പൂനെ: വളരെക്കുറച്ച് മനുഷ്യ സ്‌നേഹികളുടെ അന്തിമോപചാരം ഏറ്റുവാങ്ങി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന് അന്ത്യയാത്ര. പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതകാലം മുഴുവന്‍ പൊരുതിയ മഹത് വ്യക്തിയുടെ അന്ത്യയാത്രക്ക് എത്തിയത്ത് 50 പേര്‍ മാത്രം. പത്മഭൂഷന്‍ ജേതാവിന് അന്ത്യയാത്ര ചൊല്ലാന്‍, ഉപചാരമര്‍പ്പിക്കാന്‍ ഒരു മന്ത്രിപോലുമില്ലായിരുന്നു. എന്തിന് സ്ഥലം എംഎല്‍എ പോലുമെത്തിയില്ല. പരിസ്ഥിതി-ശാസ്ത്ര മേഖലയിലെ ഏതാനും പേര്‍ മാത്രമായിരുന്നു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ അര്‍ദ്ധരാത്രിയോടെ പൂനെയിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ഭൗതികശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പൂനെയില്‍ സംസ്‌കരിച്ചു. മഹാരാഷ്ട്രയിലെ വിഐപികള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍.. ഉള്‍പ്പടെ പ്രമുഖരുടെ നിര പ്രതീക്ഷിച്ച് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടത് വിരലില്‍ എണ്ണാന്‍ കഴിയുന്ന അത്രയും പേര്‍ മാത്രം. കൊടിവച്ച കാറുകളില്‍ ആരും അദ്ദേഹത്തെ കാണാന്‍ വന്നിട്ടില്ല. രാഷ്ട്രീയക്കാരുടെ തിരക്കില്ല. പത്മഭൂഷന്‍ ജേതാവിന് അന്ത്യയാത്ര ചൊല്ലാന്‍, ഉപചാരമര്‍പ്പിക്കാന്‍ ഒരു മന്ത്രിപോലുമില്ലായിരുന്നു. മറാഠ ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളിലെ ആരെയും അവിടെ കാണാനില്ല.

വളരെക്കുറച്ച് മനുഷ്യ സ്‌നേഹികളുടെ ഇടയില്‍, വെറും മണ്ണില്‍ വെള്ളപുതച്ചു കിടക്കുന്ന സഹ്യന്റെ പുത്രന്‍ അതായിരുന്നു ആ കാഴ്ച. ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്‌കാരമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉപചാരമര്‍പ്പിക്കാനെത്തിയ പൊലീസുകാര്‍ വഴിതെറ്റി വേറെ എങ്ങോട്ടോ ആണ് ആദ്യം പോയത്. അരമണിക്കൂറാണ് എല്ലാവരും കാത്തുനിന്നത്. പൊലീസുകാര്‍ എങ്ങനെയൊക്കെയോ വഴികണ്ടുപിടിച്ചു വരുന്നതുവരെ, അനാഥമൃതദേഹത്തെ ഓര്‍മിപ്പിച്ച് മണ്ണില്‍ കിടക്കുകയായിരുന്നു മാധവ് ഗാഡ്ഗില്‍.

രണ്ടുവര്‍ഷം മുമ്പ് 'യുഎന്‍ ചാമ്പ്യന്‍ ഓഫ് എര്‍ത്ത്' ബഹുമതി നല്‍കി ആദരിച്ച മനുഷ്യന് ആ മണ്ണില്‍ ആരുടെയും ശല്യമില്ലാതെ ഉറങ്ങിക്കിടക്കാനാവും ഇഷ്ടം. എങ്കിലും മനുഷ്യര്‍ക്ക് ഇത്രപോലും നന്ദിയില്ലാതെ പോയല്ലോ എന്നു ചിന്തിച്ച്, ചുറ്റും നോക്കുമ്പോള്‍ അവിടെയാകെ നിശബ്ദത, കാറ്റില്‍പോലും തലയാട്ടാതെ മരങ്ങള്‍ ഉപചാരപൂര്‍വം നില്‍ക്കുന്നു. മനുഷ്യനേക്കാള്‍ നന്ദി മരങ്ങള്‍ക്കുണ്ട്. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ചുറ്റുമുള്ള മരങ്ങള്‍ ഇങ്ങനെ ഇലയനക്കാതെ ഔദ്യോഗിക ബഹുമതി അര്‍പ്പിക്കുകയാകും.

1942-ല്‍ മഹാരാഷ്ട്രയിലെ പശ്ചിമഘട്ട താഴ്വരയില്‍ ജനിച്ച ഗാഡ്ഗില്‍, തന്റെ ജീവിതകാലം മുഴുവന്‍ പ്രകൃതി സംരക്ഷണത്തിനായി പോരാടി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (IISc) 31 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം, പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച 'ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലൂടെ'യാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികള്‍ അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ ആദരിച്ചിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഗാഡ്ഗില്‍ വെറുമൊരു ശാസ്ത്രജ്ഞനായിരുന്നില്ല; മറിച്ച് വരാനിരിക്കുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയ പ്രവാചകന്‍ കൂടിയായിരുന്നു. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ മറക്കുന്നത് വലിയ വിപത്തുകള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം മലയാളികളെ നിരന്തരം ഓര്‍മ്മിപ്പിച്ചു. ഒരുകാലത്ത് 'വികസന വിരോധി'യെന്നും 'ശല്യക്കാരനായ പരിസ്ഥിതിവാദി'യെന്നും വിളിച്ച് പലരും അദ്ദേഹത്തെ ക്രൂശിച്ചെങ്കിലും, കേരളം പിന്നീട് നേരിട്ട പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ഗാഡ്ഗിലിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു. ഗാഡ്ഗിലിന്റെ വിയോഗത്തിലൂടെ പശ്ചിമഘട്ടത്തിന് നഷ്ടമായത് അതിന്റെ ഏറ്റവും കരുത്തനായ കാവല്‍ക്കാരനെയാണ്.