വാഷിങ്ടണ്‍ / മോസ്‌കോ: രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍, റഷ്യന്‍ പതാകയുള്ള വെനസ്വേലയുമായി ബന്ധമുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു. കപ്പലായ 'മരിനേര' (പഴയ പേര്: ബെല്ല-1) ആണ് അതിസാഹസികമായ നീക്കത്തിലൂടെ യുഎസ് കോസ്റ്റ് ഗാര്‍ഡും സൈന്യവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.

ഓപ്പറേഷന്‍ ഇങ്ങനെ:

അറ്റ്ലാന്റിക്കിന്റെ വടക്കന്‍ മേഖലയില്‍ വെച്ചായിരുന്നു അമേരിക്കയുടെ 'കമാന്‍ഡോ മോഡല്‍' നീക്കം. റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം, അമേരിക്കയുടെ MH-6 ലിറ്റില്‍ ബേര്‍ഡ് ഹെലികോപ്റ്ററുകള്‍ കപ്പലിന് മുകളില്‍ വട്ടമിട്ടു പറന്നതായും പ്രത്യേക സേന കപ്പലിലേക്ക് ഇറങ്ങിയതായും സൂചനയുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്നാരോപിച്ചാണ് നടപടി.

ഐസ്ലന്‍ഡിന് 124 മൈല്‍ തെക്ക്, വടക്കന്‍ സ്‌കോട്ട്ലന്‍ഡിന് അടുത്തുവെച്ചാണ് കപ്പല്‍ പിടികൂടിയത്. ഇറാനില്‍ നിന്ന് വെനസ്വേലയിലേക്ക് അസംസ്‌കൃത എണ്ണ കൊണ്ടുപോയിരുന്ന ഈ കപ്പല്‍, അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ 'ബെല്ല-1' എന്നറിയപ്പെട്ടിരുന്ന കപ്പല്‍, അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടാന്‍ ശ്രമിച്ചതോടെ പേര് 'മരിനേര' എന്നാക്കി മാറ്റുകയും റഷ്യന്‍ കപ്പലായി രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ കപ്പലിന്റെ വശത്ത് ജീവനക്കാര്‍ തന്നെ റഷ്യന്‍ പതാക പെയിന്റ് ചെയ്തിരുന്നു.

റഷ്യയുടെ സാന്നിധ്യവും സംഘര്‍ഷാവസ്ഥയും

അമേരിക്കന്‍ സേന കപ്പല്‍ വളയുമ്പോള്‍ ഒരു റഷ്യന്‍ അന്തര്‍വാഹിനിയും മറ്റ് യുദ്ധക്കപ്പലുകളും തൊട്ടടുത്ത പ്രദേശത്ത് ഉണ്ടായിരുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിന് ഇടയാക്കുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് കപ്പലിനെ സ്വതന്ത്രമാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്റെ ഉപരോധം ശക്തം

വെനസ്വേലയ്‌ക്കെതിരായ ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായാണ് ഈ നടപടി. കഴിഞ്ഞ ആഴ്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം. വെനസ്വേലയിലേക്കും പുറത്തേക്കുമുള്ള എണ്ണക്കപ്പലുകള്‍ തടയുന്ന ഉപരോധം ശക്തമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ പിടിച്ചെടുത്ത കപ്പല്‍ യുഎസ് നിയന്ത്രണത്തിലാണെന്നും ഇത് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയും നീതിന്യായ വകുപ്പിന്റെയും നടപടികളുടെ ഭാഗമാണെന്നും അമേരിക്കന്‍ യൂറോപ്യന്‍ കമാന്‍ഡ് അറിയിച്ചു.

വെനസ്വേലയെ ശ്വാസം മുട്ടിക്കാന്‍ ട്രംപ്; വിറച്ച് ലോകവിപണി

നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ വെനസ്വേലയിലേക്കും പുറത്തേക്കുമുള്ള എല്ലാ എണ്ണക്കപ്പലുകള്‍ക്കും ട്രംപ് സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാന്‍ 16 ഓളം വമ്പന്‍ ടാങ്കറുകള്‍ 'ഡാര്‍ക്ക് മോഡില്‍' (സിഗ്നലുകള്‍ ഓഫാക്കി) രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മഡുറോയുടെ പിന്‍ഗാമി ഡെല്‍സി റോഡ്രിഗസ് ഇതിനെ 'കടല്‍ക്കൊള്ള' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ നാവികസേനയെ കബളിപ്പിക്കാന്‍ കപ്പലുകള്‍ വ്യാജ ലൊക്കേഷന്‍ സിഗ്നലുകള്‍ നല്‍കുന്നതായും (Spoofing) റിപ്പോര്‍ട്ടുകളുണ്ട്.