- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുകെയിലെ സിഖ് നേതാവിന് തീവ്ര ഹിന്ദുത്വ വാദികളുടെ ഭീഷണിയെന്ന് പോലീസ്; ഹീത്രൂവിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ഒരാളെ പാര്‍പ്പിക്കാന്‍ ഒരു ലക്ഷം പൗണ്ട് ചെലവ്; ഇമിഗ്രേഷന്‍ റെയ്ഡ് തുടരുന്നു; യുകെയില്‍ വിസയില്ലാതെ പണിയെടുക്കുന്ന അനേകര്‍ അറസ്റ്റിലാവുന്നു

ലണ്ടന്‍: യു കെയിലെ ഉന്നതനായ സിഖ് നേതാവിനോട് സ്വന്തം വീട്ടില്‍ സെക്യൂരിറ്റി ക്യാമറകള്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പോലീസ്. മാത്രമല്ല, സെക്യൂരിറ്റി ലോക്കുകള്‍ പിടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഹിന്ദു തീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ടെന്നാണ് കാരണമായി പോലീസ് പറയുന്നത്. പരംജീത്സിംഗ് പമ്മ എന്ന 52 കാരനാണ് പോലീസ് നേരിട്ടെത്തി ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചില ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ നിര്‍ദ്ദേശമെന്നും പോലീസ് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് ആരോപിച്ച പമ്മ, ഇന്ത്യയില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം മടിക്കുകയാണെന്നും ആരോപിക്കുന്നു. എന്നാല്‍, ഇതിനെ കുറിച്ച് ഇന്ത്യന്‍ എംബസി പ്രതികരിച്ചിട്ടില്ല. ഖാലിസ്ഥാന്‍ വാദികളില്‍ പ്രമുഖനാണ് പമ്മ. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് കൂടിയാണ് ഇയാള്‍.
അതേസമയം, ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വിമതരെ ഉന്നം വച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിവരുന്ന നീക്കങ്ങള്‍ ശക്തമാകുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം ഐ 5 റിപ്പോര്‍ട്ട് ചെയ്തതായി ഗാര്‍ഡിയന്‍ ദിനപ്പത്രം എഴുതുന്നു. 2022 ന് ശേഷം ഇക്കാര്യത്തില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് പമ്മയുടെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഹീത്രൂവിലെ ഇമ്മിഗ്രെഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ഒരാളെ പാര്‍പ്പിക്കാന്‍ ഒരു ലക്ഷം പൗണ്ട് ചെലവ്
ഹീത്രൂവിനടുത്തുള്ള ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട കരാറിനെ പിന്തുണച്ചുകൊണ്ട് ഒരു മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കരാര്‍ അനുസരിച്ച്, ഇവിടെ ഒരാളെ താമസിപ്പിക്കാന്‍ പ്രതിവര്‍ഷം 1 ലക്ഷം പൗണ്ടാണ് സര്‍ക്കാരിന് ചെലവ് വരുന്നത്. അത്തരമൊരു കേന്ദ്രം സുരക്ഷിതവും, മാനവിക സ്പര്‍ശമുള്ളതും, അന്തസ്സുള്ളതുമായിരിക്കണം എന്നാണ് ഈ ചെലവിനെ ന്യായീകരിച്ചുകൊണ്ട് ഹോം ഓഫീസ് മന്ത്രി അലക്‌സ് നോറിസ് പറഞ്ഞത്.
മാത്രമല്ല, ബ്രിട്ടീഷ് അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതില്‍ ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് അവ വഹിക്കുന്നത്. ലണ്ടനിലെയും മറ്റ് നഗരങ്ങളിലെയും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഡിറ്റന്‍ഷന്‍ സെന്ററുകളുടെ ആവശ്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിസയില്ലാതെ പണിയെടുക്കുന്ന അനേകര്‍ അറസ്റ്റിലാവുന്നു
അതിനിടെ, അനധികൃതമായി യു കെയില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ, വര്‍ക്കിംഗ് വിസ ഇല്ലാതെ ജോലി ചെയ്യുന്ന കൂടുതല്‍ പേര്‍ ഓരോ ദിവസവും അറസ്റ്റിലാകുന്നതായി റിപ്പോര്‍ട്ട്. നെയില്‍ ബാറുകള്‍, കാര്‍ വാഷ്, ബാര്‍ബര്‍ ഷോപ്പ്, ടേക്ക് എവേകള്‍ എന്നിവിടങ്ങളിലെ റെയ്ഡുകള്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം 77 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
അതേസമയം, യു കെ യില്‍ അനധികൃതമായി ജോലി ചെയ്യാനുള്ള സൗകര്യമാണ് കൂടുതല്‍ വിദേശികളെ ചാനല്‍ കടന്ന് യു കെയില്‍ എത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. 2025 ല്‍ 41,000 ല്‍ അധികം പേരാണ് അപകടകരമായ രീതിയില്‍ ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയത്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. അതിനോടൊപ്പം, തൊട്ട് മുന്‍പത്തെ വര്‍ഷം പിടിയിലായതിനേക്കാള്‍ 5000 പേര്‍ 2025 ല്‍ കൂടുതലായി പിടിയിലാവുകയും ചെയ്തിട്ടുണ്ട്.


