ന്യൂഡല്‍ഹി: എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ പോക്കറ്റ് അടിച്ചുമാറ്റാന്‍ പുതിയ നീക്കം. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ എടിഎം ഇടപാടിന് ഇനി എസ്ബിഐ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവല്‍ മെഷീന്‍ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളിലാണ് വര്‍ധന വരുത്തിയത്. സേവിങ്‌സ്, സാലറി, കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതുമൂലം ചാര്‍ജുകള്‍ വര്‍ധിക്കും. 2025 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകള്‍ ഈടാക്കുക. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകള്‍ എസ്ബിഐ വര്‍ധിപ്പിച്ചത്.

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എസ്ബിഐ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്‌ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു. ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ്‌സ് പോലുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയുമാണ് ഇനി നല്‍കേണ്ടിവരിക. മുമ്പ് ഇത് 10 രൂപയും ജിഎസ്ടിയുമായിരുന്നു.

എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകള്‍ വഴി അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. എന്നാല്‍, ഇതിന് ശേഷം മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ചാല്‍ 23 രൂപയും ജി.എസ്.ടിയും നല്‍കേണ്ടി വരും. നേരത്തെ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് എ.ടി.എമ്മുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് പരിധിയുണ്ടായിരുന്നില്ല. എന്നാല്‍, ഇനി മുതല്‍ 10 ഇടപാടുകള്‍ മാത്രമേ ഇവര്‍ക്ക് സൗജന്യമായി നടത്താനാവു. പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും 23 രൂപയും ജി.എസ്.ടിയും നിരക്കായി നല്‍കണം. എന്നാല്‍, എസ്.ബി.ഐ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ഇടപാട് പോലും മറ്റ് എ.ടി.എം ഉപയോഗിച്ച് സൗജന്യമായി നടത്താനാവില്ല.

ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് എടിഎമ്മുമായി ബന്ധപ്പെട്ട സേവന നിരക്ക് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നാണ് എസ്ബിഐ വിശദീകരണം. സൗജന്യ ഇടപാട് പരിധി കഴിഞ്ഞ്, എസ്ബിഐ ഇതര എടിഎമ്മുകള്‍ ഉപയോഗിക്കുന്ന സേവിങ്‌സ്, സാലറി അക്കൗണ്ട് ഉടമകളെയാണ് ഈ മാറ്റങ്ങള്‍ പ്രധാനമായും ബാധിക്കുന്നത്. മറ്റ് വിവിധ വിഭാഗങ്ങളിലുള്ള അക്കൗണ്ടുകളെയും ഇടപാടുകളെയും ഇത് ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സൗജന്യ പ്രതിമാസ ഇടപാടുകളുടെ എണ്ണം എസ്ബിഐ കുറച്ചിട്ടില്ല. എസ്ബിഐ ഇതര എടിഎമ്മുകളില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്തുന്നത് തുടരാം. ഈ പരിധി കവിഞ്ഞാല്‍, പുതുക്കിയ നിരക്കുകള്‍ ബാധകമാകും.

ബാങ്ക് ഓഫ് ഇന്ത്യ സാലറി പാക്കേജ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 10 സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. മുമ്പ്, സാലറി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഇടപാടുകള്‍ക്ക് പരിധിയുണ്ടായിരുന്നില്ല. 10 സൗജന്യ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍, സാലറി അക്കൗണ്ട് ഉപയോക്താക്കളില്‍ നിന്ന് തുടര്‍ന്നുള്ള ഓരോ പണം പിന്‍വലിക്കലിനും 23 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയും ഈടാക്കും.

പുതിയ പരിഷ്‌കരണം ബാധിക്കാത്ത ഉപഭോക്തൃ വിഭാഗങ്ങള്‍ ഏതൊക്കെയെന്നും എസ്ബിഐ വിശദീകരിച്ചിട്ടുണ്ട്.

1. ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ നിലവിലെ നിരക്ക് നല്‍കിയാല്‍ മതിയാകും. വര്‍ധനയില്ല.

2 എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എസ്ബിഐ എടിഎം ഉപയോ?ഗത്തിനും പുതിയ നിരക്കുകള്‍ ബാധകമല്ല. നിലവിലെ നിയമങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ സൗജന്യമായി തുടരും.

3. എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ പരിധിയില്ലാതെയും സൗജന്യമായും തുടരും.

4. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) അക്കൗണ്ട് ഉടമകളും പുതിയ നിരക്ക് നല്‍കേണ്ടതില്ല.