- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്മാര്‍ട്ട്‌ഫോണുകള്‍ മ്യൂസിയത്തിലേക്ക്; പകരം സ്മാര്‍ട്ട് ഗ്ലാസുകള്‍; ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ക്ക് പകരം സ്‌പേസ് എലിവേറ്ററുകള്‍; മൃഗങ്ങളെ കൊല്ലേണ്ട, മാംസം ലാബില്‍ വളര്‍ത്താം; റോബോട്ടുകള്‍ ഇനി നിങ്ങളുടെ റൂംമേറ്റുകള്‍! 2050-ഓടെ ലോകം മാറുന്നത് ഇങ്ങനെ; പ്രവചനങ്ങളുമായി ശാസ്ത്രലോകം
2050-ഓടെ ലോകം മാറുന്നത് ഇങ്ങനെ

ശാസ്ത്രസാഹിത്യ സിനിമകളിലെ അതിശയകരമായ കാഴ്ചകള്‍ വെറും 25 വര്‍ഷത്തിനുള്ളില്‍ നമ്മുടെ സ്വീകരണമുറികളിലെ നിത്യസത്യങ്ങളായി മാറാന്‍ പോകുന്നു. പ്രമുഖ ഫ്യൂച്ചറോളജിസ്റ്റ് ടോം ചീസ് റൈറ്റും ആസ്‌ട്രോഫിസിസിസ്റ്റ് ഡോ. അലസ്റ്റര്‍ റെയ്‌നോള്‍ഡ്‌സും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 2050-ഓടെ മനുഷ്യജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്ന പത്ത് വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പകരുന്ന ഈ റിപ്പോര്‍ട്ട്, വരാനിരിക്കുന്ന കാല്‍നൂറ്റാണ്ട് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പുരോഗതിയുടെ കാലഘട്ടമായിരിക്കുമെന്ന് അടിവരയിടുന്നു.
ആരോഗ്യരംഗത്ത് വലിയ മാറ്റം
ആരോഗ്യരംഗത്തായിരിക്കും ലോകം ഏറ്റവും വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുക. അവയവ ദാനത്തിനായി ദാതാക്കളെ കാത്തിരിക്കുന്ന കാലം അവസാനിക്കുമെന്നാണ് പഠനം പറയുന്നത്. രോഗിയുടെ സ്വന്തം കോശങ്ങള്‍ ഉപയോഗിച്ച് 3D ബയോപ്രിന്ററുകളിലൂടെ ഹൃദയവും വൃക്കയും കണ്ണും വരെ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. സ്വന്തം കോശങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ശരീരം ഈ അവയവങ്ങളെ നിരസിക്കുമെന്ന ഭയവും വേണ്ട. ചികില്‍സയേക്കാള്‍ ഉപരിയായി രോഗം വരുന്നത് തടയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളിലേക്ക് വൈദ്യശാസ്ത്രം മാറുന്നതോടെ മനുഷ്യന്റെ ശരാശരി ആയുസ്സും ആരോഗ്യവും ഗണ്യമായി വര്‍ദ്ധിക്കും.
യാത്രാ സൗകര്യങ്ങളിലെ കുതിച്ചുചാട്ടം
യാത്രാ സൗകര്യങ്ങളിലും വന്‍ വിപ്ലവമാണ് കാത്തിരിക്കുന്നത്. റോക്കറ്റുകള്‍ക്ക് പകരം ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് ചരക്കുകളും യാത്രക്കാരെയും എത്തിക്കാന്‍ സഹായിക്കുന്ന 'സ്‌പേസ് എലിവേറ്ററുകള്‍' അഥവാ ബഹിരാകാശ ലിഫ്റ്റുകളുടെ നിര്‍മ്മാണം 2050-ഓടെ ആരംഭിക്കും.
മലിനീകരണം കുറഞ്ഞതും ശാന്തവുമായ ഈ യാത്രയിലൂടെ ഭൂമിയുടെ അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഭ്രമണപഥത്തില്‍ എത്താന്‍ സാധിക്കും. കൂടാതെ വീട്ടുജോലികളില്‍ സഹായിക്കാന്‍ റോബോട്ട് റൂംമേറ്റുകള്‍ ഓരോ വീട്ടിലും സാധാരണമാകും. തുണി അലക്കാനും വീട് വൃത്തിയാക്കാനും മാത്രമല്ല, ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് മികച്ച സംഭാഷണ കൂട്ടാളികളാകാനും അത്യാധുനിക AI സംവിധാനമുള്ള ഈ റോബോട്ടുകള്‍ക്ക് കഴിയും.
ഭക്ഷണ രീതിയും ഡിജിറ്റല്‍ ജീവിതവും മാറും
നമ്മുടെ ഭക്ഷണരീതിയും ഡിജിറ്റല്‍ ജീവിതവും അടിമുടി മാറും എന്നതാണ് മറ്റൊരു പ്രധാന പ്രവചനം. നിലവില്‍ നാം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ 2050-ഓടെ മ്യൂസിയങ്ങളിലെ അലങ്കാരമായി മാറും. പകരം സ്മാര്‍ട്ട് ഗ്ലാസുകള്‍ ആശയവിനിമയത്തിന്റെ പ്രധാന ഉപാധിയാകും.
വീടുകളിലെ ടിവി സ്‌ക്രീനുകള്‍ വാള്‍പേപ്പര്‍ പോലെ നേര്‍ത്തതായി മാറുകയും ചുവരുകളില്‍ പെയിന്റ് ചെയ്തതുപോലെ ദൃശ്യങ്ങള്‍ നല്‍കുകയും ചെയ്യും. മാംസാഹാരത്തിനായി മൃഗങ്ങളെ കൊല്ലുന്ന രീതി കുറയും. പകരം ലാബുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന രുചികരമായ കൃത്രിമ മാംസവും പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രാണികളെ പൊടിച്ചുണ്ടാക്കുന്ന പൗഡറുകളും നമ്മുടെ തീന്‍മേശകളിലെ പ്രധാന വിഭവങ്ങളായി മാറുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


