- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മലപ്പുറം ജില്ലയിലെ ജനസംഖ്യ 47 ലക്ഷം; കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് ജില്ലയില്‍; സര്‍ക്കാര്‍ ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യം; തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണം; മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും രംഗത്ത്; മതപരമായ കണ്ണിലൂടെ കാണരുതെന്ന് കാന്തപുരം വിഭാഗം; നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങവെ മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും സജീവമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയില്‍ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്. കേരളത്തിലെ മറ്റു പല ജില്ലകളിലും ശരാശരി എട്ട് മുതല്‍ 12 ലക്ഷം വരെ മാത്രം ജനസംഖ്യയുള്ളപ്പോള്‍ മലപ്പുറത്ത് അതിന്റെ നാലിരട്ടിയോളം ആളുകളുണ്ട് എന്നത് വിഭജനം ആവശ്യപ്പെടുന്നവര്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രവാസികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ജനസംഖ്യ ഇനിയും വര്‍ധിക്കും. ഇത്രയും വലിയൊരു ജനവിഭാഗത്തിലേക്ക് എത്തുന്ന ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.
മലപ്പുറത്തിന് പുറമെ മൂവാറ്റുപുഴ കേന്ദ്രീകരിച്ചും തിരുവനന്തപുരം ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ലകള്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും മലപ്പുറത്തെ വിഭജന വാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതിനായി പ്രമേയം പാസാക്കിയിരുന്നു. കൂടാതെ എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് ജില്ലാ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ തിരൂര്‍ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രി, സബ് കളക്ടര്‍ ഓഫീസ്, ആര്‍ഡിഒ, വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പുതിയ ജില്ലാ രൂപീകരണ നടപടികള്‍ക്ക് വേഗം കൂട്ടുമെന്നും വിലയിരുത്തപ്പെടുന്നു.
കേരള മുസ്ലിം ജമാഅത്ത് പറയുന്നത്:
മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി അഭിപ്രായപ്പെട്ടു. 'ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം. 2011ലെ കണക്കനുസരിച്ച് 42 ലക്ഷം ജനങ്ങളുണ്ട്. ഒരു കലക്ടറുടെ കീഴിലാണ്. അതുപോലെ ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യംപോലുമില്ലാത്ത ഒരു മെഡിക്കല്‍ കോളജിന് കീഴിലാണ് ജില്ല. യഥാര്‍ഥത്തില്‍ പത്തനംതിട്ടയെ അപേക്ഷിച്ച് മലപ്പുറം ജില്ലയെ നാലെണ്ണെങ്കിലും ആക്കണം'-അദ്ദേഹം പറഞ്ഞു. 'ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് ആഴ്ചയില്‍ വാഹനങ്ങള്‍ മാറിമാറി വാങ്ങാന്‍ ഫണ്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം അരക്കോടിയുടേതാണെങ്കില്‍ ഇനി മൂന്ന് കോടിയുടേത് വാങ്ങാന്‍ ഫണ്ടിന്റെ പ്രശ്നമില്ല. പത്തനംതിട്ടയില്‍ പതിനൊന്ന് ലക്ഷം ആളുകളാണ്. അവിടെ ഒരു മെഡിക്കല്‍ കോളജും ഒരു കലക്ടറുമുണ്ട്. തിരുവനന്തപുരത്ത് പോലും 33 ലക്ഷം ആളുകളാണ് ഉള്ളൂ. മലപ്പുറത്ത് 42 ലക്ഷം മനുഷ്യന്മാരാണ്'- അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജാതി മത ഭേദമന്യേയുള്ള നാല്പത്തിയഞ്ച് ലക്ഷത്തിലധികം മനുഷ്യരെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജില്ലയിലെ പ്രധാന പട്ടണങ്ങളും ടൗണുകളും ബന്ധിപ്പിച്ച് പ്രത്യേകിച്ച് രാത്രിയിലും പകലിലും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അടിയന്തിരമായി തുടങ്ങി സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യമൊരുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യവുമായി കാന്തപുരം വിഭാഗം
വിഷയം ചര്‍ച്ചയാകുന്നതിനിടെയാണ് പിന്നാലെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയത്. പ്രസ്താവനയിലൂടെയായിരുന്നു നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര മലപ്പുറം ജില്ലയില്‍ എത്തിയപ്പോള്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസ്താവന വായിക്കുകയായിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
'ജില്ലാ വിഭജനം എന്നത് റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടത്': ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എന്‍ഡിപിയ്ക്ക് മലപ്പുറത്ത് ഒരു സ്ഥാപനം ഇല്ലെന്ന വെളളാപ്പളളി നടേശന്റെ ആരോപണത്തിനും ഖലീല്‍ തങ്ങള്‍ മറുപടി നല്‍കി. എസ്എന്‍ഡിപി അപേക്ഷ കൊടുത്തിട്ട് അവര്‍ക്ക് അര്‍ഹതയുളളത് കൊടുത്തിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ അത് കൊടുക്കണം എന്നാണ് അഭിപ്രായം എന്നാണ് അദ്ദേഹം പറഞ്ഞത്. മലപ്പുറത്ത് ഒരു എയ്ഡഡ് സ്‌കൂള്‍ പോലും ഇല്ലാത്തവരാണ് എ പി അബൂബക്കര്‍ വിഭാഗമെന്നും ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ധവളപത്രം ഇറക്കട്ടെയെന്നും ഖലീല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്നാം തീയതി മുതലാണ് എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ കേരള യാത്ര ആരംഭിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര നടക്കുക. കേരളത്തിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയുളള യാത്ര മലപ്പുറത്ത് എത്തിയപ്പോഴാണ് മലപ്പുറത്തെ വിഭജിക്കണമെന്ന പരാമര്‍ശം ഉണ്ടായത്.
ആവശ്യവുമായി സന്തോഷ് പണ്ഡിറ്റും
മലപ്പുറം ജില്ല വിഭജിക്കണം എന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും ആവശ്യപ്പെട്ടു മലപ്പുറം ജില്ലയിലെ ജനസംഖ്യ കൂടുതലാണ് എന്നും ആ ജില്ലയിലെ ആളുകള്‍ക്ക് നേരിട്ട് വികസനവും മറ്റും എത്തണമെങ്കില്‍ ജില്ല വിഭജിച്ച് രണ്ടാക്കണം എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ ഏഴ് പേരില്‍ ഒരാള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് എന്നും സന്തോഷ് പണ്ഡിറ്റ് നിരീക്ഷിച്ചു.
മലപ്പുറം, തിരൂര്‍ എന്നിങ്ങനെ രണ്ട് ജില്ലകള്‍ വേണം എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി വരെ തിരൂര്‍ ജില്ലയിലും കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, വഴിക്കടവ് വരെ മലപ്പുറം ജില്ലയിലും വരുന്ന തരത്തിലായിരിക്കണം ജില്ലാ വിഭജനം എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
മലപ്പുറം ജില്ലാ ഉടനെ രണ്ടാക്കി വിഭജിക്കണം എന്നാണ് എന്റെ നിരീക്ഷണം. പ്രായോഗിക തലത്തില്‍ ഇങ്ങനെ വിഭജിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് സേവനങ്ങള്‍, വികസനം കൂടുതല്‍ ലഭിക്കുവാന്‍ കാരണമാകും. 47 ലക്ഷം ആളുകള്‍ മലപ്പുറം ജില്ലയില്‍ മാത്രം ജീവിക്കുന്നു. അതിവേഗം വളരുന്ന ജനസംഖ്യ ആണ് മലപ്പുറത്തിലേത്. മൊത്തം കേരളത്തിലെ 7 ല്‍ ഒരാള്‍ ഈ ജില്ലയില്‍ നിന്നാണ് എന്നര്‍ത്ഥം.
അതിനാല്‍ ഈ ജില്ലയെ മലപ്പുറം, തിരൂര്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കണം. എന്റെ ഐഡിയയില്‍ തിരൂര്‍ ജില്ലാ ഇങ്ങനെ വിഭജിക്കണം (യൂണിവേഴ്സിറ്റി, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി വരെ). മലപ്പുറം ജില്ലാ ഇങ്ങനെ ആകണം. (കുണ്ടോട്ടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, വഴിക്കടവ് ) ഇങ്ങനെ 2 ആക്കണം.
ഇതില്‍ നിലവില്‍ തന്നെ ഒരു ജില്ലാ ആസ്ഥാനം ആകുവാന്‍ വേണ്ട എല്ലാം സംവിധാനവും, വികസനവും തിരൂരിന് ഉണ്ട്. സര്‍ക്കാര്‍ തീരുമാനം കൂടി വന്നാല്‍ മതി.
(വാല്‍ കഷ്ണം.. സ്നേഹം എന്നത് മനുഷ്യനോട് മാത്രമല്ല, നമ്മള്‍ ജീവിക്കുന്ന ജില്ലയോടും, സംസ്ഥാനത്തോടും, നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍, കിടക്ക, വീട്, TV etc ഒക്കെ തോന്നാം.. അതിനാല്‍ ഇത്രയും കാലം മലപ്പുറം ജില്ലയില്‍ എന്ന് പറഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം തിരൂര്‍ എന്ന ജില്ലയിലേക്ക് മാറുമ്പോള്‍ ആരും വിഷമിക്കരുത്.. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുക)




