- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഓപ്പറേഷന്‍ സിന്ദൂര്‍' പാകിസ്ഥാനെ കടുത്ത ഭീതിയിലാഴ്ത്തി; ഇന്ത്യയുമായി യുദ്ധം ഒഴിവാക്കാന്‍ രക്ഷ തേടി അമേരിക്കയുടെ കാല്ക്കല് വീണു; അപേക്ഷിച്ചത് 50ലേറെ തവണ; യുഎസ് നിക്ഷേപകര്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി; തെളിവായി യുഎസ് രേഖകള്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ പാക്കിസ്ഥാന്‍ ഭരണകൂടം അമേരിക്കയോട് ആവര്‍ത്തിച്ച് സഹായം അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. യുദ്ധക്കളത്തില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍, യു എസ് നിക്ഷേപകര്‍ക്ക് വമ്പന്‍ വാഗാദാനങ്ങളടക്കം നല്‍കി യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിച്ചുവെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് പാക്കിസ്ഥാനിലെ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും 50-ലേറെ തവണയാണ് ഇമെയില്‍ വഴിയും ഫോണ്‍ വഴിയും നേരിട്ടും ബന്ധപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്റെ അതിശക്തമായ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാക്കിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടുകയും പകരം വിലപ്പെട്ട വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തതായി യുഎസ് രേഖകള്‍ വ്യക്തമാക്കുന്നു.
'സ്‌ക്വയര്‍ പാറ്റണ്‍ ബോഗ്സ്' എന്ന യുഎസ് ലോബിയിംഗ് സ്ഥാപനം പാക് സര്‍ക്കാരിന് വേണ്ടി സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ അമേരിക്കയില്‍ തങ്ങള്‍ക്കനുകൂലമായി ലോബിയിംഗ് നടത്താന്‍ പാക്കിസ്ഥാന്‍ വന്‍തുക ചിലവഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ശ്രമത്തിനായി പാക്കിസ്ഥാന്‍ ഏകദേശം 50 കോടി രൂപ ചെലവഴിക്കുകയും അമേരിക്കയോട് 60 തവണ അപേക്ഷിക്കുകയും ചെയ്തു. അമേരിക്കന്‍ സര്‍ക്കാര്‍ നിരവധി രേഖകള്‍ പരസ്യപ്പെടുത്തിയതോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
യുഎസ് സംവിധാനത്തിന്റെ ഉന്നത തലങ്ങളില്‍ ബന്ധപ്പെട്ട പാക്കിസ്ഥാന്‍, ആയുധങ്ങള്‍ക്കും സാമ്പത്തിക സഹായത്തിനുമായി അമേരിക്കയോട് കേണപേക്ഷിച്ചു. കാര്‍ഗില്‍ യുദ്ധസമയത്തും പാക്കിസ്ഥാന്‍ സമാനമായ ഒരു തന്ത്രം പ്രയോഗിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് യുദ്ധം അവസാനിപ്പിക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോട് അപേക്ഷിച്ചിരുന്നു.
മെയ് 6, 7 തീയതികളില്‍ രാത്രിയാണ് ഇന്ത്യന്‍ സായുധ സേന പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , കൃത്യതയാര്‍ന്ന മിസൈലുകള്‍, ഡ്രോണുകള്‍, ഉപഗ്രഹ നിരീക്ഷണം എന്നിവ ഉപയോഗിച്ച് അതിര്‍ത്തി കടക്കാതെ തന്നെ ഇന്ത്യ ഭീകരതാവളങ്ങള്‍ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തോയിബ തുടങ്ങിയ സംഘടനകളുടെ ബഹാവല്‍പൂര്‍, മുരിദ്കെ, മുസാഫറാബാദ്, കോട്ട്ലി എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളും ലോജിസ്റ്റിക്‌സ് ഹബ്ബുകളും ഇന്ത്യ തകര്‍ത്തു. സാധാരണക്കാരെയോ സൈനിക താവളങ്ങളെയോ ബാധിക്കാതെ ഭീകരരെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്.
ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വലിയ ഓഫറുകള്‍ നിരത്തി. അമേരിക്കന്‍ കയറ്റുമതികള്‍ക്ക് (ഊര്‍ജ്ജം, കൃഷി) പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുമെന്നും വ്യാപാര തടസ്സങ്ങള്‍ നീക്കുമെന്നും അറിയിച്ചു. പാക് പ്രധാനമന്ത്രിയും ആര്‍മി ചീഫും നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സിലില്‍ (SIFC) യുഎസ് നിക്ഷേപകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. കോപ്പര്‍, ലിഥിയം, കൊബാള്‍ട്ട് തുടങ്ങിയ വിലപ്പെട്ട ഖനിജങ്ങളുടെ ഖനനത്തില്‍ അമേരിക്കയെ പങ്കാളികളാക്കാമെന്നും പാക്കിസ്ഥാന്‍ വാഗ്ദാനം ചെയ്തു. നാല് ദിവസം നീണ്ട സൈനിക ഏറ്റുമുട്ടലിന് ശേഷം മെയ് 10-ന് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ (DGMO) ഹോട്ട്‌ലൈന്‍ വഴി സംസാരിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചതായും വ്യാപാര കരാറുകള്‍ വാഗ്ദാനം ചെയ്തതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇന്ത്യ ഇത് പലതവണ നിഷേധിച്ചു. ഭീകരതയെക്കുറിച്ച് പാക്കിസ്ഥാനുമായി നേരിട്ട് സംസാരിക്കാമെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനിന്നത്.
എന്താണ് എഫ്.എ.ആര്‍.എ. ഫയലിംഗ്?
എഫ്.എ.ആര്‍.എ എന്നാല്‍ ഫോറിന്‍ ഏജന്റ്സ് രജിസ്ട്രേഷന്‍ ആക്ട് എന്ന 1938-ല്‍ നിലവില്‍ വന്ന ഒരു അമേരിക്കന്‍ നിയമമാണ്. വിദേശ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി അമേരിക്കയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ, പ്രചാരണങ്ങളോ, സ്വാധീനമുണ്ടാക്കുന്ന മറ്റ് കാര്യങ്ങളോ ചെയ്യുന്നത് ആരാണെന്ന് യുഎസ് സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും നയരൂപീകരണക്കാര്‍ക്കും കൃത്യമായി അറിയാന്‍ കഴിയുന്ന തരത്തിലുള്ള സുതാര്യത ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. രജിസ്ട്രേഷന് ശേഷം, ഏജന്റുമാര്‍ ഓരോ ആറുമാസം കൂടുമ്പോഴും വിദേശത്തുനിന്ന് ലഭിച്ച പണം, നടത്തിയ പ്രവര്‍ത്തനങ്ങള്‍, ബന്ധപ്പെട്ട വ്യക്തികള്‍, ചെലവാക്കിയ തുക എന്നിവ വിശദമാക്കുന്ന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ഈ രേഖകള്‍ പൊതുജനങ്ങള്‍ക്കും പരിശോധിക്കാവുന്നതാണ്. ഇവ യുഎസ് നീതിന്യായ വകുപ്പിന്റെ (DOJ) വെബ്സൈറ്റില്‍ ലഭ്യമാണ്.
ലോബിയിംഗിനെക്കുറിച്ച് വെളിപ്പെട്ടത്
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, കോണ്‍ഗ്രസ് അംഗങ്ങള്‍, ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരുമായി ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്താന്‍ പാകിസ്ഥാന്‍ 60-ലധികം തവണ ശ്രമിച്ചതായി എഫ്.എ.ആര്‍.എ രേഖകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സൈനിക നടപടി 'തടയാനും' വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനും അമേരിക്കയോട് ആവശ്യപ്പെടുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 'സ്‌ക്വയര്‍ പാറ്റണ്‍ ബോഗ്സ്' എന്ന സ്ഥാപനം സമര്‍പ്പിച്ച എഫ്.എ.ആര്‍.എ ഫയലുകള്‍ പ്രകാരം, ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നിരവധി യുഎസ് നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു.
ട്രംപിന്റെ ബോഡിഗാര്‍ഡിനെയും സമീപിച്ചു
തിരിച്ചടി നേരിട്ടതോടെ സീഡന്‍ ലോ എല്‍എല്‍പി, ജാവലിന്‍ അഡൈ്വസേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളെ പാക്കിസ്ഥാന്‍ വാടകയ്ക്കെടുത്തു. ഈ സ്ഥാപനങ്ങളില്‍ ജോര്‍ജ്ജ് സോറിയല്‍, കീത്ത് ഷില്ലര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനും സുരക്ഷാ വിദഗ്ധനും രാഷ്ട്രീയ ഉപദേഷ്ടാവുമാണ് കീത്ത് ഷില്ലര്‍. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ദീര്‍ഘകാലം ഡിറ്റക്ടീവായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍പ് യുഎസ് നേവിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ അംഗരക്ഷകനായി ചേര്‍ന്ന കീത്ത് ഷില്ലര്‍, ക്രമേണ ഉയര്‍ന്ന് ട്രംപ് ഓര്‍ഗനൈസേഷന്റെ സെക്യൂരിറ്റി ഡയറക്ടറായി മാറി. 2004 മുതല്‍ 2017 വരെ അദ്ദേഹം അവിടെ ജോലി ചെയ്തു. ട്രംപ് പ്രസിഡന്റായതിന് ശേഷം, ഷില്ലര്‍ വൈറ്റ് ഹൗസില്‍ പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും ഓവല്‍ ഓഫീസ് ഓപ്പറേഷന്‍സ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളായിരുന്നു അദ്ദേഹം.
നിലവില്‍, ലോബിയിംഗിനും ഗവണ്‍മെന്റ് റിലേഷന്‍സിനും വേണ്ടിയുള്ള സ്ഥാപനമായ ജാവലിന്‍ അഡൈ്വസേഴ്‌സ് എല്‍എല്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കീത്ത് ഷില്ലര്‍, അവിടെ മാനേജിംഗ് ഡയറക്ടറായാണ് സേവനമനുഷ്ഠിക്കുന്നത്. 2024 അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വിദേശ ഏജന്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രംപിന്റെ മുന്‍ സഹായികളാണ് സ്ഥാപിച്ചത്.
പാക്കിസ്ഥാന്‍ പ്രതിനിധികളും ലോബിയിസ്റ്റുകളും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, അവരുടെ ചീഫ് ഓഫ് സ്റ്റാഫ്, പെന്റഗണ്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, വൈറ്റ് ഹൗസ് സംവിധാനം എന്നിവയിലെ ഉദ്യോഗസ്ഥരുമായും, വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടതായി ഈ രേഖകള്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ കരസേനാ മേധാവി അസിം മുനീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും എഫ്.എ.ആര്‍.എ ഫയലിംഗില്‍ പരാമര്‍ശമുണ്ട്. അസിം മുനീറിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനവും ലോബിയിസ്റ്റുകള്‍ മുഖേന ക്രമീകരിച്ച കൂടിക്കാഴ്ചകളും ലഭ്യമായ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു.




