- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍, ടീച്ചിങ്, പാരാമെഡിക്‌സ്, സൈബര്‍ സെക്യൂരിറ്റി, റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്റ്, എസ്റ്റേറ്റ് ഏജന്റ്...നിര്‍മിതി ബുദ്ധി ലോകം കീഴടക്കിയാലും തൊഴില്‍ നഷ്ടപ്പെടാത്ത അപൂര്‍വ ജോലികള്‍ ഇവയൊക്കെ

തൊഴിലിടങ്ങളെ അതിവേഗം വലിയ പരിവര്‍ത്തനത്തിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ് നിര്‍മ്മിതിബുദ്ധി. നിരവധി അവസരങ്ങള്‍ ഈ സാങ്കേതിക വിദ്യ ഒരുക്കുന്നുവെങ്കിലും, അതിനെക്കാള്‍ വേഗത്തില്‍ തൊഴിലവസരങ്ങള്‍ അനവധിനഷ്ടപ്പെടുത്തുന്നുമുണ്ട്. പല മേഖലകളിലും നിര്‍മ്മിതി ബുദ്ധി ഉപയോഗിച്ചാല്‍ മാനവവിഭവശേഷിയില്‍ ആശ്രയിക്കുന്നത് കുറയ്ക്കാമെന്ന് തൊഴിലുടമകള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്‍ട്രി ലെവല്‍ ജോബുകളെയും ഗ്രാഡ്വേറ്റ് ജോബുകളെയുമാണ് എ ഐ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് എന്നാണ് തൊഴില്‍ വിപണിയില്‍ സജീവമായ വിദഗ്ധര്‍ പറയുന്നത്. ബ്രിട്ടനില്‍ 2021 ല്‍ 1,80,000 പരസ്യങ്ങളായിരുന്നു ഇത്തരത്തിലുള്ള തൊഴില്‍ അവസരങ്ങളെ കുറിച്ച് വന്നിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 50,000 ല്‍ താഴെയായി കുറഞ്ഞു എന്നാണ് ചിലര്‍ പറയുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ്, നിര്‍മ്മിതബുദ്ധി പ്രതികൂലമായി ബാധിക്കാത്ത തൊഴില്‍ മേഖലകള്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യമുയരുന്നത്. ഇതിന് ഉത്തരം കണ്ടെത്തണമെങ്കില്‍, മെഷിനുകള്‍ക്ക് എന്തൊക്കെ ചെയ്യാനാവുമെന്നും എന്തൊക്കെ ചെയ്യാന്‍ കഴിയില്ലെന്നും അറിഞ്ഞിരിക്കെണ്ടതുണ്ട്. മനുഷ്യന് സ്വന്തമായ ആന്തരാവബോധം, വൈകാരിക ബുദ്ധി, ഭൗതികമായ കുശാഗ്രബുദ്ധി, എന്നിവയ്‌ക്കൊപ്പം, യഥാര്‍ത്ഥ ജീവിതത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ് എന്നിവയൊന്നും ഇന്നത്തെ മെഷീനുകള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ, നാളെ വരുന്ന മെഷീനുകള്‍ക്കും ഇവയൊന്നും നേടാന്‍ ആയെന്ന് വരില്ല. അതുകൊണ്ടു തന്നെ ഇത്തരം ഗുണങ്ങള്‍ ഏറെ ആവശ്യമുള്ള തൊഴിലുകളില്‍ എ ഐ ഒരിക്കലും മനുഷ്യര്‍ക്ക് വെല്ലുവിളി ഉയര്‍ത്തില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതില്‍ പ്രധാനപ്പെട്ട ഒരു തൊഴിലാണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കറുടേത്. രോഗ നിര്‍ണ്ണയത്തിന്റെ കാര്യത്തിലോ ഒരുപക്ഷെ അനുയോജ്യമായ ചികിത്സ നിര്‍ദേശിക്കുന്നതിലോ ഒരുപക്ഷെ നിര്‍മ്മിതി ബുദ്ധിക്ക് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഈ രംഗത്ത്, എന്തിനുമുപരിയായി ആവശ്യമായ മനുഷ്യസ്പര്‍ശം, അത് നല്‍കാന്‍ കേവലം മനുഷ്യന് മാത്രമെ കഴിയുകയുള്ളു എന്നതാണ് വാസ്തവം. മരുന്നിനൊപ്പം, രോഗ ചികിത്സയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്‌നേഹം നിറച്ച കരുതല്‍. ആരൊക്കെയോ ഉണ്ട് എന്ന തോന്നലില്‍ നിന്നുണ്ടാകുന്ന ആത്മവിശ്വാസം പകരാന്‍ മനുഷ്യര്‍ തന്നെ വേണമെന്നതിനാല്‍ ഈ രംഗത്ത് മനുഷ്യ സാന്നിദ്ധ്യം എക്കാലവും ഒരു അത്യാവശ്യമായി തുടരും.
സാങ്കേതിക രംഗത്തെ നിരവധി തൊഴിലുകളെ എ ഐ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക നിലനില്‍ക്കുമ്പോഴും, അവിടെ എ ഐ യ്ക്ക് ഇനിയും വെല്ലുവിളിക്കാന്‍ കഴിയാത്ത ഒരു തസ്തികയാണ് സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റിന്റേത്. കേവലം അല്‍ഗൊരിതങ്ങളുടെ കളി മാത്രമല്ല ഇത് മറിച്ച്, മനുഷ്യനിര്‍മ്മിതമായ ഭീഷണികള്‍ നേരിടേണ്ടുന്ന ഒരു രംഗമാണിത്. ഇവിടെ കുറ്റവാളികളുടെ പ്രചോദനവും, ലക്ഷ്യവും, പ്രവര്‍ത്തന രീതികളുമൊക്കെ നിരന്തരം മാറിക്കൊണ്ടേയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ അവിടെ ആവശ്യമായി വരുന്നത് സാഹചര്യത്തിനൊത്ത് പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും, അതുപോലെ തന്നെ പുതിയ ആശയങ്ങളിലേക്ക് ചിന്തയെ അലയാന്‍ വിടാന്‍ തയ്യാറുള്ള ഒരു മനസ്സുമാണ്.
ഇവിടെയും നിര്‍മ്മിതിബുദ്ധിക്ക് ഏറെ പരിമിതികള്‍ ഉള്ളതിനാല്‍, ഒരു മനുഷ്യ സാന്നിദ്ധ്യം എക്കാലവും അത്യാവശ്യമായി തന്നെ തുടരും. നിര്‍മ്മിതി ബുദ്ധി കാര്യമായി ബാധിക്കാത്ത മറ്റൊരു രംഗമാണ് അധ്യാപന രംഗം. ഇപ്പോള്‍ തന്നെ എ ഐ നിര്‍മ്മിത ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നിരവധി ഉണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് തന്നെ പറയുകയാണ്, ഇത്തരം ക്ലാസ്സുകള്‍ക്ക് ഒരിക്കലും ഒരു അധ്യാപകനോ അധ്യാപികയോ ആകാന്‍ കഴിയില്ല. വ്യത്യസ്ത നൈപുണികളും, ഐ ക്യു ലെവലുകളുമൊക്കെയുള്ള വ്യത്യസ്ത വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക ആവശ്യകത അറിഞ്ഞ് അവരെ ജ്ഞാനത്തിന്റെ വഴിയിലൂടെ നയിക്കാന്‍ ഒരു മനുഷ്യന് മാത്രമെ കഴിയുകയുള്ളു. മറ്റ് പല തസ്തികകളിലും ഒഴിവുകള്‍ കുറഞ്ഞപ്പോള്‍ കഴിഞ്ഞ വര്‍ഷം, ബ്രിട്ടനില്‍ അധ്യാപകരുടെ ഒഴിവുകള്‍ 22 ശതമാനം വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്.
അപകട സന്ധികളില്‍ പറന്നെത്തി ആശ്വാസം പകരുന്ന പാരാമെഡിക്‌സ് ആണ് പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്ത തൊഴില്‍ രംഗം. ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്നായിരിക്കും പലപ്പോഴും പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടതായി വരിക. യഥാര്‍ത്ഥ സാഹചര്യങ്ങളും, സഹായ ലഭ്യതകളുമൊക്കെ വിശകലനം ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഉചിതമായ ഒരു തീരുമാനമെടുക്കാന്‍ മനുഷ്യന്‍ തന്നെ വേണം. ചിലപ്പോഴൊക്കെ ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ എന്നൊക്കെ പറയുന്നത് പോലെ ഉണ്ടാകാറുള്ള ചില ഉള്‍വിളികളും ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. നിര്‍മ്മിതി ബുദ്ധി ഇതുവരെ നേടാത്തതും, ഇനിയൊരിക്കലും നേടാന്‍ സാധ്യതയില്ലാത്തതുമാണ് ഈ ഉള്‍വിളി.
റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ്, റെഡിഡന്‍ഷ്യല്‍ സര്‍വേയര്‍, ട്രേഡ്‌സ്‌പേഴ്‌സണ്‍, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ചൈല്‍ഡ് മെന്‍ഡര്‍ എന്ന് തുടങ്ങി മറ്റു ചില മേഖലകളിലും എ ഐ യ്ക്ക് കൈവയ്ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്.


