തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി അതിജീവിത. നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെയുമാണ് കുറിപ്പ്. രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്.

ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത കുറിപ്പില്‍ പറയുന്നു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തിരിഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പ്രിയപ്പെട്ട ദൈവമേ, ഞങ്ങള്‍ സഹിച്ച എല്ലാ വേദനകള്‍ക്കും, വിധിയെഴുത്തുകള്‍ക്കും, വഞ്ചനകള്‍ക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ...'യുവതി എഴുതുന്നു.

'ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍ നിന്നും മോചിതരായി, ഞങ്ങളുടെ കുഞ്ഞുമക്കളേ, ഈ കണ്ണീര്‍ സ്വര്‍ഗത്തില്‍ എത്തുന്നുവെങ്കില്‍ അത് നിങ്ങളോടിത് പറയും, നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല, നിന്റെ ജീവിതം വിലയുള്ളതായിരുന്നു, നിന്റെ ആത്മാവ് വിലയുള്ളതാണ്, നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ, അമ്മമാര്‍ നിങ്ങളെ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും, കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്'.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കിയതിന് നന്ദി. ഇരുട്ടില്‍ അയാള്‍ ചെയ്ത പ്രവര്‍ത്തി നീ കണ്ടു. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേര്‍ത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തിരിഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു.

ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ. അക്രമത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഈ ലോകത്തില്‍ നിന്നും ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വതന്ത്രരായിരിക്കട്ടെ. നമ്മുടെ കണ്ണുനീര്‍ സ്വര്‍ഗത്തില്‍ എത്തിയാല്‍, അവര്‍ നിങ്ങളോട് ഇക്കാര്യം പറയട്ടെ. നിങ്ങളുടെ അമ്മ ഒരിക്കലും നിങ്ങളെ മറന്നില്ല. നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്. നിങ്ങളുടെ ആത്മാവ് പ്രധാനമാണ്. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാര്‍ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളില്‍ താലോലിക്കും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്നു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് സംഘം പാലക്കാട്ടെ ഹോട്ടലില്‍വച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ച നീണ്ട നിരീക്ഷണത്തിനും രഹസ്യനീക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പൊലീസിന്റെ നീക്കം.