തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണ കാലയളവ് അന്തിമ ഘട്ടത്തിലേക്ക് കടക്കവെ പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനത്തിന് നീക്കം. പഞ്ചായത്തുകളിലും നഗരസഭകളിലുമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആയിരത്തില്‍പരം ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. തദ്ദേശ വകുപ്പ് മന്ത്രിക്ക് സിഐടിയു സംസ്ഥാന കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വഴിവിട്ട നീക്കം. സിഐടിയുമായി അഫിലിയേഷന്‍ ചെയ്തിട്ടുള്ള കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മന്ത്രിക്കു നിവേദനം നല്‍കിയത്. തുടര്‍ന്നു മന്ത്രി ആവശ്യപ്പെട്ടതു പ്രകാരം ഇതന്റെ സാധ്യത പരിശോധനയും ആരംഭിച്ചു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരായ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്ക് കത്തെഴുതി.

കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. അതുകൊണ്ട് നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നീക്കം വിവാദമായതോടെ കരാറില്‍ നിയമിച്ചവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ലഭിച്ച നിവേദനം തദ്ദേശ വകുപ്പിന് മന്ത്രി കൈമാറുകയായിരുന്നുവെന്നും മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് പ്രതികരിച്ചു.

2012ല്‍ പത്രപ്പരസ്യം നല്‍കിയാണ് ഹാര്‍ഡ് വെയര്‍, സോഫ്റ്ര് വെയര്‍, നെറ്റ് വര്‍ക്കിങ് രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവരായ സാങ്കേതിക വിദഗ്ധരെ അതത് പഞ്ചായത്ത് ഭരണസമിതികള്‍ നിയമിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ഇ ഗവേണ്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാനും സാങ്കേതിക സഹായം നല്‍കാനുമായിരുന്നു നിയമനം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എഴുത്തുപരീക്ഷ, അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവ നടത്തി അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തതെന്നു പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കത്തിലുണ്ട്. എന്നാല്‍ നിയമനങ്ങളില്‍ ചിലത് രാഷ്ട്രീയ സ്വാധീനത്താലായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ വേതനം 2020 ജൂലൈയില്‍ 21,850 രൂപയില്‍ നിന്ന് 30,385 രൂപയായി വര്‍ധിപ്പിച്ചിരുന്നു. സിഐടിയു സംഘടന നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വേതനം വര്‍ധന. കോവിഡ് സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടന വലിയൊരു തുക അംഗങ്ങള്‍ വഴി പിരിച്ച് സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തു നടത്തിയ സ്ഥിരപ്പെടുത്തല്‍ ശ്രമങ്ങള്‍ കോടതി തടഞ്ഞ അനുഭവം നിലനില്‍ക്കെയാണ്, വീണ്ടും കരാറുകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നത്. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശു മന്ദിരങ്ങള്‍, നഴ്‌സറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നേരത്തെ തീരുമാനമായിരുന്നു.

ഉമാദേവി കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി വ്യാഖ്യാനിച്ചാണു കരാര്‍ ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്നത്. ഒറ്റത്തവണത്തേക്കു മാത്രം സ്ഥിരപ്പെടുത്തല്‍ അനുവദിക്കുന്നെന്നും കീഴ്വഴക്കമാകരുതെന്നും മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഉമാദേവിക്കു സ്ഥിരനിയമനം അനുവദിച്ചത്. ഈ വിധി ഉദ്ധരിച്ചു സ്ഥിരപ്പെടുത്തല്‍ വിലക്കി ധനവകുപ്പ് ഉത്തരവിറക്കിയതും അട്ടിമറിച്ചാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച ഫയല്‍ നിയമ, ധന വകുപ്പുകളിലേക്ക് എത്തിയപ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഫയല്‍ മന്ത്രിസഭയില്‍വച്ച് അംഗീകാരം നേടിയത്.

രാഷ്ട്രീയ താല്‍പര്യത്തോടെ നിയമിച്ചവരാണു പട്ടികയിലെ ഭൂരിപക്ഷവും. വി.എസ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്തു നിയമിക്കപ്പെട്ടവരുമുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് അഞ്ഞൂറോളം പേരെ മന്ത്രിസഭാ തീരുമാന പ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോടതിയെ സമീപിച്ചതിനാല്‍ കേരള ബാങ്കിലുള്‍പ്പെടെ തുടര്‍ന്നുള്ള സ്ഥിരപ്പെടുത്തല്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. അന്ന് അവസരം ലഭിക്കാത്തവരടക്കം പുതിയ പട്ടികയിലുണ്ട്.

ഓണറേറിയം, ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെയുമാണ് സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരെയും പത്തോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവരെയും പരിഗണിക്കും. ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പാര്‍ട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം, ദിവസവേതന രീതിയിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സ്ഥിരനിയമനം ലഭിക്കും.