ബാങ്കോക്ക്: നിര്‍മാണപ്രവൃത്തിയുടെ ഭാഗമായുള്ള ക്രെയിന്‍ ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് വീണ് പാളംതെറ്റി തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 28 മരണം. പ്രദേശിക സമയം രണ്ട് മണിക്കായിരുന്നു അപകടം. തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായുള്ള സിഖിഹോ ജില്ലയിലെ നഖോന്‍ രചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്. 195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 80 പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബാങ്കോക്കില്‍ നിന്ന് ഉബോണ്‍ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

നഖോണ്‍ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തവേ ക്രെയിന്‍ ട്രെയിനിനു മുകളിലേക്ക് വീഴുകയായിരുന്നു. തായ്ലന്‍ഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിക്കായാണ് ക്രെയിന്‍ സ്ഥാപിച്ചിരുന്നത്. അപകടത്തില്‍ ട്രെയിനിന്റെ ചില കോച്ചുകള്‍ പാളം തെറ്റുകയും മറ്റൊരു കോച്ചിന് തീപിടിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിനു കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് തായ്ലന്‍ഡ് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് ഹൈ-സ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ നടന്നുവരികയായിരുന്നു. തൂണുകള്‍ നിര്‍മിച്ചാണ് പുതിയ ഹൈ-സ്പീഡ് റെയില്‍ നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണപ്രവൃത്തിക്കായി ഉപയോഗിച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് വീണത്. പിന്നാലെ ട്രെയിന്‍ പാളംതെറ്റുകയും ട്രെയിനിന് തീപ്പിടിക്കുകയുമായിരുന്നു.

കോച്ചുകളില്‍ ആളിപ്പടര്‍ന്ന തീ വളരെവേഗം അണയ്ക്കാനായെങ്കിലും യാത്രക്കാരില്‍ പലരും അകത്ത് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് കുടുങ്ങികിടന്ന പലരെയും പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട ട്രെയിനില്‍ 195-ഓളം യാത്രക്കാരുണ്ടായിരുന്നതായി തായ്ലാന്‍ഡ് ഗതാഗത മന്ത്രി ഫിപാത് രചകിത്പ്രാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.