- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തടവുകാര്‍ക്ക് ഇനി ലോട്ടറി! കൂലി പത്തിരട്ടി വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍; 63 രൂപ ദിവസവേതനം ഇനി 530 രൂപയാകും; സ്‌കില്‍ഡ് ജോലിക്ക് 620 രൂപ; മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്ക് വരുമാനം വര്‍ധിക്കും; ഇരകള്‍ക്കും വിഹിതം നല്‍കാന്‍ വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ കൂലി വര്‍ധിപ്പിച്ചു. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെ വര്‍ധനയാണ് വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്.
പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.
ജയില്‍ അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടി കൂടിയാണെന്നും ഉത്തരവില്‍ പറയുന്നു. വിവിധ ഉല്‍പാദന - നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
40% വരെ കൂലിവര്‍ധനയ്ക്കുള്ള ശുപാര്‍ശ ജയില്‍ വകുപ്പ് തയാറാക്കിയിരുന്നു. ആറ് വര്‍ഷത്തിനു ശേഷമാണു കൂലി വര്‍ധന നടപ്പാകുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍ കുറഞ്ഞ ദിവസക്കൂലി 63 രൂപയില്‍നിന്ന് 100 രൂപയും കൂടിയ കൂലി 168 രൂപയില്‍നിന്ന് 300 രൂപയുമാക്കാനായിരുന്നു ശുപാര്‍ശ. കാര്‍ഷിക മേഖലയില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാക്കുന്ന തുറന്ന ജയിലുകളിലെ കൂലി 230 രൂപയില്‍നിന്ന് 350 രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ടായിരുന്നു.
കഠിനതടവിനു വിധിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും, അല്ലാത്തവര്‍ താല്‍പര്യമനുസരിച്ചും ജോലിയിലേര്‍പ്പെടണം. സെന്‍ട്രല്‍ ജയിലുകളില്‍ 240 ദിവസത്തെ അപ്രന്റിസ്ഷിപ് ഉണ്ട്. 63 രൂപ കൂലി. ഇതു കഴിഞ്ഞാല്‍ 127 രൂപയോടെ ക്ലാസ് ഒന്നിലെത്തും. വിദഗ്ധ തൊഴിലാളിയെങ്കില്‍ 152 രൂപ ലഭിക്കും. മരത്തിലെ കൊത്തുപണി,തയ്യല്‍,നെയ്ത്ത് തുടങ്ങിയ അതിവിദഗ്ധ തൊഴിലിന് 168 രൂപ ലഭിക്കും. അതേസമയം, ജയിലില്‍ തടവുകാര്‍ക്കു ലഭിക്കുന്ന കൂലിയുടെ ഒരു വിഹിതം അവരുടെ കുറ്റകൃത്യത്തില്‍ ഇരകളായവര്‍ക്കു നല്‍കാന്‍ വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുന്നു. വേതനത്തില്‍നിന്നു പിടിക്കുന്ന തുക ഫണ്ടിലേക്കു മാറ്റാനും ഓരോ കേസിലെയും ഇരകളെ സാമൂഹികനീതിവകുപ്പ് വഴി കണ്ടെത്തി തുക കൈമാറാനുമാണ് ആലോചന.
കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളര്‍ത്തുന്നതിനും ഉതകുന്നതിനൊപ്പം മോചനാനന്തരമുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നതിന് ജയില്‍ അന്തേവാസികള്‍ക്ക് സഹായകമാകുന്നതാണ് വേതന പരിഷ്‌കരണമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
നിലവില്‍ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കും.




