- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം മുമ്പായിരുന്നുവെങ്കില്‍ മൈന്‍ഡ് ചെയ്യുമായിരുന്നു; ഇപ്പോള്‍ ആരേയും പേടിയില്ല; തനിക്കെതിരെ നില്‍ക്കുന്നവര്‍ക്കും കുടുബത്തിനും അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും; നീ എന്തു ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും; യുവതിയെ രാഹുല്‍ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ; കളി മാറുമോ?
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ മൂന്ന് ബലാത്സംഗക്കേസുകളിലും കുറ്റകൃത്യം നടപ്പാക്കിയ രീതി സമാനമാണെന്ന് പോലീസ്. അതിനെതിരെ മാങ്കൂട്ടത്തില്‍ യുവതിയ്ക്ക് അയച്ച ഭീഷണി സന്ദേശവും പുറത്തു വന്നു. ഒരു മാസം മുമ്പായിരുന്നുവെങ്കില്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഇപ്പോള്‍ ആരേയും പേടിയില്ലെന്ന തരത്തിലാണ് ഭീഷണി. തനിക്കെതിരെ നില്‍ക്കുന്നവര്‍ക്കും കുടുബത്തിനും അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും. നീ എന്തു ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും-ഇതാണ് മാങ്കൂട്ടത്തിലിന്റെ ഭീഷണി. ഈ ഭീഷണി സന്ദേശങ്ങളെല്ലാം ആദ്യ രണ്ടു കേസിന് ശേഷമാണെന്ന് വ്യക്തം.
പേടിപ്പിക്കാന്‍ നോക്കേണ്ട... ഞാന്‍ മാത്രം മോശമാകുന്ന തരത്തില്‍ ഒന്നും ഇനി അനുവദിക്കില്ലെന്നാണ് പറയുന്നത്. തനിക്കെതിരെ നില്‍ക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കും. പേടിപ്പിക്കാന്‍ നീയല്ല ഒരു മനുഷ്യനും നോക്കേണ്ട...-ഇങ്ങനെ പോകുന്നു ഭീഷണി ചാറ്റുകള്‍. അതിനിടെ ഇനിയും പരാതികള്‍ മാങ്കൂട്ടത്തിലിനെതിരെ വരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു.
ദാമ്പത്യപ്രശ്‌നങ്ങളില്‍ ഇടപെട്ടും ഉപദേശങ്ങള്‍ നല്‍കിയും യുവതികളുടെ വിശ്വാസം പിടിച്ചുപറ്റുന്ന രാഹുല്‍, പിന്നീട് അവരെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതാണ് രീതി. രാഹുലിന്റെ ഭീഷണി സന്ദേശങ്ങളും യുവതികളെ വശീകരിക്കാന്‍ അയച്ച ചാറ്റുകളും പുറത്തുവന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ നേരിടുന്ന യുവതികളെയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ആദ്യ കേസില്‍ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് യുവതിയെ സമീപിച്ചത്. മൂന്നാം കേസില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ വഞ്ചിച്ചു.
ബന്ധം ഉറപ്പിക്കാന്‍ കുഞ്ഞ് വേണമെന്ന് രാഹുല്‍ നിര്‍ബന്ധിക്കും. എന്നാല്‍ യുവതികള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിക്കുന്നതാണ് രീതി. 'തനിക്ക് മൂന്ന് കുട്ടികള്‍ വേണമെന്നും നല്ല ഭര്‍ത്താവായില്ലെങ്കിലും നല്ലൊരു അച്ഛനായിരിക്കുമെന്നും' രാഹുല്‍ യുവതിയോട് പറഞ്ഞതായി എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലുണ്ട്. ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട യുവതികളോട് രാഹുല്‍ അങ്ങേയറ്റം ക്രൂരമായാണ് പ്രതികരിച്ചത്. 'നീ ചെയ്യാവുന്നതൊക്കെ ചെയ്യ്. ഞാന്‍ ചെയ്യുന്നത് നിനക്ക് താങ്ങാനാകില്ല' എന്ന ഭീഷണി സന്ദേശങ്ങള്‍ രാഹുലിന്റെ ക്രിമിനല്‍ സ്വഭാവത്തിന് തെളിവായി പോലീസ് നിരത്തുന്നു.
ഗര്‍ഭസ്ഥ ശിശു തന്റെ പിതൃത്വത്തിലുള്ളതല്ലെന്ന് പറഞ്ഞ് അപമാനിച്ചതായും, പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ വ്യക്തമാക്കുന്നു. പീഡനത്തിനൊപ്പം കടുത്ത സാമ്പത്തിക ചൂഷണവും രാഹുല്‍ നടത്തിയതായി തെളിവുകള്‍ പുറത്തുവന്നു. വിദേശയാത്രകള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും പാലക്കാട്ടെ ഫ്‌ലാറ്റിന്റെ അഡ്വാന്‍സ് നല്‍കാനും യുവതികളുടെ പണം ഉപയോഗിച്ചതായി ചാറ്റുകള്‍ വ്യക്തമാക്കുന്നു.




