- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യ രണ്ടു ഘട്ടങ്ങളിലും വിജയകരമായി മുന്നേറി; ഭൗമാന്തരീക്ഷം പിന്നിട്ട് കുതിക്കവെ ദൗത്യം വഴിതെറ്റി; പി.എസ്.എല്‍.വി സി-62 പരാജയത്തോടെ നഷ്ടമായതില്‍ പ്രതിരോധ നിരീക്ഷണ ഉപഗ്രഹവും; ആ 16 ഉപഗ്രഹങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ വിശ്വസ്ത സാരഥിയായ പി.എസ്.എല്‍.വിയുടെ സി-62 വിക്ഷേപണം ലക്ഷ്യത്തിലെത്തും മുമ്പ് പിഴച്ചതോടെ പി.എസ്.എല്‍.വിയിലുണ്ടായിരുന്ന ഉപഗ്രഹങ്ങള്‍ നഷ്ടമാവും. ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കാത്തതിനാല്‍, ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ഇവ കത്തിതീരും. ഐ.എസ്.ആര്‍.ഒയുടെ വിജയകരമായ ദൗത്യങ്ങള്‍ക്കാണ് തിരിച്ചടിയാകുന്നത്. 94 ശതമാനം എന്ന വിജയ ശരാശരിയുള്ള വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി തുടര്‍ച്ചയായി രണ്ടാം തവണയാണ് ലക്ഷ്യത്തിലെത്താനാവാതെ പരാജയപ്പെടുന്നത്.
ഇന്ത്യയിലെയും ആറ് വിദേശ രാജ്യങ്ങളിലേതുമായ 16 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി 62 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 10.18ന് കുതിച്ചുയര്‍ന്നത്. 2025 മേയില്‍ പി.എസ്.എല്‍.വി സി 61 വിക്ഷേപണം പരാജയപ്പെട്ട അതേ മാതൃകയില്‍ തന്നെയായിരുന്നു തിങ്കളാഴ്ചത്തെ ദൗത്യവും പാതിവഴിയില്‍ പൊലിഞ്ഞത്. ആദ്യ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട്, തിരുത്തലുകളുമായി വീണ്ടും നടത്തിയ പരീക്ഷണം പരാജയപ്പെടുന്നത് വിദേശ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഭ്രമണ പഥത്തില്‍ എത്തിക്കുകയെന്ന ഐ.എസ്.ആര്‍.ഒയുടെ ദൗത്യങ്ങള്‍ക്ക് തിരിച്ചടിയാകും.
ആദ്യ രണ്ടു ഘട്ടങ്ങളിലും വിജയകരമായി തന്നെ മുന്നേറി, ഭൗമാന്തരീക്ഷം പിന്നിട്ട് കുതിക്കവെയായിരുന്നു ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിരാശപടര്‍ത്തി ദൗത്യം വഴിതെറ്റി തുടങ്ങിയത്. വിക്ഷേപണം കഴിഞ്ഞ് നാലാം മിനിറ്റില്‍ നിര്‍ണായകമായ മൂന്നാം ഘട്ടത്തില്‍ ഖര ഇന്ധനം ഉപയോഗിച്ച് വാഹനം കുതിച്ചു തുടങ്ങിയതിനു പിന്നാലെയാണ് കര്യങ്ങള്‍ കൈവിട്ടത്. രണ്ടര മിനിറ്റിനുള്ളില്‍ റോക്കറ്റ് ഗതിതെറ്റി തുടങ്ങി. അധികം വൈകാതെ തന്നെ ദൗത്യം പരാജയപ്പെട്ടുവെന്നും വ്യക്തമായി. നാല് സ്റ്റുഡന്റ്‌സ് സാറ്റലൈറ്റുകളും, മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പേ ലോഡുകളും ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങളായിരുന്നു ദൗത്യത്തില്‍ അടങ്ങിയത്.
ദൗത്യം പരാജയമായതോടെ സി 62നൊപ്പം കുതിച്ചുയര്‍ന്ന ഉപഗ്രഹങ്ങളും നഷ്ടമായി. ഇന്ത്യന്‍ ശാസ്ത്ര ലോകവും പ്രതിരോധ വിഭാഗവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡി.ആര്‍.ഡി.ഒയുടെ അന്വേഷ (ഇ.ഒ.എസ് എന്‍ 1) ഉപഗ്രഹമായിരുന്നു ദൗത്യത്തിലെ പ്രധാനി. രാജ്യത്തിന്റെ പ്രതിരോധ നിരീക്ഷണങ്ങള്‍ക്ക് നിര്‍ണായകമായതാണ് അന്വേഷ. 505 കിലോമീറ്റര്‍ ഉയരത്തില്‍, ഭൂമിയോട് അടുത്തായി വിക്ഷേപിച്ച് അതിര്‍ത്തിയിലെയും മറ്റും കൃത്യമായ വിവരങ്ങള്‍ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ്ങിലൂടെ ശേഖരിക്കുകയായിരുന്നു അന്വേഷയുടെ ദൗത്യം. രാജ്യത്തിന്റെ കര, കടല്‍ അതിര്‍ത്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു പ്രധാന ചുമതല. പ്രതിരോധ വിഭാഗങ്ങള്‍ക്ക് മരുഭൂമിയിലും അതിര്‍ത്തി പ്രദേശത്തും ദിശ കാണിക്കാനും ഇത് ഉപകരിക്കും.
മറ്റു സഹ ഉപഗ്രഹങ്ങള്‍
MOI-1
ഇന്ത്യയുടെ ആദ്യ ബഹിരാകാശ എ.ഐ ലാബ്. ടേക്മി ടു സ്‌പേസ് ആണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എ.ഐ അധിഷ്ടിത സേവനം നല്‍കുന്ന ഉപഗ്രഹം വികസിപ്പിച്ചത്.
Aayul SAT : ഒര്‍ബിറ്റ് എയ്‌റോ സ്‌പേസ് നിര്‍മിച്ച ആയുല്‍ സാറ്റ് ബഹിരാകാശത്തുവെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച ഇന്ത്യയിലെ ആദ്യ ദൗത്യമായിരുന്നു ഇത്. പവര്‍, ഡാറ്റ ട്രാന്‍സ്ഫര്‍ ദൗത്യം.
SanskarsatW: അഹമ്മദാബാദിലെ ലക്ഷ്മണ്‍ ജ്ഞാന്‍പീഠ് സ്‌കൂള്‍ വികസിപ്പിച്ച ഉപഗ്രഹം. ആകാശത്ത് കൃത്രിമ നക്ഷത്രം എന്ന ലക്ഷ്യവുമായാണ് സാന്‍സ്‌കര്‍സാറ്റ് വികസിപ്പിച്ചത്.
THYBOLT 3: അമച്വര്‍ റേഡിയോ ശ്രൃംഖല വഴി ദുരന്ത സമയങ്ങളില്‍ ആശയ വിനിമയം സാധ്യമാക്കുന്ന ഉപഗ്രഹം. ധ്രുവ സ്‌പേസ് നിര്‍മാണം.
CGUSAT1- ധ്രുവ് സ്‌പേസും, ഭുവനേശ്വറിലെ സി.വി രാമന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം. ദുരന്ത നിവാരണ മേഖലയിലെ ദൗത്യം ലക്ഷ്യം.
LACHIT 1
ധ്രുവ് സ്‌പേസും അസമിലെ ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റിയും സംയുക്തമായ വികസിപ്പിച്ചത്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ബഹിരാകാശ ഉപഗ്രഹ ദൗത്യം.
DSAT1
ധ്രുവ് സ്‌പേസും, ബംഗളൂരുവിലെ ദയാനന്ദ സാഗര്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ചത്.
ഇതിനു പുറമെ, സ്പാനിഷ് സ്റ്റാര്‍ട്ട് അപ്പിന്റെ ഭാഗമായി ഭൗമോപരിതലത്തില്‍ നിന്നും തിരികെയെത്തുന്ന റി എന്‍ട്രി വെഹിക്കിളായ എസ്ട്രല്‍ കിഡ് (കിഡ് കാപ്‌സ്യൂള്‍), ബ്രസീലിന്റെ എജു സാറ്റ്, ഓര്‍ബിറ്റല്‍ ടെംപ്ള്‍, ഗാലക്‌സി എക്‌സ്‌പേളാറര്‍, അല്‍ഡെബറാന്‍, വായ്‌സാറ്റ്, നേപ്പാളിന്റെ മുണാള്‍, തായ്‌ലന്‍ഡ്-ബ്രിട്ടന്‍ സംയുക്ത നിര്‍മിതിയായ തിയോസ് 2, എന്നീ ചെറു ഉപഗ്രഹങ്ങളും വഹിച്ചായിരുന്നു പി.എസ്.എല്‍.വി സി 62 കുതിച്ചത്.




