കൊല്ലം: ശബരിമല സന്നിധാനത്തെ ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന അതീവ ഗുരുതരമായ കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസിന്റെ ഗൗരവവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് കോടതി നടപടി.

ശബരിമല ശ്രീകോവിലിന്റെ കാവല്‍ ശില്പങ്ങളായ ദ്വാരപാലക വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ പാളികളില്‍ വലിയൊരു ഭാഗം മോഷ്ടിക്കപ്പെട്ടു എന്നതാണ് കേസ്. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് ഈ ക്രമക്കേട് നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശ്രീകോവില്‍ നവീകരണത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു എന്നാണ് ആരോപണം. ശില്പങ്ങളില്‍ ചാര്‍ത്തിയ സ്വര്‍ണ്ണത്തിന്റെ അളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വലിയ കുറവ് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.

പത്മകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും രേഖകള്‍ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. മുന്‍പ് പലതവണ ചോദ്യം ചെയ്തപ്പോഴും പത്മകുമാര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

ശബരിമല പോലുള്ള പുണ്യസ്ഥലത്തെ ശ്രീകോവിലില്‍ നടന്ന മോഷണം ഭക്തര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പത്മകുമാറിന്റെ ഭരണകാലത്ത് നടന്ന മറ്റ് ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വര്‍ണ്ണ ശുദ്ധി വരുത്തുന്ന നടപടികളെക്കുറിച്ചും അന്വേഷണം അടുത്ത ഘട്ടത്തിലാണ്. ഈ കേസില്‍ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരും മുന്‍ ജീവനക്കാരും പ്രതിപ്പട്ടികയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ജാമ്യം നിഷേധിക്കപ്പെട്ടതോടെ പത്മകുമാറിനെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ചര്‍ച്ചകളില്‍ എത്തും. ഹൈക്കോടതിയിലും പത്മകുമാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സ്വര്‍ണ്ണം പൂശിയ ശബരിമല ശ്രീകോവിലിലെ വാതില്‍പ്പാളികള്‍ വെറും 'ചെമ്പാണെന്ന്' രേഖകളില്‍ തിരുത്തി എഴുതിയ പത്മകുമാറിന്റെ നടപടി ഗുരുതരമായ കൃത്യവിലോപമാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 2019-ല്‍ വാതില്‍പ്പാളികള്‍ കൈമാറുന്നതിനായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ ശുപാര്‍ശയില്‍ ഇവ 'സ്വര്‍ണ്ണം പൂശിയവ' ആണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ബോര്‍ഡ് യോഗത്തിനിടെ പത്മകുമാര്‍ തന്നെ നേരിട്ട് ഇടപെട്ട് 'പിത്തളയില്‍' എന്ന വാക്ക് വെട്ടിമാറ്റി 'ചെമ്പ് പാളികള്‍' എന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇത് സ്വര്‍ണ്ണം തട്ടിയെടുക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്ന് അന്വേഷണസംഘം കരുതുന്നു.

ക്ഷേത്രവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന പത്മകുമാറിന് വാതില്‍പ്പാളികള്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് കൃത്യമായ അറിവുണ്ടായിരുന്നു. ടൈപ്പിംഗ് പിശക് തിരുത്തിയതാണെന്ന അദ്ദേഹത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്നും, ദേവസ്വം പ്രസിഡന്റ് എന്ന നിലയില്‍ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹം ലംഘിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രേഖകളില്‍ വരുത്തിയ തിരുത്തലുകള്‍ പത്മകുമാറിന്റെ കൈപ്പടയിലാണോ എന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹത്തിന്റെ ഒപ്പും കൈയക്ഷരവും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ കൈമാറുന്നതിന് മുന്‍പ് കൃത്യമായ കരാറുകളോ രേഖകളോ സൂക്ഷിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. . തന്ത്രിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തിരിച്ചടിയായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് പുതിയ തലത്തിലേക്ക് കടന്നിരുന്നു. സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയതില്‍ തന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും എസ്.ഐ.ടി കണ്ടെത്തി. ഇതോടെ തന്ത്രിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക് അന്ത്യമായി. കണ്ഠരര് കുടുംബത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.

കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നു കൃത്യമായ അറിവുണ്ടായിട്ടുംപത്മകുമാര്‍ ബോര്‍ഡ് നോട്ട് തിരുത്തിയെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍ എന്ന് എഴുതുന്നതിനു പകരം ചെമ്പ് പാളികള്‍ എന്നെഴുതി. പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയില്‍ 'അനുവദിക്കുന്നു' എന്നും എഴുതി. മനഃപൂര്‍വമാണ് വ്യാജമായ വിവരങ്ങള്‍ എഴുതിയത്. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്മകുമാര്‍ സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും അറിയിച്ചു.

ശബരിമലയിലെ കട്ടിളപ്പടികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ തുടങ്ങിയവ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയ കാര്യങ്ങളിലെല്ലാം ഗുരുതര വീഴ്ചകളും ക്രമക്കേടുകളുമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചത്. കട്ടിളപ്പടികളില്‍നിന്നു 409 ഗ്രാം (51.125 പവന്‍) സ്വര്‍ണവും ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് 577 ഗ്രാം (72.125 പവന്‍) സ്വര്‍ണവുമാണ് എടുത്തത്. ഇതില്‍നിന്നുള്ള സ്വര്‍ണം ഉപയോഗിച്ചാണ് വാതില്‍പ്പാളിയിലും ദ്വാരപാലക ശില്‍പങ്ങളിലും സ്വര്‍ണം പൂശിയത്. ബാക്കി 474.957 ഗ്രാം (59.36 പവന്‍) സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെ കൈവശം ഉണ്ടായിരുന്നുവെന്നും അറിയിച്ചു. ദ്വാരപാലക ശില്‍പങ്ങളില്‍ 1564.190 ഗ്രാം (192.52 പവന്‍) സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.