയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. അല്ലാത്ത സമയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ അനുവാദം വേണം. എന്നോട് അദ്ദേഹം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു സംഭവമില്ല. ഞങ്ങള്‍ രണ്ടുപേരും നല്ല ടേംസിലുള്ള ആളുകളാണ്. ആനന്ദബോസ് ഡല്‍ഹിയില്‍ ഇങ്ങനെ പറഞ്ഞതെന്തിനെന്ന് അറിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

വളരെ വിചിത്രമായ വിവാദമാണിതെന്നും ബംഗാള്‍ ഗവര്‍ണര്‍ പെരുന്നയില്‍ എത്തിയപ്പോള്‍ യഥാവിധി സ്വാഗതം ചെയ്തുവെന്നും വളരെ നല്ല രീതിയിലാണ് അദ്ദേഹം മടങ്ങിയതെന്നുമാണ് എന്‍.എസ്.എസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ തന്നെ മന്നം സമാധിയില്‍ കൊണ്ടുപോയി സന്ദര്‍ശനം നടത്തിയില്ല എന്ന് പരാതി പറയുന്നതില്‍ അര്‍ഥമില്ലെന്നും അത്തരമൊരു ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടില്ലെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാട്ടി. സന്തോഷത്തോടെ ടാറ്റാ പറഞ്ഞുപോയിട്ട് ഇപ്പോള്‍ മറ്റൊരു വേദിയില്‍ പരാതി പറയുന്നതില്‍ ദുഷ്ടലാക്കുണ്ടെന്നും പോസ്റ്റില്‍ എന്‍.എസ്.എസ് നേതൃത്വം വിമര്‍ശിച്ചു. ആനന്ദബോസിന്റെ സന്ദര്‍ശനത്തിന്റെ ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ഫോട്ടോകള്‍ കഥ പറയും.

വളരെ വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്നു. അതായത് മുന്‍പെങ്ങോ ബംഗാളിന്റെ ഗവര്‍ണര്‍ പെരുന്ന സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് പെരുന്നയിലുള്ളവര്‍ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ സാഹചര്യം ഒരുക്കിയില്ലെന്നാണ് വിവാദം. ഈ മാന്യദേഹം അവിടെ എത്തിയപ്പോള്‍ അദ്ദേഹത്തെ യഥാവിധി സ്വാഗതം ചെയ്യുകയും, അരമണിക്കൂറോളം കൂടിക്കാഴ്ച നടക്കുകയും, ചില പുസ്തകങ്ങള്‍ പരസ്പരം കൈമാറുകയും, ഫോട്ടോ എടുക്കുകയും, തുടര്‍ന്ന് യാത്രയാക്കാന്‍ കാറിന്റെ അടുത്തെത്തി ഡോര്‍ തുറന്നു നല്‍കി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തതാണ്. അദ്ദേഹം തന്നെ അതു പറയുന്നുമുണ്ട്. ആ ആള്‍ തന്നെ മന്നം സമാധിയില്‍ കൊണ്ടുപോയി സന്ദര്‍ശനം നടത്തിയില്ല എന്ന് പരാതി പറയുന്നതില്‍ എന്തര്‍ത്ഥം??

വാസ്തവത്തില്‍ അത്തരം ഒരാവശ്യം അദ്ദേഹം അറിയിക്കുകയോ, അല്ലെങ്കില്‍ പ്രകടിപ്പിക്കുകയോ ചെയ്തില്ല. അറിയിച്ചിട്ടും അതനുവദിച്ചില്ലെങ്കില്‍ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നാം. അതൊന്നുമില്ലാതെ സന്തോഷത്തോടെ കാറില്‍ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോള്‍ വേറൊരു വേദിയില്‍ പരാതി പറയുന്നതില്‍ ദുഷ്ട്ട ലാക്കുണ്ട്. ഒരുപക്ഷെ പെരുന്നയില്‍ നിന്നും പോയശേഷമായിരിക്കും അതേക്കുറിച്ച് ചിലപ്പോള്‍ ഓര്‍ത്തത് തന്നെ.

ഏതായാലും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ വിവാദമാക്കിയതിനു പിന്നില്‍ അല്പം കുബുദ്ധിയുണ്ട് എന്നത് സമുദായ നേതൃത്വവും, അംഗങ്ങളും മനസിലാക്കുണ്ട്. മന്നംസമാധിയില്‍ സമര്‍പ്പിക്കുന്നത് എന്താണെന്നുപോലും മാന്യദ്ദേഹത്തിന് അറിയില്ലെങ്കില്‍ അത് ആരുടെ കുറ്റമാണ്.കഥ തുടരട്ടെ. ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം

തനിക്ക് വളരെ സങ്കടകരമായ ഒരു കാര്യമുണ്ടായതായും അത് തുറന്നുപറയാന്‍ ആഗ്രഹിക്കുകയാണെന്നും പറഞ്ഞായിരുന്നു ആനന്ദബോസ് തുടങ്ങിയത്. ഗ്രാമപ്രദേശത്ത് പഠിച്ചുവളര്‍ന്നയാളാണ്. മലയാളം മീഡിയത്തില്‍ പഠിച്ചയാളാണ്. ദൈവാനുഗ്രഹം കൊണ്ട് ഐഎഎസ് കിട്ടി. പശ്ചിമബംഗാളിന്റെ ഗവര്‍ണറാക്കാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഒരു ദിവസം വിളിച്ചു പറഞ്ഞു. കരയോഗമാണ് തന്നെയാ സ്ഥാനത്ത് കൊണ്ടെത്തിച്ചത്. അത് മനസ്സില്‍വെച്ചുകൊണ്ടാണ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നത്താചാര്യന്റെ മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചത്. ജനറല്‍ സെക്രട്ടറി കാറിന്റെ ഡോര്‍ തുറന്ന് സ്വീകരിച്ചു. ചായ സത്കാരം നല്‍കി, സംസാരിച്ചു. കാറില്‍ കയറ്റി തിരികെ അയയ്ക്കുകയും ചെയ്തു. പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ല. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് നായര്‍ സമുദായാഗംങ്ങളുടെ അവകാശമല്ലേ, എന്നായിരുന്നു ആനന്ദബോസ് പ്രസംഗത്തില്‍ പറഞ്ഞത്.