പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നാമത് ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ മൊഴി പുറത്ത്. 2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്‌സാപ്പില്‍ തുടര്‍ച്ചയായി സന്ദേശം അയച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാഹുല്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഗര്‍ഭിണിയായപ്പോള്‍ അവഗണിച്ചു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയ ബന്ധങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ച് ഭീഷണി തുടര്‍ന്നു. രാഹുലിനെതിരെ പരാതി നല്‍കിയവര്‍ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയില്‍ പറയുന്നു.

എല്ലാം തുടങ്ങിയത് ആ മെസേജില്‍ നിന്നും

വഴിതെറ്റിപ്പോയ വാട്ട്‌സ് ആപ്പ് മെസേജാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി നല്‍കിയ യുവതിയുടെ ജീവിതം തകര്‍ത്തത്.തന്റെ പിതാവിന് യുവതി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതതിന്റെ ലിങ്ക്, അത് വാങ്ങിക്കുവാനായി നാട്ടിലുള്ള ബാല്യകാല സുഹൃത്ത് രാഹുലിന് അയച്ചതാണ് പണ്ടെങ്ങോ സേവ് ചെയ്തിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരിലേക്ക് പോയത്. ഉടന്‍ തന്നെ അത് ഡിലീറ്റ് ആക്കിയെങ്കിലും പിറ്റേന്നുമുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരില്‍ നിന്നും മെസേജുകള്‍ എത്താന്‍ തുടങ്ങി എന്ന് പൊലീസ് എഫ്‌ഐആറിലെ അതിജീവിതയുടെ മൊഴിയില്‍ പറയുന്നു. യുവതി ആദ്യം പ്രതികരിച്ചില്ലെങ്കിലും തുടര്‍ച്ചയായി മെസേജ് വരാന്‍ തുടങ്ങിയതോടെയാണ് മറുപടി നല്‍കിയതെന്നും പിന്നീട് ക്രമേണ കുടുംബാംഗങ്ങളെപ്പറ്റിയും ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം രാഹുല്‍ സംസാരിച്ചു തുടങ്ങിയെന്നും മൊഴിയില്‍ പറയുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. പ്രിയ എ.എല്‍ ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്.

തന്റെ പപ്പയുടെ 'യങ് വേര്‍ഷന്‍' ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് മമ്മി ഇടയ്ക്കിടെ പറയുന്നത് കേട്ടാണ് ടിവിയില്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും കാനഡയില്‍ ജോലിചെയ്തിരുന്ന തനിക്ക് നാട്ടിലുള്ള സുഹൃത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ നമ്പര്‍ തന്നതെന്നുമാണ് യുവതിയുടെ മൊഴി. അന്ന് അത് വെറുതേ ഫോണില്‍ സേവയാക്കിയെങ്കിലും ഒരിക്കല്‍ പോലും കോണ്‍ടാക്ട് ചെയ്തിരുന്നില്ല. ആദ്യമെല്ലാം വളരെ കാഷ്വലായി വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാള്‍ സംസാരിക്കുന്നതു പോലെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. വിവാഹിതയാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചും കുട്ടികള്‍ ഉണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ചും തിരക്കി.പിന്നീട് നിരന്തരമായി പേഴ്‌സസണല്‍ കാര്യങ്ങളെക്കുറിച്ചും കുട്ടികളില്ലാത്തതിനെപ്പറ്റിയും ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. നിര്‍ബന്ധിച്ചപ്പോള്‍ ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകളുണ്ടെന്ന് പറയേണ്ടി വന്നു. അപ്പോള്‍ 'ഹഗ്' ചെയ്യാന്‍ തോന്നുന്നുവെന്നും എത്രനാള്‍ എങ്ങനെ സഹിച്ച് കഴിയും എന്നെല്ലാം രാഹുല്‍ തന്നോട് പറഞ്ഞെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവരണമെന്ന് രാഹുല്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും തനിക്ക് കുട്ടികളുണ്ടായാല്‍ അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും താന്‍ ഒരു നല്ല കംപാനിയന്‍ ആണെന്നും രാഹുല്‍ യുവതിയോട് പറഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ പിന്നാലെ കൂടിയ രാഹുല്‍ യുവതിയോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലെന്നും എന്തിനാണ് നേരത്തേ പോയി കല്യാണം കഴിച്ചതെന്നും യു വില്‍ ബീ മൈ ലൈഫ് പാര്‍ട്ണര്‍ എന്നുമെല്ലാം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. മൂന്ന് കുട്ടികളെങ്കിലും വേണമെന്നായിരുന്നു രാഹുലിന്റെ ആവശ്യമെന്നും താന്‍ നല്ലൊരു പിതാവായിരിക്കുമെന്നുമല്ലാം രാഹുല്‍ പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി.

പിന്നീട് ടെലിഗ്രാം വഴിയായിരുന്നു ചാറ്റുകളെന്നും അയക്കുന്ന മെസേജുകള്‍ ഉടന്‍ രാഹുല്‍ ഡിലീറ്റ് ചെയ്യുമെന്നും യുവതി പറയുന്നു. ടൈം പാസ് ആണോ എന്ന് ചോദിക്കുമ്പോള്‍ തനിക്ക് അതിന് ടൈം ഇല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. കാനഡയില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചിരുന്നു. ഭര്‍ത്താവിന്റെ പിതാവ് ആശുപത്രിയിലായ സമയത്ത് നാട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ് രാഹുല്‍ വിശ്വാസം പിടിച്ചുപറ്റി.പിന്നീട് പലവെട്ടം കാണെണം എന്നു പറഞ്ഞെങ്കിലും മാറ്റി വയ്ക്കുകായിയിരുന്നു. ഒടുവില്‍ 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍ വച്ച് കണ്ടപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

പരാതിയിലെ പ്രധാന ഭാഗങ്ങള്‍:

''വിവാഹം കഴിക്കാമെന്ന് രാഹുല്‍ നിരന്തരം വാഗ്ദാനം ചെയ്തിരുന്നു. 2024 ഏപ്രില്‍ എട്ടിന് എന്നെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. മുറി ബുക്ക് ചെയ്യുന്നത് എന്തിനാണെന്നും റസ്റ്ററന്റില്‍ ഇരുന്നു സംസാരിച്ചാല്‍ മതിയല്ലോ എന്നും ഞാന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്നും ആളുകള്‍ തിരിച്ചറിഞ്ഞ് സെല്‍ഫി എടുക്കാന്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ മുറി ബുക്ക് ചെയ്തു. ഒറ്റയ്ക്കാണോ എന്ന് ഹോട്ടല്‍ ജീവനക്കാര്‍ ചോദിച്ചപ്പോള്‍ കൂടെ ഒരാള്‍ ഉണ്ടെന്നു പറഞ്ഞു. ഹോട്ടലുകാര്‍ നല്‍കിയ ഫോമില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെഴുതാതെ രാഹുല്‍ ബി.ആര്‍. എന്നെഴുതി. ഞാന്‍ ഐഡി കാര്‍ഡ് കൊടുത്തു. രാഹുലിന്റെ ഐഡി കാര്‍ഡും അവര്‍ ചോദിച്ചു. ആളു വന്നിട്ടു കൊടുക്കാമെന്നു അവരോട് പറഞ്ഞശേഷം റൂമില്‍ ചെന്ന് കാത്തിരുന്നു. രാഹുല്‍ എത്തിയപ്പോള്‍ റിസപ്ഷനില്‍ ഐഡി കാര്‍ഡ് കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞു. നീ മണ്ടിയാണോ എന്നും, എന്റെ പേര് കൊടുത്താല്‍ ആളുകള്‍ ശ്രദ്ധിക്കില്ലേ എന്നും പറഞ്ഞു''.

''രാഹുല്‍ വന്നാല്‍ മുറിക്കു പുറത്തു പോയി സംസാരിക്കാമെന്നാണ് കരുതിയിരുന്നത്. രാഹുലിനെ ആദ്യമായാണ് കാണുന്നത്. മുറിയിലേക്ക് വന്നയുടനെ രാഹുല്‍ അടുത്ത് വന്നിരുന്ന് എന്നെ വട്ടംപിടിച്ചു. എന്റെ മുഖത്തുപോലും നോക്കിയില്ല. കിടക്കയിലേക്ക് തള്ളിയിട്ടശേഷം ക്രൂരമായി പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിച്ചു, തുപ്പി. ഞാന്‍ കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഉപദ്രവിച്ചശേഷം അയാള്‍ വേഗം മുറിവിട്ടു പോയി. ഞാന്‍ എങ്ങനെയാണ് ബസ് കയറി വീട്ടിലെത്തിയത് എന്ന് അറിയില്ല. രാഹുല്‍ വീണ്ടും മൊബൈലില്‍ സന്ദേശം അയയ്ക്കുന്നത് തുടര്‍ന്നു. ചെരുപ്പ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്റെ അനുജത്തിയുടെ കല്യാണം വരികയാണെന്നും അയാള്‍ക്ക് വലിയ ബന്ധങ്ങളുണ്ടെന്നും ഓര്‍മിപ്പിച്ചു. ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി''.

'' അനുജത്തിയുടെ കല്യാണത്തെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മാത്രമാണ് അയാളോട് ഞാന്‍ തുടര്‍ന്നും സംസാരിച്ചത്. ചെരുപ്പ് വാങ്ങാന്‍ പതിനായിരം രൂപ അയച്ചു കൊടുത്തു. പിരീഡ്‌സ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. രാഹുലിനെ അറിയിച്ചപ്പോള്‍ ധൈര്യം തന്നു. വളരെ സ്‌നേഹത്തില്‍ സംസാരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവഗണിക്കാന്‍ തുടങ്ങി. ഗര്‍ഭത്തിന് ഉത്തരവാദി താനല്ല എന്നു പറഞ്ഞു. രാഹുല്‍ ഫോണില്‍ ബ്ലോക്ക് ആക്കിയിരുന്നതിനാല്‍ ഇ മെയിലൂടെയും ഗര്‍ഭത്തിന്റെ വിവരം അറിയിച്ചിരുന്നു. ഇതിനിടെ, രാഹുലിന്റെ സുഹൃത്ത് ഫെന്നി പറഞ്ഞിട്ട് ചൂരല്‍മല ദുരിതാശ്വാസ ഫണ്ടിലേക്ക് 5,000 രൂപയും അയച്ചു കൊടുത്തു. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത്, രാഹുല്‍ ആഹാരം കഴിക്കാന്‍പോലും പണമില്ലാതെ നട്ടം തിരിയുകയാണെന്ന് ഫെന്നി പറഞ്ഞപ്പോള്‍ 10,000രൂപ അയച്ചു കൊടുത്തു. രാഹുല്‍ എന്റെ കുട്ടിയുടെ അച്ഛനാണല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. പിന്നീട് ഗര്‍ഭം അലസിപ്പോയി ''.

''പാലക്കാട് ഫ്‌ലാറ്റ് വാങ്ങണമെന്ന് സ്‌നേഹം നടിച്ച് രാഹുല്‍ എന്നോട് പറഞ്ഞു. 1.14 കോടിരൂപ എന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. 2025ല്‍ രാഹുലിന്റെ വിഷയം സമൂഹമാധ്യമങ്ങളില്‍ വരുമ്പോഴാണ് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. എന്റെ സുഹൃത്തുക്കള്‍ രാഹുലിനെ കാണാന്‍ പാലക്കാട് പോയെങ്കിലും സാധിച്ചില്ല. രാഹുലിനെ വിളിച്ചപ്പോള്‍ നിരന്തരം ഭീഷണിപ്പെടുത്തി. രാഹുലിനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയത്''.