തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന മൂന്നാമത്തെ ബലാത്സംഗ കേസും അദ്ദേഹത്തിന്റെ അറസ്റ്റും കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. രാഹുലിനെ കുടുക്കാന്‍ സി.പി.എമ്മും പോലീസും ചാനലുകളും ഒന്നിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും, നിയമപരമായി കേസ് നിലനില്‍ക്കാന്‍ സാധ്യത ഇല്ലെങ്കിലും രാഷ്ട്രീയമായി ഇത് വലിയ തിരിച്ചടിയാണെന്നുമാണ് വിലയിരുത്തല്‍.

രാഷ്ട്രീയ പകവീട്ടലിനായി എടുക്കുന്ന കേസുകളുടെ പ്രധാന ലക്ഷ്യം കുറ്റവാളിയെ ശിക്ഷിക്കുക എന്നതിലുപരി അയാളെ എങ്ങനെയെങ്കിലും കുറച്ചുദിവസം ജയിലിലടയ്ക്കുക എന്നതാണ്. രാഹുലിനെതിരെ മുന്‍പ് വന്ന രണ്ട് പീഡനക്കേസുകളിലും അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിലൂടെയും ഒളിവില്‍ പോയും അറസ്റ്റ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് അതീവ രഹസ്യമായി നീങ്ങി. അര്‍ദ്ധരാത്രിയില്‍ രാഹുലിന്റെ ഡ്രൈവറും പി.എയും പോകുന്നതുവരെ കാത്തിരുന്ന്, ഹോട്ടല്‍ വളഞ്ഞ് നടത്തിയ ഈ ഓപ്പറേഷനില്‍ പോലീസ് വിജയിച്ചു


ഈ കേസ് ബലാത്സംഗമായി നിയമത്തിന് മുന്നില്‍ തെളിയിക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണ് നടന്നതെന്ന് രാഹുലിന് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആദ്യത്തെ കേസില്‍ വിവാഹിതയായ സ്ത്രീയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും, രണ്ടാമത്തെ കേസ് ഭാവനാസൃഷ്ടിയാണെന്നുമായിരുന്നു രാഹുലിന്റെ ഡിഫന്‍സ്. എന്നാല്‍ മൂന്നാമത്തെ കേസില്‍ യുവതിയുമായുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന്റെ കയ്യിലുള്ളതിനാല്‍ യുവതിയെ അറിയാമെന്നും അവര്‍ക്കൊപ്പം താമസിച്ചിരുന്നുവെന്നും രാഹുലിന് സമ്മതിക്കേണ്ടി വരും.

പീഡനത്തിന് ശേഷം യുവതി രാഹുലിനെ പാലക്കാട് വന്ന് കാണാന്‍ ശ്രമിച്ചതും, സാമ്പത്തിക സഹായം നല്‍കിയതും, അദ്ദേഹത്തിനായി ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചതും പീഡനമെന്ന ആരോപണത്തിന് വിരുദ്ധമായ വസ്തുതകളാണെന്ന വാദമാണ് ഉയരുന്നത്. നിയമപരമായി കേസില്‍ രാഹുല്‍ നിന്നും തലയൂരിയേക്കാം. ഒരുപക്ഷേ അതിന് വര്‍ഷങ്ങള്‍ എടുത്തേക്കാം. എന്നാല്‍ നിയമപരമായ വശത്തേക്കാള്‍ രാഹുലിനെ തളര്‍ത്താന്‍ പോകുന്നത് രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമാണ്.

ഒരു സാധാരണ മനുഷ്യന്‍ വ്യക്തിജീവിതത്തില്‍ പിന്തുടരുന്ന മൂല്യങ്ങള്‍ പോലെയല്ല, ഒരു പൊതുപ്രവര്‍ത്തകന്‍ പെരുമാറേണ്ടത്. എം.എല്‍.എയായും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുമ്പോള്‍ ലൈംഗിക ആസക്തികളെ നിയന്ത്രിക്കാന്‍ രാഹുല്‍ ബാധ്യസ്ഥനായിരുന്നു. മിടുക്കനും സുമുഖനും വാക്ചാതുര്യമുള്ളവനുമായ ഒരു യുവാവ് ശാരീരിക പ്രലോഭനങ്ങളില്‍ വീണുപോയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ കരിനിഴലിലാക്കും.

നിയമപരമായി ബലാത്സംഗം തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്, എന്നാല്‍ സ്ത്രീയുടെ മൊഴിക്ക് പ്രാഥമികമായി നിയമം വലിയ വില നല്‍കുന്നുണ്ട്. രാഹുല്‍ ജയിലിലാകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ തിരുവല്ലയിലെ ഹോട്ടലില്‍ യുവതി എന്തിനെത്തി, പീഡനത്തിന് ശേഷം എന്തിന് സാമ്പത്തിക സഹായം ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുവതി ഉത്തരം പറയേണ്ടി വരും. നിയമപരമായി രാഹുല്‍ രക്ഷപ്പെട്ടേക്കാം, പക്ഷേ ധാര്‍മികമായി അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ ഇനി വലിയ വെല്ലുവിളി നേരിടും.

രാഹുല്‍ വിവാഹിതരായ യുവതികളെ വശീകരിച്ച് ഗര്‍ഭിണിയാക്കുന്നു എന്നും, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാത്ത ഒരു സൈക്കോ ക്രിമിനലാണെന്നും ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ പോലീസ് കര്‍ശന നടപടി എടുക്കണം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഹുലിന് സമൂഹത്തോടുള്ള ഉത്തരവാദിത്വമുണ്ട്. അവിവാഹിതനാണെങ്കിലും തന്റെ ലൈംഗിക ആസക്തികളെ നിയന്ത്രിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. സമൂഹത്തിന് മാതൃകയാകേണ്ട ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്തരത്തില്‍ വഴിവിട്ട ബന്ധങ്ങളിലേക്ക് പോകുന്നത് രാഷ്ട്രീയ അധാര്‍മികതയാണ്.

സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ വിരുദ്ധര്‍ ഉയര്‍ത്തുന്ന സൈക്കോ ക്രിമിനല്‍ ആരോപണങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. വിവാഹിതരായ സ്ത്രീകളെ ഗര്‍ഭിണിയാക്കുകയും പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഒരു പ്രത്യേക സൈക്കോ പാറ്റേണ്‍ ആണെന്നാണ് ആരോപണം. ഈ കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തണം. അങ്ങനെയെങ്കില്‍ രാഹുല്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നാണ് പൊതുവെ ഉയരുന്ന നിരീക്ഷണങ്ങള്‍.

ഈ വിവാദത്തോടെ രാഹുലിന്റെ ശബ്ദം പാലക്കാട് തിരഞ്ഞെടുപ്പിലും മറ്റും ദുര്‍ബലമാകും. നിശബ്ദതയിലേക്ക് പോകേണ്ടി വരുന്നത് രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയാണ്. ആരാധകര്‍ക്ക് പോലും മറുപടി നല്‍കാന്‍ കഴിയാത്ത വിധം രാഹുല്‍ അധാര്‍മികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഹുലിനെ പിന്തുണച്ചവര്‍ക്കും നാണക്കേടാണ്.