തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലും പരോക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സുരേഷ് ഗോപി എംപിയും. പ്രസംഗത്തിലുടനീളം ബിജെപിയെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഇതിന് സുരേഷ് ഗോപിയും മറുപടി നല്‍കുകയായിരുന്നു.

മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയര്‍ത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്മസ് കരോളിനെതിരായ ആക്രമണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജാനകിയെന്ന് പേരിടാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചിട്ടും സംസ്ഥാനം ഒരുകുറവും കുട്ടികള്‍ക്ക് വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി വിമര്‍ശനങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയില്ല. അന്തസ്സ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. ഇത് കുട്ടികളുടെ വേദിയാണെന്നും, എല്ലാത്തിനും കൃത്യമായ മറുപടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ''മുഖ്യമന്ത്രി പറഞ്ഞതു പോലെ വിജയം ആരുടെയും പരാജയത്തിനുമേല്‍ അല്ലെന്ന് എന്ന് തിരിച്ചറിയണം. സമ്മാനം ലഭിക്കാത്തതിന്റെ പേരില്‍ കണ്ണീരൊഴുക്കരുത്. രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ക്ക് ഇവിടെ വച്ച് മറുപടി നല്‍കുന്നില്ല. അതിനൊക്കെ വ്യക്തമായ ജനങ്ങള്‍ക്ക് അറിയാവുന്ന മറുപടിയുണ്ട്'', സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് മുതല്‍ 18-ാം തീയതി വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ താമരയുടെ പേര് ഒഴിവാക്കിയത് നേരത്തേ വിവാദമായിരുന്നു. രാഷ്ട്രീയമാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതോടെ വേദി 15ന് താമര എന്ന് പേരിട്ടു. മന്ത്രി വി ശിവന്‍കുട്ടിയാണ് പേര് മാറ്റിയ കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. 25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. 250 ഇനങ്ങളില്‍ അഞ്ചുദിവസം നടക്കുന്ന മത്സരങ്ങളുടെ പ്രധാന വേദി തേക്കിന്‍കാട് മൈതാനിയിലെ 'സൂര്യകാന്തി' യാണ്. ജനുവരി 18നു കലോത്സവം സമാപിക്കും.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത് താമര നല്‍കിയായിരുന്നു. ഇക്കുറി വിവിധ പൂക്കളുടെ പേരാണ് വേദികള്‍ക്കു നല്‍കിയിട്ടുള്ളത്. ഇതില്‍ താമരയുടെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. താമരയുടെ പേര് മാറ്റി ഡാലിയ എന്ന പേര് നല്‍കിയതാണ് വിവാദമായത്. ബിജെപി യുവജനസംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ താമരയുടെ പേരുതന്നെ വേദിക്കു നല്‍കാന്‍ തീരുമാനിച്ചു.