കാരക്കാസ്/വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സേന പിടികൂടിയതിന് പിന്നാലെ രാജ്യം ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎസ് ആക്രമണത്തിന് പിന്തുണ നല്‍കുന്നവരെ 'ഉടനടി ദേശീയതലത്തില്‍ തിരഞ്ഞ് പിടികൂടാന്‍' ഉത്തരവിട്ട് 90 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് വെനസ്വേലന്‍ സര്‍ക്കാര്‍.

മഡുറോ അനുകൂലികളായ 'കൊളക്ടീവോസ്' (Colectivos) എന്ന അര്‍ദ്ധസൈനിക വിഭാഗം തലസ്ഥാനമായ കാരക്കാസിന്റെ തെരുവുകള്‍ കൈക്കലാക്കി. തോക്കേന്തിയ സംഘങ്ങള്‍ ട്രംപ് അനുകൂലികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്.

തെരുവുകളില്‍ കൊളക്ടീവോസിന്റെ ഭീകരത

മുഖംമൂടി ധരിച്ചും മാരകായുധങ്ങള്‍ ഏന്തിയും ബൈക്കുകളില്‍ റോന്തുചുറ്റുന്ന മഡുറോ അനുകൂലികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സംശയം തോന്നുന്നവരുടെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഫോണുകള്‍ പരിശോധിക്കുന്നു. ട്രംപിന്റെ സൈനിക നീക്കത്തെ അനുകൂലിക്കുന്ന സന്ദേശങ്ങളോ ചിത്രങ്ങളോ കണ്ടെത്തിയാല്‍ ഉടന്‍ തടവിലാക്കുന്നു. 11 വിദേശികള്‍ ഉള്‍പ്പെടെ 14 ഓളം മാധ്യമപ്രവര്‍ത്തകരെ ഇതിനോടകം ഈ സംഘങ്ങള്‍ തടവിലാക്കി. നിരവധി പേരെ കാണാതായിട്ടുണ്ട്. മഡുറോയുടെ വിശ്വസ്തനായ ആഭ്യന്ത്ര മന്ത്രി ദിയോസ്ദാദോ കാബെല്ലോ ഈ സംഘങ്ങള്‍ക്ക് പരസ്യ പിന്തുണയുമായി രംഗത്തുണ്ട്. മഡുറോയാണ് രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ് എന്ന നിലപാടില്‍ ദിയോസ്ദാദോ കാബെല്ലോ ഉറച്ചുനില്‍ക്കുന്നു. യുഎസില്‍ മയക്കുമരുന്ന് കടത്തിന് 50 മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന കാബെല്ലോ, വെനസ്വേലയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസ്താവനയിലൂടെ തന്റെ നിലപാട് ആവര്‍ത്തിച്ചു. 'ഇവിടെ വിപ്ലവ ശക്തികളുടെ ഐക്യം ഉറപ്പുനല്‍കുന്നു, ഇവിടെ ഒരു പ്രസിഡന്റ് മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേര് നിക്കോളാസ് മഡുറോ മോറോസ് എന്നാണ്. ശത്രുക്കളുടെ പ്രകോപനങ്ങളില്‍ ആരും വീഴരുത്,' കാബെല്ലോ പറഞ്ഞു.



കൊളക്ടീവോസ് അംഗങ്ങളോടൊപ്പം 'എന്നും വിശ്വസ്തര്‍, ഒരിക്കലും രാജ്യദ്രോഹികളല്ല' എന്ന് മുദ്രാവാക്യം വിളിക്കുന്ന കാബെല്ലോയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് രാഷ്ട്രീയപരമായ അനിശ്ചിതത്വവും അടിച്ചമര്‍ത്തലും രൂക്ഷമാകുന്ന സംഭവവികാസങ്ങളാണിത്.

2 ബില്യണ്‍ ഡോളറിന്റെ എണ്ണക്കരാറുമായി ട്രംപ്

വെനസ്വേലയിലെ അസ്ഥിരതയ്ക്കിടയിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ 'അമേരിക്ക ഫസ്റ്റ്' നയം നടപ്പിലാക്കുന്നു. വെനസ്വേലയില്‍ നിന്ന് 30 മുതല്‍ 50 മില്യണ്‍ ബാരല്‍ എണ്ണ അമേരിക്കയ്ക്ക് നല്‍കാനുള്ള ധാരണയായതായി ട്രംപ് പ്രഖ്യാപിച്ചു. ഈ എണ്ണ വിറ്റുകിട്ടുന്ന ഏകദേശം 2 ബില്യണ്‍ ഡോളര്‍ (ഏകദേശം 16,600 കോടി രൂപ) തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ വെനസ്വേലന്‍ എണ്ണക്കമ്പനികള്‍ പുനര്‍നിര്‍മ്മിക്കാന്‍ അമേരിക്കന്‍ കമ്പനികളെ (എക്സോണ്‍, ഷെവ്റോണ്‍) ചുമതലപ്പെടുത്തും. ഇതിനായി അമേരിക്കന്‍ നികുതിപ്പണം ഉപയോഗിക്കേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു.




ഉടന്‍ തിരഞ്ഞെടുപ്പില്ല; 18 മാസം അമേരിക്കന്‍ ഭരണം

വെനസ്വേലയില്‍ ഉടന്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനയും ട്രംപ് നല്‍കി. 'രാജ്യത്തെ ആദ്യം ചികിത്സിച്ചു ഭേദമാക്കണം. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ല. ഇതിന് കുറഞ്ഞത് 18 മാസമെങ്കിലും വേണ്ടിവരും,' ട്രംപ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.




മഡുറോ പക്ഷത്ത് ഭിന്നത?

മഡുറോയുടെ വിശ്വസ്തര്‍ രണ്ട് തട്ടിലാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിയോസ്ദാദോ കാബെല്ലോ യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കുമ്പോള്‍, ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗസ് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഒത്തുതീര്‍പ്പ് നയമാണ് സ്വീകരിക്കുന്നത്.


എന്നാല്‍, അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ സായുധ സംഘങ്ങള്‍ കടുത്ത ഭീഷണിയായി തുടരുന്നു.