- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമലയില്‍ സ്വര്‍ണ്ണത്തിന് പിന്നാലെ നെയ്യും മുക്കി! ആടിയ നെയ്യ് വില്‍പ്പനയിലും വമ്പന്‍ കൊള്ള; ഭക്തര്‍ നല്കിയ 13 ലക്ഷം രൂപ അടിച്ചുമാറ്റി; സുനില്‍ കുമാര്‍ പോറ്റിക്ക് സസ്പെന്ഷന്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി. അയ്യപ്പഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വില്‍ക്കുന്ന 'ആടിയ ശിഷ്ടം നെയ്യ്' വില്‍പ്പനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മകരവിളക്ക് സീസണ്‍ തിരക്കിനിടയില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മാത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വില്‍പ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 100 മില്ലി ലിറ്റര്‍ നെയ്യ് വീതമുള്ള ഒരു പാക്കറ്റിന് 100 രൂപ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 13,67,900 രൂപയുടെ കുറവാണ് അക്കൗണ്ടില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളില്‍വെച്ച് അനധികൃതമായി നെയ്യ് വില്‍ക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ദേവസ്വം കൗണ്ടറുകള്‍ വഴി മാത്രം വില്‍പ്പന നടത്താന്‍ തീരുമാനിച്ചയിടത്താണ് ഇപ്പോള്‍ പുതിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്.
നെയ്യ് പാക്ക് ചെയ്യുന്നതിനായി പാലക്കാട്ടെ ഒരു കോണ്‍ട്രാക്ടറെയാണ് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു പാക്കറ്റ് നെയ്യ് പാക്ക് ചെയ്യുന്നതിന് 20 പൈസയാണ് കോണ്‍ട്രാക്ടര്‍ക്ക് നല്‍കുന്നത്. കോണ്‍ട്രാക്ടര്‍ പാക്ക് ചെയ്ത് കൗണ്ടറുകളില്‍ ഏല്‍പ്പിച്ച പാക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളില്‍ നിന്നുള്ള വില്‍പ്പന രേഖകളും തമ്മില്‍ പൊരുത്തമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനില്‍ കുമാര്‍ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. 68,200 രൂപ നെയ്യ് വിറ്റ പണം ഇയാള്‍ കൃത്യസമയത്ത് കൗണ്ടറില്‍ അടച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം ക്രമക്കേടുകള്‍ ബോധപൂര്‍വ്വമാണെന്നും ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നെയ്യ് തട്ടിപ്പും ചര്‍ച്ചയാകുന്നത്. വിജിലന്‍സിന്റെ പ്രത്യേക സംഘം ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. നെയ്യ് വില്‍പ്പനയിലെ പണം ബോര്‍ഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ശബരിമല പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോര്‍ട്ട് നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിള്‍ സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങിയാണ് വില്‍പനയ്ക്കായി കൗണ്ടറിലേക്ക് നല്‍കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.


